ഇന്ന് യൂറോപ്പ ലീഗിൽ ഒരു ക്ലാസിക് പോരാട്ടമാണ് നടക്കുന്നത്. ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസ ക്ലബുകൾ ആണ് ഇന്ന് മാഞ്ചസ്റ്ററിൽ നേർക്കുനേർ വരുന്നത്. എ സി മിലാനും മാഞ്ചസ്റ്റർ യുണൈറ്റഡും യൂറോപ്പയിൽ ഇത്തവണ കിരീടം തന്നെ ലക്ഷ്യമിടുന്ന ടീമുകളാണ്. രണ്ട് ടീമുകൾക്കും ഈ സീസൺ അത്യാവശ്യം നല്ല സീസണാണ്.
കുറേ മോശം വർഷങ്ങൾക്ക് ശേഷമാണ് രണ്ട് ടീമുകളും അവരവരുടെ ലീഗുകളിൽ മികച്ച പ്രകടനം നടത്തുന്നത്. മിലാൻ ഇറ്റലിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലണ്ടിലും ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്താണ്. എങ്കിലും സ്ഥിരത ഇല്ലാത്തത് കാരണം രണ്ടു ടീമുകൾക്കും അവസാന കുറച്ച് ആഴ്ചകളായി ഇടക്കിടെ മോശം ഫലങ്ങൾ വരുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചാണ് ഇന്ന് മിലാനെ നേരിടാൻ എത്തുന്നത്.
രണ്ട് ടീമുകൾക്കും ഇന്ന് പരിക്ക് കാരണം പല പ്രധാന താരങ്ങളെയും നഷ്ടമാകും. മിലാന് അവരുടെ സൂപ്പർ താരം ഇബ്രാഹിമോവിചിനെയാണ് നഷ്ടപ്പെട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ റാഷ്ഫോർഡ്, കവാനി, വാൻ ഡെ ബീക്, പോഗ്ബ, മാറ്റ, ഡി ഹിയ എന്നിവർ ഒന്നും ഇല്ല. ഇന്ന് രാത്രി 11.25നാണ് മത്സരം നടക്കുക. സോണി നെറ്റ്വർക്കിൽ മത്സരം കാണാം.