ക്രോട്ട് വീര്യമോ സാമ്പാ താളമോ; ബ്രസീലും ക്രൊയേഷ്യയും നേർക്കുനേർ

Nihal Basheer

Picsart 22 12 09 00 30 36 824
Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് അരങ്ങുണരുമ്പോൾ ആദ്യ പോരാട്ടത്തിൽ നിലവിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും മുൻ ജേതാക്കൾ ആയ ബ്രസീലും ഏറ്റുമുട്ടുന്നു. പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ടൂർണമെന്റിൽ ഇതുവരെ ക്രൊയേഷ്യക്ക് സാധിച്ചിട്ടില്ലെങ്കിലും, നിർണായക മത്സരങ്ങളിൽ വിജയം കാണാൻ കഴിയുന്ന ടീമാണ് ക്രോട്ടുകൾ എന്നതാണ് അവരെ അപകടകാരികൾ ആക്കുന്നത്. ബ്രസീൽ ആവട്ടെ, നെയ്മറുടെ സാന്നിധ്യത്തിൽ മറ്റൊരു തലത്തിലേക്ക് ഉയർന്നതും കൂടാതെ ടീം മുഴുവൻ ഫോമിൽ ആയതിന്റെ ആത്മവിശ്വാസത്തിലും ആണ് കളത്തിൽ ഇറങ്ങുന്നത്.

Picsart 22 12 05 23 02 01 767

ഇതിന് മുൻപ് 2018ൽ സൗഹൃദ മത്സരത്തിലും 2014 ലോകകപ്പിലും ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ബ്രസീലിനായിരുന്നു ജയം. മാത്രവുമല്ല ആകെ നാല് തവണ ഏറ്റു മുട്ടിയപ്പോൾ മൂന്ന് തവണ ബ്രസീൽ വിജയിച്ചു ഒരു തവണ സമനിലയും.

ഗ്രൂപ്പ് എഫിൽ നിന്നും രണ്ടാം സ്ഥാനക്കാരായി എത്തി ജപ്പാനെയും വീഴ്ത്തിയാണ് ക്രൊയേഷ്യ വരുന്നത്. ഗ്രൂപ്പിൽ ഒരു വിജയവും രണ്ടു സമനിലയും ആയിരുന്നു ഫലം. ജർമനിയേയും സ്പെയിനിനേയും വീഴ്ത്തി എത്തിയ ജപ്പാനെ പെനാൽറ്റിയിൽ മലർത്തിയടിക്കാൻ അവർക്കായി. കീപ്പർ ലിവാകൊവിച്ചിന്റെ ഫോം ടീമിന് പ്രതീക്ഷയാണ്. ബ്രോൻസോവിച്ചും മോഡ്രിച്ചും കോവാസിച്ചും ചേർന്ന മധ്യനിരയാണ് ടീമിന്റെ ശക്തി. ഏത് പ്രതിരോധവും തന്റെ സ്വതസിദ്ധമായ പാസിങ്ങിലൂടെ ഞൊടിയിടയിൽ പിളർത്താൻ പോന്ന മോഡ്രിച്ചിലേക്ക് തന്നെ ആണ് ക്രൊയേഷ്യ നിർണായക മത്സരത്തിലും ഉറ്റു നോക്കുന്നത്. ഇത് ജപ്പാനെതിരായ മത്സരത്തിൽ പലവട്ടം കണ്ടെങ്കിലും മുന്നേറ്റ നിരക്ക് കാര്യമായ മൂർച്ച പോരാത്തത് അവർക്ക് തിരിച്ചടി ആയേക്കും. പ്രതിരോധത്തിൽ വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളി ആയ ഗ്വാർഡിയോൾ മികച്ച ഫോമിലാണ് കളിക്കുന്നത്. വമ്പൻ താരങ്ങൾ നിറഞ്ഞ ബ്രസീൽ ആക്രമണത്തെ പിടിച്ചു കെട്ടാൻ താരത്തിന്റെ പ്രകടനവും നിർണായകമാവും.

Picsart 22 12 06 01 14 31 740

നെയ്മർ വന്ന ശേഷം പുതു ഊർജം കൈവരിച്ചിരിക്കുകയാണ് ബ്രസീൽ. രണ്ടു ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമായ നെയ്മർ ആവട്ടെ പ്രീ ക്വർട്ടറിൽ സൗത്ത് കൊറിയക്കെതിരെ കളം നിറഞ്ഞു കളിച്ച് തന്റെ തിരിച്ചുവരവ് ആഘോഷിച്ചു. മഞ്ഞപ്പടയുടെ എല്ലാ ഡിപ്പാർട്ട്‌മെന്റും ഫോമിലാണ്. ഗോളടി തുടരുന്ന റിച്ചാർലിസന് കൂട്ടായി വിങ്ങുകളിൽ വിനിഷ്യസും റാഫിഞ്ഞയും ചേരുന്നു. പക്വിറ്റയും ഗോൾ കണ്ടെത്തി.

പ്രതിരോധ നിരയും മികച്ച ഫോമിലാണ്. പരിക്ക് മാറി അലക്‌സ് സാൻഡ്രോ എത്തുന്നത് ടീമിന് കൂടുതൽ കരുത്തു പകരും. പരിക്കേറ്റിരുന്ന താരം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ആദ്യ ഇലവനിൽ എത്തിയെക്കുമോ എന്ന കാര്യത്തിൽ ടിറ്റെ ഉറപ്പൊന്നും നൽകിയില്ല. ക്രൊയേഷ്യയുടെ എഞ്ചിനായ മോഡ്രിച്ചിനെ വർഷങ്ങളായി അറിയുന്ന കസേമിറോയും എഡർ മിലിട്ടാവോയും കൂടെ ഉള്ളത് ടിറ്റെക്ക് കാര്യങ്ങൾ എളുപ്പമാക്കും.

ഇന്ത്യൻ സമയം വെള്ളിയാഴ്ച വൈകീട്ട് 8.30ന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക.