ഗോളടിച്ചു കൂട്ടി ബ്രൈറ്റൺ എഫ്എ കപ്പ് സെമിയിലേക്ക്

Nihal Basheer

20230319 214058

ഗ്രിംസ്ബി ടൗണിനെ വീഴ്ത്തി ബ്രൈറ്റൺ എഫ്എ കപ്പ് സെമി ഫൈനലിലേക്ക് മുന്നേറി. ഡെനിസ് ഉന്ദാവ്, ഇവാൻ ഫെർഗൂസൻ, സോളി മാർഷ്, മിതോമ എന്നിവരാണ് ബ്രൈറ്റണ് വേണ്ടി വല കുലുക്കിയത്. ടൂർണമെന്റിൽ ബാക്കിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് – ഫുൾഹാം മത്സരത്തിന് മുന്നോടിയായി സെമി ഫൈനൽ ഡ്രോ നടക്കും. ഷെഫീൽഡ്, മാഞ്ചസ്റ്റർ സിറ്റി എന്നിവർ ആണ് വിജയിച്ച മറ്റു ടീമുകൾ.

20230319 213147

തുടക്കം മുതൽ ബ്രൈറ്റണിന്റെ മുന്നേറ്റങ്ങൾ ആണ് മത്സരത്തിൽ കണ്ടത്. രണ്ടാം മിനിറ്റിൽ തന്നെ ഫെർഗൂസണിന്റെ ഷോട്ട് കീപ്പറുടെ കൈകളിൽ എത്തി. കയ്സെഡോയുടെ ഷോട്ടും കീപ്പറുടെ കൈകളിൽ അവസാനിച്ചു. ആറാം മിനിറ്റിൽ തന്നെ ബ്രൈറ്റൺ ആദ്യ ഗോൾ നേടി. ബോക്സിനുള്ളിൽ നിന്നും ഉന്ദാവിന്റെ ഷോട്ട് പോസ്റ്റിൽ പതിക്കുകയായിരുന്നു. 38ആം മിനിറ്റിൽ മിതോമയുടെ മികച്ചൊരു ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൈറ്റൺ വീണ്ടും വല കുലുക്കി. 51ആം മിനിറ്റിൽ മാക് അലിസ്റ്ററിന്റെ അസിസ്റ്റിൽ അപാരമായ ബോൾ കണ്ട്രോളുമായി ഇവാൻ ഫെർഗൂസൻ ആണ് വല കുലുക്കിയത്. 70 ആം മിനിറ്റിൽ ഉന്ദാസിന്റെ പാസ് പിടിച്ചെടുത്തു ബോക്സിലേക്ക് ഓടിക്കയറി ഫെർഗൂസൻ വീണ്ടും വല കുലുക്കി. 82ആം മിനിറ്റിൽ വെബ്സ്റ്റർ നൽകിയ മികച്ചൊരു ക്രോസിൽ പോസിറ്റിന് തൊട്ടുമുൻപിൽ വെച്ചു ഡൈവിങ് ഹെഡർ ഉതിർത്ത് സോളി മാർഷ് ഗോൾ നേടി. മത്സരത്തിൽ പല തവണ ഗോളിന് അടുത്തെത്തിയ മിതോമ ഒടുവിൽ 90ആം മിനിറ്റിൽ ഗോൾ കണ്ടെത്തി പട്ടിക തികച്ചു.