ഡ്യൂറന്റ് കപ്പ്; ആദ്യ ജയം സ്വന്തമാക്കി ജംഷദ്പൂർ എഫ്സി

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ബിയിൽ ആദ്യ ജയം സ്വന്തമാക്കി ജംഷദ്പൂർ എഫ്സി. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ നേവിയെയാണ് ഐഎസ്എൽ ടീം പരാജയപ്പെടുത്തിയത്. ആഷ്‌ലി മത്സരത്തിലെ ഒരേയൊരു ഗോൾ കണ്ടെത്തി. തോൽവിയോടെ ടൂർണമെന്റ് ആരംഭിച്ച ജംഷദ്പൂരിന് ഇതോടെ ആദ്യ ജയവും നേടാൻ സാധിച്ചു. രണ്ടാം സ്ഥാനത്ത് മൂന്ന് പോയിന്റുമായുള്ള മൊഹമ്മദൻസിനൊപ്പം എത്താനും അവർക്കായി. ഇന്ത്യൻ നേവിയുടെ തുടർച്ചയായ രണ്ടാം തോൽവി ആണിത്.

ഇരു ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാതെ പോയ ആദ്യ പകുതിയിൽ ലീഡ് എടുക്കാൻ പെനാൽറ്റിയിലൂടെ ജംഷദ്പൂരിന് അവസരം ലഭിച്ചിരുന്നു. ബോക്സിലേക്ക് പന്തുമായി കയറിയ ആഷ്ലിയെ നേവി താരം പ്രധീഷ് ഫൗൾ ചെയ്തതിനാണ് റഫറി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. എന്നാൽ ചൗങ്തുവിന്റെ കിക്ക് തടുത്തു കൊണ്ട് നേവി കീപ്പർ റോബിൻസൻ ടീമിന്റെ രക്ഷക്കെത്തി.

രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ പിറന്നു. ആഷ്‌ലിയുടെ ക്രോസിൽ അസേം സിങ്ങിന്റെ ഹെഡർ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 57ആം മിനിറ്റിൽ നേവിക്ക് ലീഡ് നേടാൻ സുവർണാവസരം വീണു കിട്ടി. നേവി താരം ഹാരി തടയാൻ ബോക്‌സ് വിട്ടു വന്ന ഗോളിയെയും മറികടന്ന് താരം തൊടുത്ത ഷോട്ട് വലയിലേക്ക് കയറി എന്നു പ്രതീക്ഷിച്ചെങ്കിലും രോഹൻ സിങ്ങിന്റെ ഗോൾ ലൈൻ സേവ് ജംഷദ്പൂരിന്റെ രക്ഷക്കെത്തി. 70ആം മിനിറ്റിൽ ജംഷദ്പൂർ ഗോൾ കണ്ടെത്തി കോർണറിൽ നിന്നെത്തിയ പന്തിൽ റോസനസ്വാലാ പോസ്റ്റിന് കണക്കാക്കി ബോൾ ഉയർത്തി നൽകിയപ്പോൾ ഹെഡർ ഉതിർത്ത് ആഷ്‌ലിയാണ് വല കുലുക്കിയത്. പിന്നീട് പോസ്റ്റിന് തൊട്ടു പുറത്തു നിന്നുള്ള താരത്തിന്റെ മറ്റൊരു ഷോട്ട് ലക്ഷ്യം കാണാതെ പോയി. എതിർ താരങ്ങളെ മറികടന്ന് മുന്നേറി ബിവൻ തൊടുത്ത ഷോട്ട് കീപ്പർ തട്ടിയകറ്റി.

ഡ്യൂറന്റ് കപ്പ്; പഞ്ചാബിനെ കീഴടക്കി നോക്ക് ഔട്ട് ഉറപ്പിച്ച് ഈസ്റ്റ് ബംഗാൾ

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എയിൽ നിന്നും ഒടുവിൽ പ്രീ ക്വർട്ടറിലേക്ക് ടിക്കറ്റ് എടുത്തത് ഈസ്റ്റ് ബംഗാൾ തന്നെ. നിർണായകമായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് ഈസ്റ്റ് ബംഗാൾ കീഴടക്കുകയായിരുന്നു. തോൽവിയോ സമനിലയോ പോലും ടൂർണമെന്റിലെ ഭാവിക്ക് ഭീഷണി ആവും എന്നതിനാൽ ആദ്യാവസാനം വിജയം തന്നെ ഉന്നമിട്ടാണ് അവർ കളിച്ചത്. ഹാവിയർ സിവേറിയോയുടെ ഗോൾ ആണ് ബംഗാൾ ടീമിന് രക്ഷക്കെത്തിയത്. ഗ്രൂപ്പിൽ ഏഴു പോയിന്റ് ആയ ഈസ്റ്റ് ബംഗാളിന് പിറകിൽ ആറു പോയിന്റുമായി മോഹൻ ബഗാനും ഉണ്ട്.

