2022 വേൾഡ് കപ്പും, കേരളത്തിൽ ഉയരുന്ന ഖത്തർ ഫ്ലെക്സുകളും | Report

2022 വേൾഡ് കപ്പും, കേരളത്തിൽ ഉയരുന്ന ഖത്തർ ഫ്ലെക്സുകളും

 

2022 ഖത്തർ ഫിഫ വേൾഡ് കപ്പിന് ഇനി കഷ്ടിച്ച് മൂന്ന് മാസം മാത്രം. കിക്കോഫ് ഒരു ദിവസം നേരത്തെ ആക്കി എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഫിഫയുടെ അറിയിപ്പ് വന്നിരിന്നു. നവംബർ 20ന് ഖത്തർ-ഇക്വഡോർ കളിയാകും ഈ വേൾഡ് കപ്പിലെ ആദ്യത്തേത്.

ആതിഥേയരായിട്ടാണ് ഖത്തർ വേൾഡ് കപ്പിലേക്ക് എത്തുന്നതെങ്കിലും, ഏഷ്യയിലെ വളർന്ന് വരുന്ന ഫുട്ബോൾ ശക്തി എന്ന നിലക്ക് ചെറുതായി കണ്ടു കൂട. 2019ലെ ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ഖത്തർ സ്പാനിഷ് കോച്ചായ ഫെലിക്‌സ് സാഞ്ചെസിന് കീഴിലാണ് പരിശീലനം നടത്തുന്നത്.

ബാഴ്സലോണ യൂത്ത് ടീമിന്റെ കോച്ചായിരുന്ന സാഞ്ചെസ്, 2006ലാണ് ഖത്തറിൽ എത്തുന്നത്. ഖത്തർ യൂത്ത് ടീമിന്റെയും, U 19, U23 ടീമിന്റെയും കോച്ചായി പ്രവർത്തിച്ച സാഞ്ചെസ് 2017 മുതൽ ഖത്തർ ടീമിന്റെ കോച്ചാണ്. ഒരു നാഷണൽ ടീമിനെ വാർത്തെടുക്കാൻ ഇത്രയധികം നാൾ തലപ്പത്തിരുന്ന മറ്റൊരു കോച്ചിനെ കാണാൻ കഴിയില്ല. അതായത്, ഇന്ന് ടീമിൽ ഉള്ള പലരേയും ചെറുപ്പം മുതൽ കോച്ച് ചെയ്തു വളർത്തിയെടുക്കുന്നതിൽ സാഞ്ചെസ് വഹിച്ച പങ്ക് വളരെ വലുതാണ്.

20220818 095349

1970ൽ ഫിഫയിൽ ചേർന്ന ഖത്തർ, ആദ്യ കാലഘട്ടത്തിൽ ഒരു ഫുട്ബാൾ ടീം എന്ന നിലയിൽ വളരെ മോശമായിരുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് അന്താരാഷ്ട്ര വേദികളിൽ, അത് അറബ് ഏഷ്യൻ തലത്തിൽ ആണെങ്കിൽ പോലും, ഖത്തർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പക്ഷെ ഇതിനൊരു മറുവശം കൂടിയുണ്ടായിരിന്നു. ഫിഫ പല തവണ ഖത്തറിന്റെ നടപടികളെ ഈ കാലത്ത് ചോദ്യം ചെയ്തിട്ടുണ്ട്.

നാഷണൽ ടീമിൽ രാജ്യത്തിന് പുറത്ത് നിന്നുള്ളവരെ പൗരത്വം കൊടുത്ത് ചേർത്തതാണ് പ്രശ്നമായത്. ലോക കായിക ചരിത്രത്തിൽ ഇത് ആദ്യമായിട്ടൊന്നുമല്ല. പക്ഷെ സമ്പന്ന രാജ്യങ്ങൾ ആഫ്രിക്കൻ കളിക്കാരെ വിലക്ക് വാങ്ങുന്നു എന്ന തരത്തിലായി ആരോപണങ്ങൾ. ഈ തർക്കങ്ങൾക്ക് തുടക്കം കുറിക്കാനുള്ള പ്രധാന കാരണം 2004ൽ 3 ബ്രസീലിയൻ കളിക്കാരെ ഖത്തർ ഏറ്റെടുക്കാൻ താൽപ്പര്യം കാണിച്ചതാണ്.

ഖത്തർ

രാജ്യം മാറി കളിക്കാനുള്ള നടപടികൾ ഫിഫ കർശനമാക്കിയത് ഇതിന് ശേഷമാണ്. ഒരു സമയം പൗരത്വം മാറി വന്ന 6 കളിക്കാർ ഖത്തർ ടീമിൽ ഉണ്ടായിരുന്നു. ഖത്തർ പ്രാദേശിക ലീഗിലും വിദേശ താരങ്ങൾ കളിക്കുന്നുണ്ട്.

