ഇനിയും സംശയം വേണ്ട!! മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ് ബാക്ക്!! ബാഴ്സലോണയെ പുറത്താക്കി മുന്നോട്ട്!!

Newsroom

Picsart 23 02 24 03 05 49 433
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ വീര്യമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആയി മാറിയിരിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതാപത്തിലേക്ക് തിരിച്ചുവരികയാണെന്ന് അടിവരയിട്ടു കൊണ്ട് ഇന്ന് അവർ യൂറോപ്പ ലീഗിൽ നിന്ന് ബാഴ്സലോണയെ പുറത്താക്കിയിരിക്കുകയാണ്‌. ഓൾഡ്ട്രാഫോർഡിൽ വെച്ച് നടന്ന രണ്ടാം പാദത്തിൽ ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. അഗ്രിഗേറ്റ് സ്കോറിൽ 4-3 എന്ന സ്കോറിനും.

Picsart 23 02 24 02 46 20 290

ഇന്ന് ഓൾഡ്ട്രാഫോർഡിൽ മൂന്നാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സുവർണ്ണാവസരം ലഭിച്ചു. എന്നാൽ ബ്രൂണോ ഫെർണാണ്ടസിന് ആ അവസരം മുതലെടുക്കാൻ ആയില്ല. അതിനു ശേഷം ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് നല്ല അവസരം ഒന്നും വന്നില്ല. ബാഴ്സലോണക്ക് ആകട്ടെ 18ആം മിനുട്ടിൽ ഒരു സോഫ്റ്റ് പെനാൾട്ടി ലഭിച്ചത് തുണയായി. ബ്രൂണോ ഫെർണാണ്ടസ് ബാൾദെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ലെവൻഡോസ്കി ആണ് ലക്ഷ്യത്തിൽ എത്തിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ ഗോളിന് ശേഷം താളം കണ്ടെത്താൻ ആയില്ല. ബാഴ്സലോണ മധ്യനിരയിൽ കളി നിയന്ത്രിക്കുന്നതാണ് പിന്നെ ആദ്യ പകുതിയിൽ കണ്ടത്. ആദ്യ പകുതിയുടെ അവസാനം ഡി ഹിയയുടെ ഒരു പിഴവിൽ നിന്ന് ബാഴ്സലോണക്ക് രണ്ടാം ഗോൾ നേടാനുള്ള സുവർണ്ണവസരം ലഭിച്ചു എങ്കിലും അവർക്ക് അത് മുതലെടുക്കാൻ ആയില്ല.

Picsart 23 02 24 02 45 45 269

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വെഗോസ്റ്റിനെ മാറ്റി ആന്റണിയെ കളത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ നിമിഷങ്ങൾ കൊണ്ട് യുണൈറ്റഡ് സമനില ഗോൾ നേടി. 46ആം മിനുറ്റിൽ ബ്രൂണോയുടെ പാസ് സ്വീകരിച്ച് ഫ്രെഡ് ആണ് യുണൈറ്റഡിന് സമനില നൽകിയത്. സ്കോർ 1-1. അഗ്രിഗേറ്റ് സ്കോർ 3-3.

പിന്നീട് ഇരുടീമുകളുടെയും അറ്റാക്കുകൾ കാണാൻ ആയി. 64ആം മിനുട്ടിൽ കൗണ്ടെയുടെ ഒരു ഹെഡർ ഡി ഹിയ സേവ് ചെയ്തത് കളി 1-1ൽ നിർത്തി. രണ്ടാം ഗോൾ കണ്ടെത്താൻ ആകാത്തതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡാലോട്ടിനെയും ഗർനാചോയെയും കളത്തിൽ ഇറക്കി.

Picsart 23 02 24 03 06 03 963

72ആം മിനുട്ടിൽ ആന്റണിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. ഗർനാചോയുടെയും ഫ്രെഡിന്റെയും ഷോട്ടുകൾ ബാഴ്സലോണ ഡിഫൻസ് ബ്ലോക്ക് ചെയ്തു എങ്കിലും പിന്നാലെ വന്ന ആന്റണിയുടെ ഷോട്ട് ടെർ സ്റ്റേഗനെ കീഴ്പ്പെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1 ബാഴ്സലോണ. അഗ്രിഗേറ്റിൽ യുണൈറ്റഡ് 4-3 ബാഴ്സലോണ.

ബാഴ്സലോണ പിറകിൽ പോയതോടെ അൻസു ഫതിയെ കളത്തിൽ ഇറക്കി. അവർ സമനില ഗോളിനായി എല്ലാ വിധത്തിലും ശ്രമിച്ചു. പക്ഷെ യുണൈറ്റഡ് ഡിഫൻസ് എല്ലാം തടഞ്ഞു കൊണ്ട് വിജയം ഉറപ്പിച്ചു. ഇതിൽ വരാനെയുടെ ഒരു ഗോൾ ലൈൻ സേവും ഉണ്ടായിരുന്നു.