മത്സരത്തിലെ ആദ്യ അവസരങ്ങളിൽ ഒന്നിൽ ഹുവാൻ മേരയുടെ ഷോട്ട് തടുത്ത് പ്രഭ്സുഖൻ ഗിൽ ഈസ്റ്റ് ബംഗാളിന്റെ രക്ഷക്കെത്തി. ഇരു ഭാഗത്തും കാര്യമായ അവസരങ്ങൾ പിറക്കാതെ പോവുന്നതിനിടെ 22 ആം മിനിറ്റിൽ സിവേറിയോയിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് നേടി. കോർണറിൽ നിന്നും ബോൾ സ്വീകരിച്ചു ബോർഹ ഹെരേര തൊടുത്ത ക്രോസ് താരം ഹെഡറിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. ഇടവേളക്ക് മുൻപ് സിവേറിയോയുടെ മറ്റൊരു ഹെഡർ ലക്ഷ്യം കാണാതെ പോയി.

രണ്ടാം പകുതിയിലും ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിക്കുന്നത് കുറവായിരുന്നു. ബോക്സിന് തൊട്ടു പുറത്തു നിന്നും കിട്ടിയ ഫ്രീകിക്കിൽ ക്ലീറ്റൺ സിൽവയുടെ ഷോട്ട് ബാറിന് മുകളിലൂടെ കടന്ന് പോയി. മുഴുവൻ സമയം അവസാനിക്കുന്നതിന് മുൻപ് നന്ദ കുമാറിന്റെ പാസിൽ ബോസ്‌കിനുള്ളിൽ നിന്നുള്ള സിൽവയുടെ ദുർബലമായ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.

ഡ്യൂറന്റ് കപ്പ്; ഗോളുമായി മലയാളി താരം നെമിൽ, വിജയവുമായി എഫ്സി ഗോവ

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഡിയിൽ വിജയവുമായി എഫ്സി ഗോവ. മലയാളി താരം നെമിൽ വല കുലുക്കിയ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഡൗൺടൗൺ ഹീറോസ് എഫ്‌സിയെയാണ് ഗോവ കീഴടക്കിയത്. മാർട്ടിനസ്, ദേവേന്ദ്ര എന്നിവരും വല കുലുക്കി. ഇതോടെ ഐഎസ്എൽ ടീം ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാക്കി. എന്നാൽ അടുത്ത ഘട്ടത്തിലേക്ക് ടിക്കറ്റ് ഉറപ്പിക്കാൻ നോർത്ത് ഈസ്റ്റിന്റെ മത്സരം കൂടി കഴിയാൻ ഗോവ കാത്തിരിക്കണം. വലിയ മർജിനിൽ ജയിച്ചാൽ മാത്രമേ നോർത്ത് ഈസ്റ്റിന് സാധ്യത ഉള്ളൂ എന്നതിനാൽ ആത്മവിശ്വാസത്തിൽ തന്നെ ആവും ഗോവ.

ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ കണ്ടെത്തി എഫ്സി ഗോവ മത്സരത്തിന്റെ വിധി നിർണയിച്ചിരുന്നു. തുടക്കത്തിൽ തന്നെ നോവയുടെ പാസിൽ നിന്നും ബോക്സിനുള്ളിൽ വല കുലുക്കാനുള്ള അവസരം നെമിൽ നഷ്ടപ്പെടുത്തി. നോവയുടെ തകർപ്പൻ ഒരു ഷോട്ട് ഡൗൺടൗൺ കീപ്പർ തട്ടിയറ്റി. പത്തൊൻപതാം മിനിറ്റിൽ നെമിലിലൂടെ ഗോവ ലീഡ് എടുത്തു. കാർലോസ് മാർട്ടിനസ് ബോക്സിന് തൊട്ടു പുറത്തായി നൽകിയ അവസരം നെമിൽ ബുള്ളറ്റ് ഷോട്ടുമായി വലയിൽ എത്തിക്കുകയായിരുന്നു. താരത്തിന്റെ ടൂർണമെന്റിലെ ആദ്യ ഗോൾ ആയിരുന്നു ഇത്. തൊട്ടു പിറകെ നെമിലിന് ബോക്സിനുള്ളിൽ ലഭിച്ച അവസരം കീപ്പർ തടുത്തു. റൗളിൻ ബോർജസിന്റെ ഷോട്ട് വഴി മാറി പോയി. മാർടിനസിന്റെ ഷോട്ട് എതിർ കീപ്പർ ഇമ്രാൻ അനായാസം കൈക്കലാക്കി. 38ആം മിനിറ്റിൽ ഉദാന്തയുടെ ക്രോസിൽ നിന്നും ഹെഡർ ഉതിർത്ത് മാർട്ടിനസ് രണ്ടാം ഗോൾ നേടി. തൊട്ടു പിറകെ വീണ്ടും ഗോൾ നേടാൻ നോവക്ക് ലഭിച്ച അവസരം കീപ്പർ തടുത്തു. ഉദാന്തയുടെ ബോക്സിനുള്ളിൽ നിന്നുള്ള സുവർണാവസരവും തടഞ്ഞു കീപ്പർ ഡൗൺടൗണിനെ കൂടുതൽ ഗോൾ വഴങ്ങാതെ ആദ്യ പകുതിയിൽ കാത്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ നോവയുടെ ഫ്രീകിക്ക് പോസ്റ്റിനിരുമി കടന്ന് പോയി. ഡൗൺടൗണിന് മത്സരത്തിൽ ലഭിച്ച ചുരുക്കം അവസരങ്ങളിൽ ഒന്നിൽ ഹഫീസിന്റെ ഷോട്ട് സൈഡ് നെറ്റിൽ അവസാനിച്ചു. പാർവജ് ഭുയിയ തൊടുത്ത ഷോട്ട് കീപ്പറുടെ കൈകളിൽ അവസാനിച്ചു. കാർലോസ് മാർട്ടിനസിന്റെ ഷോട്ട് ലക്ഷ്യം തെറ്റി പറന്നു. ബോക്സിന് പുറത്തു നിന്നും ചിപ്പ് ചെയ്തിടാനുള്ള ഗോവൻ താരം റൊമേറോയുടെ ശ്രമം വലക്ക് മീതെ അവസാനിച്ചു. പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നുമുള്ള താരത്തിന്റെ ഹെഡർ ശ്രമം കീപ്പർ കൈക്കലാക്കി. ഒടുവിൽ ഇഞ്ചുറി ടൈമിൽ ഡൗൺടൗൺ കീപ്പർ ഇമ്രാന്റെ ഒറ്റയാൾ പോരാട്ടം അവസാനിപ്പിച്ചു കൊണ്ട് ദേവെന്ദ്രാ ടീമിന്റെ മൂന്നാം ഗോളും നേടി. നോവയുടെ പാസ് ക്ലിയർ ചെയ്യുന്നതിൽ കീപ്പറുടെ അലംഭാവം മുതലെടുത്തു കൊണ്ടാണ് താരം വല കുലുക്കിയത്.

