അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് ദീർഘകാലപരിഹാരം അല്ല ~ ഫിഫ പ്രസിഡന്റ്

- Advertisement -

കൊറോണ വൈറസ് ഭീഷണി ഫുട്‌ബോൾ ലോകത്തെ ഉലക്കുമ്പോൾ പ്രതികരണവും ആയി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻന്റിനോ. അടച്ചിട്ട സ്റ്റേഡിയത്തിൽ കളിക്കുന്നത് ചെറിയ കാലത്തേക്ക് മാത്രമുള്ള പരിഹാരമെ ആവുന്നുള്ളൂ എന്നാണ് ഫിഫ പ്രസിഡന്റ് പ്രതികരിച്ചത്. ഇറ്റാലിയൻ സീരി എയിൽ കഴിഞ്ഞ രണ്ട് ആഴ്ചയും നിരവധി മത്സരങ്ങൾ മാറ്റി വക്കുകയും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കളിക്കുകയും ചെയ്തിരുന്നു. നാളെ നടക്കാനിരിക്കുന്ന ഇന്റർ മിലാൻ യുവന്റസ് മത്സരത്തിൽ ആവട്ടെ നിരവധി മുന്നൊരുക്കങ്ങളും അധികൃതർ സ്വീകരിക്കുന്നുണ്ട്.

അതേസമയം ഇംഗ്ലണ്ടിൽ അടക്കം വൈറസ് നിയന്ത്രണവിധേയം ആവുന്നില്ല എങ്കിൽ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കും എന്ന സ്ഥിരീകരിക്കാത്ത വാർത്തകളും അതിനിടയിൽ പുറത്ത് വന്നിരുന്നു. ഇതിനകം തന്നെ 1,000 ത്തിലധികം പേർക്ക് ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ചു എന്നാണ് വാർത്ത. യുവന്റസ് മൂന്നാം ഡിവിഷൻ ക്ലബിനെതിരെ കളിച്ച ടീമിൽ മൂന്ന് പേർക്ക് വൈറസ് ബാധ ആയതിനാൽ യുവന്റസ് പരിശീലനം മാറ്റി വച്ചതും രണ്ട് മൂന്ന് ദിവസം മുമ്പായിരുന്നു. എന്നാൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നത് ഒരു പരിഹാരം ആയോ കൊറോണക്ക് എതിരായ മികച്ച പ്രതിരോധം ആയോ കാണുന്നില്ല എന്നു പറഞ്ഞ ഫിഫ പ്രസിഡന്റ് വരുന്ന യൂറോ കപ്പിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം എന്ന സൂചനയും നൽകി.

തങ്ങൾ എല്ലാ വശവും പരിശോധിക്കും എന്നു വ്യക്തമാക്കിയ അദ്ദേഹം എന്നാൽ യൂറോ കപ്പ് ഉപേക്ഷിക്കുന്നത് പോലുള്ള കടുത്ത തീരുമാനങ്ങൾ ഉണ്ടാവില്ല എന്നും പ്രതീക്ഷിച്ചു. കൂടാതെ ഇപ്പോൾ തന്നെ എടുത്തു ചാടി പ്രവർത്തിക്കേണ്ട ആവശ്യം ഫിഫക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സ്വിസ് ലീഗ് മാർച്ച് പകുതി വരെ നിർത്തി വച്ചപ്പോൾ പല ഫുട്‌ബോൾ ലീഗുകളിലും ഷേക്ക് ഹാന്റ് അടക്കമുള്ള കാര്യങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ട്. എന്നാൽ കൊറോണ വൈറസ് ഭീഷണി ഫുട്‌ബോൾ ലീഗുകൾ നിർത്തി വക്കുന്ന വിധം വളരുമോ എന്ന ആശങ്ക ലോകത്തെ എല്ലാ ഫുട്‌ബോൾ ആരാധകരും പങ്ക് വക്കുന്നുണ്ട്.

Advertisement