യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ചെൽസി ഇന്ന് ജർമൻ ക്ലബായ ഫ്രാങ്ക്ഫർട്ടിനെ നേരിടും. ഫ്രാങ്ക്ഫർട്ടിന്റെ സ്വന്തം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം. ക്വാർട്ടർ ഫൈനലിൽ രണ്ടു പാദങ്ങളിലുമായി 5-3ന് സ്ലാവിയ പ്രാഗിനെ തോൽപ്പിച്ചാണ് ചെൽസി സെമി ഫൈനൽ ഉറപ്പിച്ചത്. അതെ സമയം 4 -4ന് അവസാനിച്ച ക്വാർട്ടറിൽ എവേ ഗോളിൽ ബെനെഫിക്കയെ മറികടന്നാണ് ഫ്രാങ്ക്ഫർട്ട് സെമിയിൽ എത്തിയത്.
പ്രതിരോധ നിരയിലെ പ്രശ്നങ്ങളാണ് ചെൽസിയെ പ്രധാനമായും അലട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ സ്ലാവിയ പ്രാഗിനെതിരെ സ്വന്തം ഗ്രൗണ്ടിൽ 3 ഗോൾ വഴങ്ങിയതും പ്രതിരോധ നിരയിൽ റുഡിഗറിന്റെ പരിക്കും ചെൽസിക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസം നടന്ന യൂണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ റുഡിഗറിന് ഈ സീസണിൽ എനി കളിക്കാൻ കഴിയില്ല. കൂടാതെ ഗാരി കാഹിലിനേറ്റ പരിക്കും ചെൽസിക്ക് തിരിച്ചടിയാണ്. ഇതോടെ ഡേവിഡ് ലൂയിസും ക്രിസ്ത്യൻസണും മാത്രമാണ് ചെൽസി നിരയിൽ ഫിറ്റ് ആയിട്ടുള്ള സെന്റർ ബാക്കുകൾ. അതെ സമയം മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ പരിക്കേറ്റ വില്യൻ ഇന്ന് കളിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഫ്രാങ്ക്ഫർട്ട് നിരയിൽ വിലക്ക് നേരിടുന്ന അന്റെ റെബിച്ചും ഇന്ന് കളിക്കില്ല. അതെ സമയം വിലക്ക് മാറി ഇവാൻ എന്റിക്ക ഇന്ന് ടീമിൽ സ്ഥാനം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. 1979/ 80 സീസണ് ശേഷം ഫ്രാങ്ക്ഫർട്ട് കളിക്കുന്ന ആദ്യ യൂറോപ്യൻ സെമി എന്ന പ്രേത്യകതയും ഇന്നത്തെ മത്സരത്തിനുണ്ട്.