ഡ്യൂറന്റ് കപ്പ്; ബെംഗളൂരു എഫ്‌സിയെ സമനിലയിൽ തളച്ച് ഇന്ത്യൻ എയർ ഫോഴ്‌സ്

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സമനിലയിൽ കുരുങ്ങി ബെംഗളൂരു എഫ്സി. കൊൽക്കത്തയിൽ വെച്ചു നടന്ന മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്‌സ് ആണ് ബെംഗളൂരുവിനെ സമനിലയിൽ തളച്ചത്. ആദ്യം ഗോൾ കണ്ടെത്തിയ എയർ ഫോഴ്‌സ് അട്ടിമറി പ്രതീക്ഷകൾ നൽകിയെങ്കിലും ഐഎസ്എൽ ടീം തിരിച്ചു വരികയായിരുന്നു. ഗ്രൂപ്പിൽ ഗോകുലം കേരള ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ബെംഗളൂരു യുവനിരക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് എയർ ഫോഴ്‌സ് പുറത്തെടുത്തത്. ആറാം മിനിറ്റിൽ ബെംഗളൂരുവിന്റെ കോർണർ എയർ ഫോഴ്‌സ് പ്രതിരോധം ക്ലിയർ ചെയ്തതപ്പോൾ ലഭിച്ച ബോളിൽ തിരിച്ച് ഹർഷ് പത്രേ തൊടുത്ത ലോങ് റേഞ്ചർ കീപ്പർ കൈക്കലാക്കി. 20ആം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ എത്തി. മൈതാന മധ്യത്തിൽ നിന്നും ബോക്സിലേക്ക് എത്തിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ പരാഗ് സതീഷിന് പിഴച്ചപ്പോൾ ഓടിയെത്തിയ വിവേക് കുമാർ എയർ ഫോഴ്‌സിന് വേണ്ടി വല കുലുക്കി. ബോക്സിന് പുറത്തു നിന്നും ഭാഗ്യം പരീക്ഷിച്ച ഹർഷിന്റെ മറ്റൊരു ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.

അൻപതിയെട്ടാം മിനിറ്റിൽ ബംഗളൂരു കാത്തിരുന്ന ഗോൾ എത്തി. ബോക്സിനുള്ളിൽ എതിർ പ്രതിരോധത്തെ മറികടന്ന് ഹർഷ് നൽകിയ പാസ് ആണ് ഗോളിലേക്ക് വഴി തുറന്നത്. മാർക്ക് ചെയ്യപ്പെടാതെ നിന്ന ജോൺസൻ തൊടുത്ത ശക്തിയേറിയ ഷോട്ട് തടയാൻ കീപ്പറും സഹതാരങ്ങളും എത്തിയെങ്കിലും പന്ത് വല കുലുക്കുക തന്നെ ചെയ്തു. മുഴുവൻ സമയത്തിന് തൊട്ടു മുൻപ് ബെംഗളൂരു താരം റോബിൻ യാദവിന്റെ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നുള്ള ഹെഡർ പോസ്റ്റിലും തുടർന്ന് കീപ്പറുടെ കൈകളിലും തട്ടി പുറത്തേക്ക് തെറിച്ചു.

ഡ്യൂറന്റ് കപ്പ്; വിജയത്തോടെ നോക്ക് ഔട്ട് ഉറപ്പിച്ച് ചെന്നൈയിൻ എഫ്സി

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഈയിൽ തുടർ ജയവുമായി ചെന്നൈയിൻ എഫ്സിയുടെ മുന്നേറ്റം. ഇന്ന നടന്ന മത്സരത്തിൽ ത്രിഭുവൻ ആർമിയെയാണ് അവർ കീഴടക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഐഎസ്എൽ ടീമിന്റെ ജയം. ഫാറൂഖ് ചൗധരി, റഹീം അലി, റാഫേൽ ക്രിവല്ലറോ എന്നിവർ വല കുലുക്കി. ഇതോടെ അവർ നോക്ക് ഔട്ട് റൗണ്ടും ഉറപ്പിച്ചു.

ചെന്നൈയിന്റെ ആധിപത്യം തന്നെ ആയിരുന്നു തുടക്കം മുതൽ. പത്താം മിനിറ്റിൽ ഷീൽഡ്സിന്റെ ക്രോസിൽ ഫാറൂഖ് ഗോളിന് അടുത്തെത്തിയെങ്കിലും ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 22ആം മിനിറ്റിൽ ഇതേ താരങ്ങളുടെ മികവിൽ ചെന്നൈയിൻ ലീഡ് എടുത്തു. ബോക്സിന്റെ ഇടത് ഭാഗത്ത് നിന്നും ഷീൽഡ്സ് നൽകിയ പാസ് റഫീഖ് കൃത്യമായി വലയിൽ എത്തിച്ചു. മറെയെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി റഹീം അലി ലീഡ് ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഷീൽഡ്സിന്റെ ക്രോസിൽ റഹീം അലിയുടെ ഹെഡർ പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. 84ആം മിനിറ്റിൽ അവസാന ഗോൾ എത്തി. ബോക്സിന് പുറത്തു നിന്നും ക്രിവല്ലാരോ തൊടുത്ത ഷോട്ട് എതിർ താരത്തിൽ തട്ടി ഉയർന്ന ശേഷം പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയപ്പോൾ കീപ്പർക്കും രക്ഷപ്പെടുത്താൻ ആയില്ല.