ഇതിന് ശേഷം രാജ്യത്ത് ഫുട്ബോൾ വളർത്താൻ ഖത്തർ ആസ്പയർ അക്കാദമി സ്ഥാപിച്ചു. കായിക രംഗത്തു മികവ് തെളിയിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള സ്‌കൂൾ ആണിത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും കുട്ടികൾ ഇവിടെത്തി, കൂട്ടത്തിൽ ഖത്തർ കുട്ടികളും.

ഇത് അത്ലറ്റിക്സിലും ഖത്തറിന് ഗുണം ചെയ്തു. രാജ്യത്തിന് ഒളിമ്പിക് ഗോൾഡ്‌ മെഡൽ നേടി കൊടുത്ത മുർത്താസ് ബർഷിം ആസ്പയർ അക്കാദമി പ്രോഡക്ട് ആണ്. ഇതിനെതിരെയും പ്രതിഷേധം ഉയർന്നു. പാവപ്പെട്ട ആഫ്രിക്കൻ രാജ്യങ്ങളെ ഖത്തർ ചൂഷണം ചെയ്യുന്നു എന്നായിരുന്നു ഇവിടെയും പരാതി.

ഇന്ന് ഖത്തർ ടീമിൽ പൗരത്വം മാറിയ രണ്ട് പേർ മാത്രമാണ് കളിക്കുന്നത്. ഇവർക്കെതിരെ ഏഷ്യ കപ്പ് സമയത്തു യുഎഇ പരാതി കൊടുത്തെങ്കിലും എഎഫ്സി അത് തള്ളിക്കളഞ്ഞിരിന്നു.

ഖത്തർ, വേൾഡ് കപ്പിൽ കളിക്കാൻ ഇറങ്ങുന്നത് നെതർലൻഡ്‌സ്‌, ഇക്വഡോർ, സെനഗൽ എന്നീ ടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണ്. കടുകട്ടി ഗ്രൂപ്പാണ് എന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും വലിയ അവകാശവാദങ്ങൾ ഇല്ലാതെ, ഗ്രൂപ്പ്‌ മത്സരങ്ങൾ കടക്കാൻ ഉറച്ചാണ് സാഞ്ചെസും കുട്ടികളും എത്തുന്നത്. അങ്ങനെ നടന്നാൽ തന്നെ ഖത്തറിനെ സംബന്ധിച്ചു അത് ചരിത്ര സംഭവമാകും.

163 കളികളുടെ പരിചയ സമ്പത്തുള്ള ക്യാപ്റ്റൻ ഹസ്സൻ അൽ ഹയദോസ് നയിക്കുന്ന ഈ ടീമിന് അത്ഭുതങ്ങൾ കാണിക്കാൻ സാധിക്കട്ടെ എന്ന് കരുതാം.

20220818 095509

വേൾഡ് കപ്പ് കാലത്ത് ഫ്ലെക്സുകൾ കൊണ്ട് നിറയാറുള്ള കേരളത്തിലെ ഗ്രാമവീഥികളിൽ ഇത്തവണ ഒരു പുതിയ ഫാൻ ഗ്രൂപ്പ് ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട. അർജന്റീന, ബ്രസിൽ, ജർമനി, ഫ്രാൻസ്, പോർച്ചുഗൽ എന്നിവയ്ക്കൊപ്പം ഖത്തറിന്റെ ഫ്ലെക്സുകളും ഉണ്ടാകും.

ഖത്തർ രാജ്യത്ത് ജോലി ചെയ്യുന്ന നാലര ലക്ഷത്തോളം മലയാളികൾക്ക് അതിൽ വലിയ പങ്കുണ്ടാകും. ഈ ഫ്ലെക്സുകൾ കേരളത്തിൽ ഉയർന്ന് നിൽക്കുന്നതിന്റെ ചിത്രങ്ങൾ അങ്ങു ദോഹയിൽ വയറലാകും എന്നും ഉറപ്പാണ്. അങ്ങനെ, 60 വർഷം മുമ്പ് തുടങ്ങിയ മലയാളി-ഖത്തരി ബന്ധം കൂടുതൽ ഊഷ്മളമാകാൻ ഈ ഫുട്ബോൾ വേൾഡ് കപ്പ് കാരണമാകട്ടെ എന്നു പ്രത്യാശിക്കാം.

പി എസ് ജി താരങ്ങൾ ഇനി കൊക്കോ കോളയും ഐസ് ടീയും കുടിക്കരുത് | Report