യൂറോ ഫൈനൽ സ്വപ്നം കണ്ട് ഇംഗ്ലണ്ടും ഡെന്മാർക്കും ഇറങ്ങുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പ് ഫൈനലിലെ രണ്ടാം ടീമായി ആരെത്തും എന്ന് ഇന്ന് അറിയാം. വെംബ്ലിയിൽ ഇന്ന് ഇംഗ്ലണ്ടും ഡെന്മാർക്കും ആണ് നേർക്കുനേർ വരുന്നത്. സ്വന്തം രാജ്യത്താണ് കളി നടക്കുന്നത് എന്നതു കൊണ്ട് തന്നെ ഇംഗ്ലണ്ടിന് അത് മുൻതൂക്കം നൽകുന്നുണ്ട്. ക്വാർട്ടറിൽ യുക്രൈനെ നാലു ഗോളുകൾക്ക് തകർത്താണ് ഇംഗ്ലണ്ട് സെമിയിലേക്ക് എത്തിയത്. മികച്ച ഡിഫൻസ് കാഴ്ചവെച്ച ഇംഗ്ലണ്ട് ക്വാർട്ടറോടെ അറ്റാക്കിംഗ് ഭാഗവും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഈ ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത ടീമാണ് ഇംഗ്ലണ്ട്. അവസാന ഏഴു മത്സരങ്ങളിലും അവർ ക്ലീൻ ഷീറ്റ് നിലനിർത്തി. ലൂക് ഷോ, മഗ്വയർ, സ്റ്റോൺസ്, വാൽക്കർ എന്നിവരെ ഡിഫൻസിൽ അണിനിരത്തി തന്നെയാകും ഇംഗ്ലണ്ട് ഇറങ്ങുക. പരിക്ക് മാറി ബുകയോ സാക എത്തിയിട്ടുണ്ട് എങ്കിലും സാഞ്ചോയെ സൗത്ഗേറ്റ് നിലനിർത്താൻ ആണ് സാധ്യത. 1966ന് ശേഷം ഒരു മേജർ ടൂർണമെന്റിൽ ഫൈനലിൽ എത്താത്ത ഇംഗ്ലണ്ട് ഫൈനൽ തന്നെ ആകും ലക്ഷ്യം വെക്കുന്നത്.

ചെല്ല് റിപബ്ലിക്കിനെ തോൽപ്പിച്ചാണ് ഡെന്മാർക്ക് സെമിയിലേക്ക് എത്തിയത്. ടൂർണമെന്റ് വലിയ പ്രയാസങ്ങളോടെ തുടങ്ങിയ ഡെന്മാർക്ക് ഇപ്പോൾ ഗംഭീര ഫോമിലാണ്. അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ അടിക്കാൻ ഡെന്മാർക്കിനായിട്ടുണ്ട്. എറിക്സൺ സംഭവത്തിനു ശേഷം ഏതു നിഷ്പക്ഷ ഫുട്ബോൾ പ്രേമിയുടെയും യൂറോ കപ്പിലെ ടീമായി ഡെന്മാർക്ക് മാറി. ഇന്നും ആരാധകരുടെ വലിയ പിന്തുണ ഡെന്മാർക്കിന് ലഭിച്ചേക്കും.

1992നു ശേഷം ആദ്യമായാണ് ഡെന്മാർക്ക് യൂറോ കപ്പ് സെമിയിൽ എത്തുന്നത്. അന്ന് അവർ കപ്പുമായായിരുന്നു മടങ്ങിയത്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.