യൂറോപ്പിൽ ചരിത്രമെഴുതി പ്രീമിയർ ലീഗ് ടീമുകൾ. രണ്ട് യൂറോപ്യൻ ചാമ്പ്യഷിപ്പുകളിലും ഒരു രാജ്യത്ത് നിന്നുള്ള ടീമുകൾ കളിക്കുന്നെന്ന അത്യപൂർവ്വമായ റെക്കോർഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ടോട്ടെൻഹാം ഹോട്ട്സ്പർസ്- ലിവർപൂൾ ഫൈനൽ ആണെങ്കിൽ യൂറോപ്പ ലീഗിൽ നടക്കുക ചെൽസി- ആഴ്സണൽ പോരാട്ടമാണ്.
വലൻസിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ആഴ്സണൽ യൂറോപ്പ ഫൈനലിൽ കടന്നപ്പോൾ പെനാൽറ്റിയിൽ ജർമ്മൻ കപ്പ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ചാണ് ചെൽസി ഫൈനൽ ബർത്ത് ഉറപ്പിച്ചത്. രണ്ട് യൂറോപ്യൻ ഫൈനലുകളിലും ഇംഗ്ലീഷ് ടീമുകൾ ആയതിനാൽ സൂപ്പർ കപ്പ് ഇംഗ്ലണ്ടിൽ എത്തുമെന്നുറപ്പായി. അവസാനമായി ഒരു ഇംഗ്ലണ്ട് ടീം ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയത് 2012ൽ ചെൽസിയാണ്. 2017ൽ യൂറോപ്പ സ്വന്തമാക്കാൻ മാഞ്ചെസ്റ്റർ യുണൈറ്റെഡിനും കഴിഞ്ഞിരുന്നു.