എത്ര തിരുത്തിയാലും എത്ര പ്രതിഷേധിച്ചാലും ഇംഗ്ലണ്ടിലെ വംശീയത മാറുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ. ഇന്നും ഇംഗ്ലീഷ് താരങ്ങൾ വംശീയാധിക്ഷേപങ്ങൾക്ക് ഇരകളാവുകയാണ്. ഇന്ന് യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് തോറ്റതിന് പിന്നാലെയാണ് ഇംഗ്ലീഷ് താരങ്ങളായ ബുകയോ സാക, ജേഡൻ സാഞ്ചോ, മാർക്കാ റാഷ്ഫോർഡ് എന്നിവർ വംശീധിക്ഷേപങ്ങൾക്ക് ഇരയായത്.
ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് നിരവധി ഇംഗ്ലീഷ് ആരാധകർ വംശീയത പറഞ്ഞ് ഈ താരങ്ങൾക്ക് എതിരെ ആക്രമണം നടത്തുന്നത്. ഇന്ന് ഈ മൂന്ന് താരങ്ങളും പെനാൾട്ടി നഷ്ടമാക്കിയിരുന്നു. എന്നാൽ മൂന്നു പേരും യുവതാരങ്ങളാണ് എന്ന പരിഗണന പോലും ഒരു നിലവാരവുമില്ലാത്ത ഇംഗ്ലീഷ് ആരാധകർ നൽകുന്നില്ല. സാകയ്ക്ക് 19 വയസ്സും, സാഞ്ചോക്ക് 21 വയസ്സും റാഷ്ഫോർഡിന് 23 വയസ്സുമാണ് ഉള്ളത്.
ഇതിൽ റാഷ്ഫോർഡ് ഇംഗ്ലണ്ടിലെ പാവപ്പെട്ട ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി ഏറെ പ്രവർത്തിക്കുന്ന വ്യക്തിയാണ്. വംശീയതക്ക് എതിരെ മുട്ടുകുത്തി ഇംഗ്ലണ്ട് പ്രതിഷേധിക്കുമ്പോൾ പലപ്പോഴും സ്റ്റേഡിയങ്ങളിൽ നിന്ന് കൂവലുകൾ വരുന്നതും ഇംഗ്ലീഷ് ആരാധകരിലെ തീരാത്ത വംശീയത അവസാന വർഷങ്ങളിൽ കാണിച്ചു തരുന്നുണ്ട്. ഈ വംശീയാധിക്ഷേപങ്ങൾക്ക് എതിരെയും പ്രതിഷേധം ഉയരുന്നുണ്ട് എങ്കിലും ഇംഗ്ലീഷ് ആരാധകർക്ക് മാറ്റമുണ്ടാകും എന്ന വലിയ പ്രതീക്ഷ പലർക്കും ഇല്ല. ഇംഗ്ലണ്ടിൽ മാത്രമല്ല യൂറോപ്പിൽ പല രാജ്യങ്ങളിലും ഫുട്ബോൾ കളിക്കാർക്ക് എതിരെ വംശീയാധിക്ഷേപങ്ങൾ പതിവാണ്.