അസൂറികൾ യൂറോ കപ്പ് ഫൈനലിൽ, പെനാൾട്ടി ഷൂട്ടൗട്ടിൽ ഇറ്റലി സ്പെയിനെ വീഴ്ത്തി

20210707 031508
Credit: Twitter

2006ലെ ലോകകപ്പിനു ശേഷം ഒരു കിരീടം എന്ന ഇറ്റാലിയൻ സ്വപ്നം അടുത്ത് എത്തുന്നു. ഇന്ന് സ്പെയിനെ പരാജയപ്പെടുത്തി കൊണ്ട് മാഞ്ചിനിയുടെ അസൂറിപ്പട വെംബ്ലിയിൽ നടക്കുന്ന ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഒപ്പത്തിനൊപ്പം ഇരു ടീമുകളും നിന്ന മത്സരത്തിൽ എക്സ്ട്രാ ടൈമിനും പെനാൾട്ടി ഷൂട്ടൗട്ടിനും ശേഷമാണ് ഇറ്റലി വിജയിച്ചത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും കളി 1-1 എന്ന നിലയിലായിരുന്നു നിന്നത്. എന്നാൽ പെനാൾട്ടി ഷൂട്ടൗട്ടിൽ കളി 4-2ന് ഇറ്റലി സ്വന്തമാക്കി.

ഇന്ന് വെംബ്ലിയിൽ ഒരു സെമി ഫൈനലിന്റെ കരുതലോടെയാണ് രണ്ട് ടീമുകളും കളിച്ചത്. തുടക്കത്തിൽ ഇറ്റലി ഒന്ന് രണ്ട് അറ്റാക്കുകൾ നടത്തി എങ്കിലും കളി പതിയെ സ്പെയിനിന്റെ നിയന്ത്രണത്തിലായി. എൻറികെയുടെ പൊസഷൻ ഫുട്ബോൾ നടപ്പിലാക്കിയ സ്പെയിൻ അധിക സമയം പന്തു കൈവശം വെച്ചു. എന്നാൽ അധികം അവസരങ്ങൾ രണ്ടു ടീമുകൾക്കും ആദ്യ പകുതിയിൽ സൃഷ്ടിക്കാൻ ആയില്ല. 25ആം മിനുട്ടിൽ ഡാനി ഓൽമോയുടെ ഷോട്ട് ഒരു ഡൈവിലൂടെ ഡൊണ്ണരുമ്മ തടഞ്ഞു. ആദ്യ പകുതിയിലെ ടാർഗറ്റിലേക്കുള്ള ഏക ഷോട്ടായിരുന്നു ഇത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇറ്റാലിയൻ ലെഫ്റ്റ് ബാക്ക് എമേഴ്സണ് ഒരു അവസരം കിട്ടിയെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. രണ്ടാം പകുതിയിൽ കളിക്ക് വേഗത വന്നു. 52ആം മിനുട്ടിൽ ഒയെർസബാൾ വലതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ താരം ബുസ്കെറ്റ്സിന് പന്ത് കൈമാറി. പെനാൾട്ടി ബോക്സിന്റെ അതിരിൽ വെച്ച് ബുസ്കെററ്റ്സ് തൊടുത്ത് ഷോട്ട് ഗോൾ ബാറിന് തൊട്ട് മുകളിലൂടെയാണ് പുറത്ത് പോയത്.

തൊട്ടടുത്ത നിമിഷം ഒരു കൗണ്ടറിലൂടെ ഇറ്റലി മറുഭാഗത്തേക്ക് കുതിച്ചു. ഇൻസിനെയുടെ പാസ് സ്വീകരിച്ച കിയേസ ഡിഫൻഡറുടെ കാലിന് ഇടയിലൂടെ ഷോട്ട് തൊടുത്തു എങ്കിലും ഉനായ് സിമൺ എളുപ്പത്തിൽ അത് സേവ് ചെയ്തു. സ്പെയിൻ പന്ത് കൈവശം വെച്ച് കൂടുതൽ അറ്റാക്ക് നടത്തി കൊണ്ടിരിക്കെയാണ് 60ആം മിനുട്ടിൽ ഇറ്റലിയുടെ കൗണ്ടർ അറ്റാക്ക് വന്നത്.

ഡൊണ്ണരുമ്മ പന്ത് സ്വീകരിച്ച് പെട്ടെന്ന് കൊടുത്ത ത്രോയിലായിരുന്നു അറ്റാക്ക് തുടങ്ങിയത്. ഇൻസിനെ ഇമ്മൊബിലെക്ക് മികച്ച ഒരു ത്രൂ പാസ് കൊടുത്തു എങ്കിലും ആ പന്ത് മികച്ച ഒരു ടാക്കിളിലൂടെ ലപോർടെ തടഞ്ഞു. പക്ഷെ പന്ത് നേരെ ചെന്നത് കിയേസയുടെ കാലിൽ. താരം ഡിഫൻഡേഴ്സിനെ വെട്ടിച്ച് വലം കാലു കൊണ്ട് പന്ത് വലയിലേക്ക് തൊടുത്തു. ഉനായ് സിമണ് നോക്കി നിൽക്കാനെ ആയുള്ളൂ.

