യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഡിയിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ ഗ്രീക്ക് ക്ലബ് ഒളിമ്പിയകോസിനെ 3-1 നു തോൽപ്പിച്ചു ജർമ്മൻ ക്ലബ് ഫ്രാങ്ക്ഫർട്ട്. 26 മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട റാഫേൽ ബോരെയിലൂടെ ഫ്രാങ്ക്ഫർട്ട് ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തുന്നത്. തുടർന്ന് 30 മിനിറ്റിൽ തങ്ങൾക്ക് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട എൽ അറാബി ഗ്രീക്ക് ടീമിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ തൊട്ടു മുമ്പ് ലക്ഷ്യം കണ്ട ടോറെ ജർമ്മൻ ടീമിന് വീണ്ടും മുൻതൂക്കം നൽകി. തുടർന്ന് 59 മിനിറ്റിൽ ഗോൾ നേടിയ കമാഡ ഫ്രാങ്ക്ഫർട്ട് ജയം പൂർത്തിയാക്കുക ആയിരുന്നു.
നിലവിൽ ഗ്രൂപ്പ് ഡിയിൽ ഫ്രാങ്ക്ഫർട്ട് ഒന്നാമതും ഒളിമ്പിയകോസ് രണ്ടാം സ്ഥാനത്തും ആണ്. അതേസമയം ഗ്രൂപ്പ് എയിൽ തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം ആദ്യ ജയം കണ്ടു സ്‌കോട്ടിഷ് ജേതാക്കൾ ആയ റേഞ്ചേഴ്സ്. ബ്രോണ്ട്ബിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് റേഞ്ചേഴ്സ് തകർത്തത്. 18 മിനിറ്റിൽ ജെയിംസ് താവർണിയറിന്റെ കോർണറിൽ നിന്നു ലിയോൺ ബോലോഗൻ ആണ് സ്റ്റീഫൻ ജെറാർഡിന്റെ ടീമിന് ആദ്യ ഗോൾ സമ്മാനിക്കുന്നത്. 30 മിനിറ്റിൽ കെമാർ റൂഫ് നേടിയ ഗോൾ വാർ അനുദിച്ചതോടെ റേഞ്ചേഴ്സ് ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ ഗ്രൂപ്പ് എയിൽ മൂന്നാമത് ആണ് റേഞ്ചേഴ്സ്.