സെമി ഫൈനൽ തേടി ഇംഗ്ലണ്ട് ഇന്ന് യുക്രൈന് എതിരെ

Img 20210702 214118

യൂറോ കപ്പ് സെമി ഫൈനൽ തേടി ഇന്ന് ഇംഗ്ലണ്ട് യുക്രൈനെ നേരിടും. റോമിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ആണ് ഫേവറിറ്റുകൾ. പ്രീക്വാർട്ടറിൽ ശക്തരായ ജർമ്മനിയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് എത്തുന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ പ്രീക്വാർട്ടറിലെ വിജയം. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഇംഗ്ലണ്ട് ഇന്നും ക്ലീൻ ഷീറ്റോടെ വിജയിക്കാൻ ആകും ശ്രമിക്കുക.

യുക്രൈന് ഇത് ആദ്യ യൂറോ കപ്പ് ക്വാർട്ടർ ഫൈനലാണ്. പ്രീക്വാർട്ടറിൽ ആവേശകരമായ മത്സരത്തിൽ സ്വീഡനെ തോൽപ്പിച്ചായിരുന്നു യുക്രൈൻ ക്വാർട്ടറിലേക്ക് വന്നത്. ഇഞ്ച്വറി ടൈമിൽ ഡോവ്ബൈക് നേടിയ ഗോളിലായുരുന്നു അവരുടെ വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആകെ മൂന്ന് പോയിന്റുമായായിരുന്നു യുക്രൈൻ നോക്കൗട്ട് റൗണ്ടിലേക്ക് വന്നത്. പരിക്കേറ്റ സ്ട്രൈക്കർ ആർതം ബെസെഡിൻ ഇല്ലാതെയാകും യുക്രൈൻ ഇറങ്ങുക.

ഇംഗ്ലണ്ട് താരങ്ങളായ മേസൺ മൗണ്ടും ചിൽവെലും ഐസൊലേഷൻ കഴിഞ്ഞു തിരികെ എത്തിയിട്ടുണ്ട്. ഇതിൽ മേസൺ മൗണ്ട് ആദ്യ ഇലവനിലേക്ക് തിരികെയെത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ കളിയിൽ 3 സെന്റർ ബാക്കുകളെ ഇറക്കി വിജയിച്ച തന്ത്രം സൗത്ഗേറ്റ് ഇന്നും തുടരുമോ എന്നത് കണ്ടറിയണം. ഹാരി കെയ്ൻ ഗോളടിച്ച് തുടങ്ങിയത് ഇംഗ്ലണ്ടിനെ കൂടുതൽ കരുത്തരാക്കും. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.