ഗോളിന് ശേഷം ആല്വരോ മൊറാട്ടയെ ഇറക്കി സ്പെയിൻ അറ്റാക്ക് ശക്തപ്പെടുത്താൻ ശ്രമിച്ചു. 65ആം മിനുറ്റിൽ കൊകെയുടെ ഒരു പാസിൽ നിന്ന് ഒരു ഫ്രീ ഹെഡർ ഒയർസബാലിന് ലഭിച്ചു എങ്കിലും താരത്തിന്റെ ഹെഡർ ശ്രമം തലക്ക് കൊണ്ടില്ല. ഇറ്റലി കൗണ്ടർ അറ്റാക്കിൽ തന്നെ ശ്രദ്ധ കൊടുത്ത് സ്പെയിനിന് പന്ത് കൈവശം വെക്കാൻ അവസരം നൽകി.

68ആം മിനുട്ടിൽ കിയേസയുടെ ഒരു പാസിൽ നിന്ന് ബെറാഡി ഗോൾ മുഖത്തേക്ക് പന്ത് തൊടുത്തു എങ്കിലും ഉനായ് സിമൺ കാലു കൊണ്ട് അത് സേവ് ചെയ്തു. സ്പെയിൻ റോഡ്രിയെയും ജെറാഡ് മെറേനോയെയും ഇറക്കി നോക്കി എങ്കിലും ഇറ്റാലിയൻ ഡിഫൻസ് മറികടക്കാൻ അവർ പ്രയാസപ്പെട്ടു. പക്ഷെ മൊറാട്ടയുടെ ഒരു നിമിഷത്തെ ബ്രില്യൻസ് സ്പെയിനെ കളിയിലേക്ക് തിരികെയെത്തിച്ചു.

80ആം മിനുട്ടിൽ ഡാനി ഒൽമോയുമായി വൺ ടച്ച് ഫുട്ബോൾ കളിച്ച് ബോക്സിലേക്ക് മുന്നേറിയ മൊറാട്ട ഇടം കാലു കൊണ്ട് ഡൊണ്ണരുമ്മയെ മറികടന്ന് സ്പെയിന് സമനില നേടിക്കൊടുത്തു. ഇത് കളിക്ക് ആവേശകരമായ അന്ത്യം നിമിഷങ്ങൾ നൽകി. എങ്കിലും കളി അർഹിച്ചതു പോലെ എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിൽ സ്പെയിനിന്റെ അറ്റാക്കാണ് കൂടുതലും കണ്ടത്. 97ആം മിനുട്ടിൽ ഡാനി ഒൽമൊയുടെ ഒരു ലോ ഫ്രീകിക്ക് ഡൊണ്ണരുമ്മയ്ക്ക് പിടിപ്പത് പണി നൽകി. എങ്കിലും പന്ത് ഗോൾ വലയിലേക്ക് എത്തിയില്ല. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ബെറാഡി ഇറ്റലിക്കായി ബോൾ വലയിൽ എത്തിച്ചു എങ്കിലും ലൈൻ റഫറി ഓഫ്സൈഡ് വിളിച്ചു. ഇരു ടീമുകളും അധികം അവസരം സൃഷ്ടിക്കാത്തതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

ഇറ്റലിയുടെ ആദ്യ കിക്ക് എടുത്ത ലൊകടെല്ലിക്ക് പിഴച്ചു. ഉനായ് സിമൺ ഫുൾ ഡൈവിലൂടെ കിക്ക് സേവ് ചെയ്തു. സ്പെയിനിനായി ആദ്യ കിക്ക് എടുത്ത ഡാനി ഒൽമെ കിക്ക് ആകാശത്തേക്കും തൊടുത്തു. പിന്നീട് ബെലൊട്ടി, ബൊണൂചി, ബെർണഡസ്കി എന്നിവർ ഇറ്റലിക്കയും ജെറാഡ് മൊറേനോ, തിയാഗോ എന്നിവർ സ്പെയിനു വേണ്ടിയും വലയിൽ പന്തെത്തിച്ചു. പക്ഷെ നാലാം കിക്ക് എടുത്ത മൊറാട്ടയുടെ ഷോട്ട് ഡൊണ്ണരുമ്മ സേവ് ചെയ്തു. പെനാൾട്ടി എടുക്കുന്നതിൽ എക്സ്പേർട്ട് ആയ ജോർഗീഞ്ഞോ അഞ്ചാം കിക്ക് വലയിൽ എത്തിച്ച് ഇറ്റലിക്ക് വിജയം നൽകി.

ഇംഗ്ലണ്ടും ഡെന്മാർക്കും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെ ആകും ഇറ്റലി ഫൈനലിൽ നേരിടുക.

Previous articleഹകീമിയുടെ ട്രാൻസ്ഫർ ഔദ്യോഗികമായി, ഇനി പി എസ് ജി ജേഴ്സിയിൽ
Next articleയൂറോ ഫൈനൽ സ്വപ്നം കണ്ട് ഇംഗ്ലണ്ടും ഡെന്മാർക്കും ഇറങ്ങുന്നു