പെനാൽറ്റി ഡ്രാമയിൽ കെപ ഹീറോ, ചെൽസി യൂറോപ്പ ഫൈനലിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പെനാൽറ്റി ഡ്രാമയിൽ ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ച് ചെൽസി യൂറോപ്പ ലീഗ് ഫൈനലിൽ. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിൽ എത്തിയത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ രണ്ടു പെനാൽറ്റി രക്ഷപ്പെടുത്തിയ കെപയാണ് ചെൽസിയുടെ ഹീറോ.

മത്സരത്തിന്റെ തുടക്കത്തിൽ ചെൽസിയുടെ ആധിപത്യമാണ് മത്സരത്തിൽ കണ്ടത്. അതിനു പ്രതിഫലമെന്നോണം ലോഫ്റ്റസ് ചീകിലൂടെ ചെൽസിയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന ഫ്രാങ്ക്ഫർട്ട് ജോവിച്ചിലൂടെ മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു. തുടർന്നും മത്സരത്തിൽ ഫ്രാങ്ക്ഫർട്ട് ആധിപത്യം കണ്ടെങ്കിലും രണ്ടാമത്തെ ഗോൾ നേടാൻ അവർക്കായില്ല. രണ്ടു തവണ ഫ്രാങ്ക്ഫർട്ടിന്റെ ശ്രമം ഗോൾ ലൈനിൽ വെച്ച് ഡേവിഡ് ലൂയിസും സാപ്പകോസ്റ്റയും രക്ഷപെടുത്തിയതാണ് ചെൽസിക്ക് തുണയായത്.

തുടർന്ന് നടന്ന പെനാൽറ്റിയിലാണ് ചെൽസി ജയിച്ചു കയറിയത്. ചെൽസിക്ക് വേണ്ടി ബാർക്ലി ,ജോർജ്ജിഞ്ഞോ, ലൂയിസ്, ഹസാർഡ് എന്നിവർ ലക്‌ഷ്യം കണ്ടപ്പോൾ അസ്പിലിക്വറ്റയുടെ ശ്രമം ഫ്രാങ്ക്ഫർട്ട് ഗോൾ കീപ്പർ കെവിൻ ട്രാപ്പ് രക്ഷപെടുത്തി. ഫ്രാങ്ക്ഫർട്ടിന് വേണ്ടി ഹല്ലെർ, ജോവിച്ച്, ഡി ഗുസ്‌മാൻ എന്നിവർ ലക്‌ഷ്യം കണ്ടപ്പോൾ അവസാന രണ്ടു കിക്കുകൾ എടുത്ത ഹിന്റർറെഗെറിന്റെയും പസിൻസിയയുടെ ശ്രമം ചെൽസി ഗോൾ കീപ്പർ കെപ രക്ഷപ്പെടുത്തുകയായിരുന്നു.

നേരത്തെ നടന്ന മത്സരത്തിൽ ആഴ്‌സണൽ വലൻസിയയെ തോൽപ്പിച്ചതോടെ യൂറോപ്പ ലീഗിലും ഇംഗ്ലണ്ട് ടീമുകളുടെ ഫൈനലായി. ചാമ്പ്യൻസ് ലീഗിലും ഇംഗ്ലീഷ് ടീമുകളായ ലിവർപൂൾ – ടോട്ടൻഹാം പോരാട്ടത്തിന് കളമൊരുങ്ങിയിരുന്നു.