യൂറോപ്പ ലീഗിൽ ആഴ്സണലിന് ഉജ്ജ്വല ജയം. ഇന്ന് നടന്ന മത്സരത്തിൽ ഖാരബാഗിനെയാണ് ആഴ്സണൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോല്പിച്ചത്. ആഴ്സണലിന് വേണ്ടി സോക്രട്ടീസ്, എമിലെ സ്മിത്ത് റോവേ, ഗുൺഡോസി എന്നിവരാണ് ഗോളുകൾ നേടിയത്. മൂന്ന് പേരുടെയും ആഴ്സണലിന് വേണ്ടിയുള്ള ആദ്യ ഗോളുകളായിരുന്നു ഇന്നത്തെ മത്സരത്തിൽ പിറന്നത്.
ഖാരബാഗിന്റെ ഗ്രൗണ്ടിൽ ആഴ്സണലിന് മികച്ച തുടക്കമാണ് ലഭിച്ചത്. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ആഴ്സണൽ മുൻപിലെത്തി. സോക്രട്ടീസ് ആണ് ആഴ്സണലിന്റെ ഗോൾ നേടിയത്. തുടർന്നും ഇരു കൂട്ടരും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. ആഴ്സണൽ ഗോൾ പോസ്റ്റിനു മുൻപിൽ ബെർഡ് ലെനോയുടെ മികച്ച രക്ഷപെടുത്തൽ പലപ്പോഴും ആഴ്സണലിന്റെ തുണക്കെത്തി.
തുടർന്ന് രണ്ടാം പകുതിയിലാണ് ആഴ്സണൽ രണ്ടാമത്തെ ഗോൾ നേടിയത്. ഇത്തവണ ഗോൾ നേടിയത് യുവതാരം എമിലെ സ്മിത്ത് ആയിരുന്നു. 18കാരനായ എമിലെ സ്മിത്തിന്റെ ഗോൾ ഇവോബിയുടെ പാസിൽ നിന്നായിരുന്നു. അധികം താമസിയാതെ ഗുൺഡോസിയുടെ ഗോളിലൂടെ ആഴ്സണൽ മത്സരത്തിൽ ജയം ഉറപ്പിച്ചു. ലകാസറ്റെയുടെ പാസിൽ നിന്നായിരുന്നു ഗുൺഡോസിയുടെ ആദ്യ ഗോൾ.
ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളും ജയിച്ച ആഴ്സണൽ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളും തോറ്റ ഖാരബാഗ് അവസാന സ്ഥാനത്താണ്.