പത്ത് പേരായി ചുരുങ്ങിയിട്ടും ചിലി പോരാട്ടം അതിജീവിച്ചു ബ്രസീൽ കോപ സെമിഫൈനലിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ അമേരിക്ക സെമിഫൈനലിലേക്ക് മുന്നേറി ബ്രസീൽ. ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ചിലിയെ തോൽപ്പിച്ചാണ് ബ്രസീൽ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. രണ്ടാം പകുതിയിൽ 10 പേരായി ചുരുങ്ങിയിട്ടും ബ്രസീൽ ചിലിയുടെ പോരാട്ടവീര്യം അതിജീവിക്കുക ആയിരുന്നു. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാർ ആയ ബ്രസീൽ ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാർ ആയ ചിലിയും ആയി ഏറ്റുമുട്ടിയപ്പോൾ പക്ഷെ കളത്തിൽ ചിലി ബ്രസീൽ ടീമിന് മുന്നിൽ പിടിച്ചു നിൽക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. അലക്സിസ് സാഞ്ചസ് വന്നത് ചിലിക്ക് ഉണർവ് നൽകി. രണ്ടാം പകുതിയിൽ ഫിർമിനോയിനെ മാറ്റി ബ്രസീൽ ലൂക്കാസ് പക്വറ്റയെ കൊണ്ടു വന്നു. അതേസമയം പരിക്ക് പറ്റിയ സാഞ്ചസിനെ ചിലിയും പിൻവലിച്ചു. കളത്തിൽ ഇറങ്ങി ഒരു മിനിറ്റിനുള്ളിൽ പക്വറ്റ ബ്രസീലിനു ആദ്യ ഗോൾ സമ്മാനിച്ചു. നെയ്മർ നൽകിയ പാസ് ചിലി പ്രതിരോധ താരത്തിന്റെ കാലിൽ തട്ടിയത് പിടിച്ചെടുത്ത പക്വറ്റ മികച്ച ഒരു ഷോട്ടോടെ പന്ത് വലയിലാക്കി.

എന്നാൽ തൊട്ടടുത്ത നിമിഷം മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റ നിര താരം ഗബ്രിയേൽ ജെസ്യുസ് ചുവപ്പ് കാർഡ് കണ്ടതോടെ ബ്രസീൽ സമ്മർദ്ദത്തിൽ ആയി. വളരെ അപകടകരമായ ഫോളിനെ തുടർന്ന് ജെസ്യുസിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകുക ആയിരുന്നു. ബ്രസീൽ 10 പേര് ആയി ചുരിങ്ങിയതോടെ കൂടുതൽ ആക്രമിച്ചു കളിക്കുന്ന ചിലിയെ ആണ് കാണാൻ ആയത്. നിരന്തരം ബ്രസീലിനു പ്രശ്നങ്ങൾ സൃഷ്ടിച്ച അവർക്ക് പക്ഷെ വലിയ അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ഇടക്ക് പന്ത് വലയിൽ എത്തിച്ചു എങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഇടക്ക് ചിലിയുടെ ശ്രമം ബാറിൽ തട്ടിയും മടങ്ങി. മറുപുറത്ത് നെയ്മറും റിച്ചാർലിസനും ചിലി പ്രതിരോധത്തിനും ഇടക്ക് ആശങ്ക സൃഷ്ടിച്ചു. ഒടുവിൽ പകുതി സമയം 10 പേരുമായി കളിച്ച ബ്രസീൽ ചിലി സമ്മർദ്ദം അതിജീവിച്ചു സെമിഫൈനൽ ഉറപ്പിച്ചു. മധ്യനിരയിൽ ഫ്രഡ് ഒപ്പം പ്രതിരോധവും ബ്രസീൽ ജയത്തിൽ നിർണായക പങ്ക് വഹിച്ചു. സെമിയിൽ പെറു ആണ് ബ്രസീലിന്റെ എതിരാളികൾ. കഴിഞ്ഞ കോപ അമേരിക്കയിൽ ഇരു ടീമുകളും ഫൈനൽ കളിച്ചപ്പോൾ അന്ന് ബ്രസീൽ ആണ് ജയം കണ്ടത്.