ദൈവത്തിന്റെ ഓർമയ്ക്ക് രണ്ടാണ്ട്; ലോകം കീഴടക്കാൻ ആകുമോ ദൈവപുത്രന്..?? ജീവൻമരണ പോരാട്ടത്തിന് അർജന്റീന

Nihal Basheer

Picsart 22 11 26 00 59 56 272
Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ദൈവം മറഡോണയുടെ ഓർമകൾക്ക് രണ്ടു വർഷം തികയുകയാണ്. റേഡിയോയിലൂടെ മത്സരം കേട്ടവരെ പോലും തന്റെ അനുയായികൾ ആക്കി മാറ്റിയ ഇതിഹാസത്തിന്റെ വിടവാങ്ങൽ തീർത്ത നൊമ്പരത്തിന് രണ്ടാണ്ട് പൂർത്തിയാവുമ്പോൾ വലിയൊരു പ്രതിസന്ധിയുടെ കടന്ന് പോവുകയാണ് ജന്മനാടായ അർജന്റീന.

മറഡോണ ദൈവമെങ്കിൽ ദൈവപുത്രനായി രാജ്യം കൊണ്ടാടിയ “മിശിഹ” ലയണൽ മെസ്സിക്ക് ഒരുപക്ഷെ തന്റെ കരിയറിൽ അർജന്റീനക്കൊപ്പം ആദ്യമായി ലോകം കീഴടക്കാനുള്ള അവസാന അവസരമാണ് ഇത്തവണ. പക്ഷെ കാര്യങ്ങൾ ഒട്ടും അനുകൂലമല്ലെന്നത് ആരാധകരെ തെല്ലൊന്നുമല്ല ബേജാറാക്കുന്നത്. സൗദിയോടുള്ള മത്സരത്തിലെ രണ്ടാം പകുതിയിൽ തീർത്തും നിരായുദ്ധരായി തീർന്ന ടീമിന് മെക്സികോക്കെതിരെ ജീവൻ മരണ പോരാട്ടം പുറത്തെടുത്തേ തീരൂ.

Picsart 22 11 22 21 23 59 181

ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരക്ക് ലുസൈൽ സ്റ്റേഡിയത്തിൽ പന്തുരുണ്ടു തുടങ്ങുമ്പോൾ മികച്ച വിജയത്തിൽ കുറഞ്ഞതൊന്നും ടീമും ആരാധകരും ആഗ്രഹിക്കുന്നില്ല. തകർന്ന ആത്മവിശ്വാസം തിരിച്ചു പിടിക്കാനും ടീമിന് അത്യാവശ്യമാണ്.

തോൽവി നേരിട്ടെങ്കിലും ഗ്രൂപ്പിലെ നിലവിലെ സ്ഥിതി അർജന്റീനക്ക് അനുകൂലം തന്നെയാണ്. പോളണ്ടും മെക്സിക്കോയും സമനിലയിൽ പിരിഞ്ഞതാണ് നീലപ്പടക്ക് ചെറിയ ആശ്വാസം നൽകുന്നത്. ആദ്യ മത്സരത്തിലെ പ്രകടനം സൗദി ആവർത്തിച്ചാൽ പോളണ്ടിന് വലിയ തലവേദന ആവും. എങ്കിൽ മെക്സിക്കോകെതിരേയും പോളണ്ടിനെതിരെയും വിജയം നേടി അടുത്ത ഘട്ടത്തിലേക്ക് കടക്കാനും അർജന്റീനക്കാവും.

Picsart 22 11 22 19 19 31 378

എന്നാൽ ഇതിന് ആദ്യ മത്സരത്തിലെ പിഴവുകൾ എല്ലാം തീർക്കാൻ താരങ്ങളും കോച്ച് സ്കലോണിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. തികച്ചും തുടക്കകാരെ പോലെ സൗദിയുടെ ഓഫ്‌സൈഡ് കെണിയിൽ പെട്ടത് എത്ര ലാഘവത്തോടെയാണ് എതിരാളികളെ ടീം നോക്കിക്കണ്ടത് എന്നതിനുള്ള ഉദാഹരണമാണ്. ലോക വേദികളിൽ യാതൊരു വിട്ടുവീഴ്ചക്കും സ്ഥാനമില്ലെന്ന് ടീം തിരിച്ചറിയണം. അതിദയനീയമായിരുന്ന വിങ്ങുകളിലൂടെ ഉള്ള നീക്കങ്ങൾ ചടുലമാക്കാനും പ്രതിരോധത്തിലെ പിഴവുകൾ മറികടക്കാനും ടീമിൽ സ്‌കലോണി മാറ്റങ്ങൾ കൊണ്ടു വന്നേക്കും. ലിസാൻഡ്രോ മാർട്ടിനസിന്റെ വരവ് ഡിഫെൻസിന് കൂടുതൽ ബലം നൽകും. നിർണായക ഘട്ടത്തിൽ മെസ്സിയുടെ പ്രകടനം തന്നെയാണ് ഏവരും ഉറ്റു നോക്കുന്നത്.

20221126 005520

മറുവശത്ത് പോളണ്ടിനെ സമനിലയിൽ തളച്ച ആവേശത്തിലാണ് മെക്സിക്കോ എത്തുന്നത്. പ്രതീക്ഷിച്ച പോലെ ഒച്ചോവ പോസ്റ്റിന് കീഴിൽ മായാജാലം തീർത്തു തുടങ്ങിയിട്ടുണ്ട്. കോച്ച് ജരാർഡോ “ടാറ്റ” മാർട്ടിനോ ആവട്ടെ അർജന്റീന ടീമിനെ ഉള്ളം കൈ പോലെ അറിയാവുന്ന ആളാണ്. രണ്ടു തവണ കോപ്പ അമേരിക്ക ഫൈനലിലേക്ക് അർജന്റീനയെ നയിച്ച പാരമ്പര്യവും അദ്ദേഹത്തിനുണ്ട്. ഇത്തവണ മെക്സിക്കോയുമായി സ്വന്തം നാടിനെ നേരിടുമ്പോൾ, പ്രയോഗിക്കേണ്ട തന്ത്രങ്ങൾ എന്തൊക്കെയെന്ന് തേടാൻ അധികം തലപ്പുകക്കെണ്ട ആവശ്യവും അദ്ദേഹത്തിനുണ്ടാവില്ല. പോളണ്ടിനെതിരെ പകരക്കാരനായി എത്തിയ റൗൾ ഹിമിനസ് ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയേക്കും.