ലൂക് ഷോ മാജിക്കിൽ ഇംഗ്ലണ്ട് മുന്നിൽ, യൂറോ കപ്പ് ഫൈനലിന്റെ ആദ്യ പകുതിയിൽ ഇറ്റലി പതറുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പ് ഫൈനൽ ആദ്യ പകുതി പിന്നിടുമ്പോൾ ഇംഗ്ലണ്ട് മുന്നിൽ മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ ലെഫ്റ്റ് ബാക്ക് ലൂക് ഷോ നേടിയ ഗോളിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് മുന്നിൽ നിൽക്കുന്നത്. ഇറ്റലിക്ക് അവരുടെ പതിവു ഫോമിലേക്ക് ഉയരാനെ ആദ്യ പകുതിയിൽ ആയില്ല.

ഇന്ന് വെംബ്ലിയിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ഇംഗ്ലണ്ടിന് സ്വപ്ന തുടക്കമാണ് ലഭിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ലൂക് ഷോയുടെ ഗോളിൽ ഇംഗ്ലണ്ട് മുന്നിൽ എത്തി. ലെഫ്റ്റ് ബാക്കായ ലൂക് ഷോ തന്നെ ആരംഭിച്ച അറ്റാക്ക് ലൂക് ഷോയിൽ നിന്ന് ഹാരി കെയ്നിൽ എത്തി. വലതു വിങ്ങിൽ ഒറ്റയ്ക്ക് കുതിക്കുക ആയിരുന്ന ട്രിപ്പിയക്ക് കെയ്ൻ പന്ത് കൈമാറി. പെനാൾട്ടി ബോക്സിലേക്ക് ഇംഗ്ലീഷ് താരങ്ങൾ അറ്റാക്ക് ചെയ്യാൻ എത്തുന്നത് കണ്ട ട്രിപ്പിയർ പന്ത് ബോക്സിലേക്ക് ക്രോസ് ചെയ്തു. ഫാർ പോസ്റ്റിലേക്ക് എത്തിയ ലൂക് ഷോ ഒരു ഇടം കാലൻ ഹാഫ് വോളിയിലൂടെ ഡൊണ്ണരുമ്മയെ കീഴ്പ്പെടുത്തി ഇംഗ്ലണ്ടിന് ലീഡ് നൽകി.

യൂറോ കപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു ഇത്. ഈ ഗോൾ തുടക്കത്തിൽ തന്നെ കളി ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലാക്കി. ഡിഫൻസീവ് സെറ്റപ്പുമായി ഇറങ്ങിയ സൗത്ഗേറ്റിന്റെ ടാക്ടിക്സുകൾക്ക് ഗുണമാകുന്നതും ആയിരുന്നു ഈ തുടക്കത്തിലെ ഗോൾ. ഇറ്റലി പന്ത് കയ്യിൽ വെക്കാൻ പോലും വിഷമിച്ചപ്പോൾ ഇംഗ്ലീഷ് താരങ്ങൾ അവരുടെ സ്വന്തം വെംബ്ലി മൈതാനത്ത് നൃത്തം വെച്ചു.

ആദ്യ മുപ്പതു മിനുട്ടിനു ശേഷം പതിയെ ഇറ്റലി കളിയിലേക്ക് തിരികെ വന്നു. 34ആം മിനുട്ടിൽ ഒറ്റയ്ക്ക് കുതിച്ച് കിയേസ തൊടുത്ത ബുള്ളറ്റ് ഷോട്ട് ടാർഗറ്റിലായിരുന്നു എങ്കിൽ പിക്ക്ഫോർഡിനു പോലും തടയാൻ ആകുമായിരുന്നില്ല. 36ആം മിനുട്ടിൽ മറുവശത്ത് ലൂക് ഷോയും സമാനമായി ഒറ്റയ്ക്ക് മുന്നേറി ഒരു അവസരം സൃഷ്ടിച്ചു. പക്ഷെ ഷോയുടെ പാസ് മൗണ്ടിന് കണക്റ്റ് ചെയ്യാൻ ആവാത്തത് കൊണ്ട് ലീഡ് ഇരട്ടിയാക്കാൻ ആയില്ല.

ആദ്യ പകുതിയിൽ നിറം മങ്ങിയ ഇറ്റലി രണ്ടാം പകുതിയിൽ തിരിച്ചുവരാൻ ശ്രമിക്കും. ഇത് കളിക്ക് ആവേശകരമായ രണ്ടാം പകുതി നൽകും എന്ന് പ്രതീക്ഷിക്കാം.