ഡ്യൂറന്റ് കപ്പ്; പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും വിജയം കൈവിടാതെ ഷില്ലോങ് ലജോങ് എഫ്സി

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഡിയിൽ ആദ്യ വിജയം സ്വന്തമാക്കി ഷില്ലോങ് ലജോങ് എഫ്സി. ഇന്ന നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡൗൺടൗൺ ഹീറോസിനെയാണ് അവർ കീഴടക്കിയത്. ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളും തോൽവി നേരിട്ട ഷില്ലോങ്ങിന് ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരം അഭിമാന പോരാട്ടം ആയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഹോകിപ് റെഡ് കാർഡ് കണ്ടു ടീം പത്തു പേരിലേക്ക് ചുരുങ്ങിയിട്ടും ഷില്ലോങ് പൊരുതി ജയം സ്വാന്തമാക്കുകയായിരുന്നു. മത്സരത്തിൽ കുറിച്ച മൂന്ന് ഗോളുകളും ഷില്ലോങ് താരം റോണ്ണെ വിൽസൺ ഖർബുദോണിന്റെ പേരിലാണ് കുറിച്ചത് എന്നതും പ്രത്യേകതയാണ്. ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. ഡൗൺടൗണിന്റെ ഗ്രൂപ്പിലെ ആദ്യ മത്സരമായിരുന്നു ഇത്.

മത്സരം പത്ത് മിനിറ്റ് പൂർത്തിയവുമ്പോഴേക്കും ഷില്ലോങ് പത്ത് പേരിലേക്ക് ചുരുങ്ങിയിരുന്നു. ഡൗൺടൗൺ ഗോൾ മുഖത്ത് ഇരച്ചെത്തിയ ഷില്ലോങ്ങിന് വേണ്ടി ഹാർഡി ക്ലിഫ് തൊടുത്ത ഷോട്ട് കീപ്പർ തടുത്തപ്പോൾ കൗണ്ടർ ആക്രമണം നടത്തുകയായിരുന്നു എസെകീൽ. എന്നാൽ താരത്തെ തടയാൻ ബോക്‌സ് വിട്ടിറങ്ങിയ ഗോൾ കീപ്പർ ഹോക്കിപിന്റെ ശ്രമം ഫൗളിൽ കലാശിച്ചതോടെ റഫറി റെഡ് കാർഡ് വീശി. പിറകെ 23ആം മിനിറ്റിൽ സെൽഫ് ഗോളിന്റെ രൂപത്തിൽ ഷില്ലോങ്ങിന് വീണ്ടും തിരിച്ചടിയേറ്റു. ഡൗൺടൗണിന്റെ ക്രോസ് ക്ലിയർ ചെയ്യാനുള്ള പ്രതിരോധ താരം റോണ്ണെ വിൽസന്റെ ശ്രമം സ്വന്തം പോസ്റ്റിൽ അവസാനിച്ചു. എന്നാൽ ആദ്യ പകുതിയിൽ തന്നെ ഗോൾ മടക്കാൻ ഷില്ലോങ്ങിനായി. കോർണറിൽ നൊന്നെത്തിയ ബോൾ ഫിഗോ പോസ്റ്റിന് കണക്കാക്കി നൽകിയപ്പോൾ നേരത്തെ സെൽഫ് ഗോളിന് കാരണക്കാരനായ വിൽസൺ തന്നെ ഹെഡറിലൂടെ വല കുലുക്കി. ഒടുവിൽ 52ആം മിനിറ്റിൽ പിച്ചിന്റെ മധ്യഭാഗത്ത് നിന്നെത്തിയ ഫ്രീകിക്കിൽ നിന്നും മറ്റൊരു ഹെഡർ ശ്രമത്തിലൂടെ വിൽസൻ തന്നെ ടീമിന്റെ വിജയ ഗോളും നേടി.

ഡ്യൂറന്റ് കപ്പ്; സമനിലയിൽ പിരിഞ്ഞു നോർത്ത് ഈസ്റ്റും എഫ്സി ഗോവയും

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന മത്സരത്തിൽ പോയിന്റ് പങ്കു വെച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡും എഫ്സി ഗോവയും.റൗളിൻ ബോർജെസ്, നോവ സദോയി എന്നിവർ ഗോവക്ക് വേണ്ടി വല കുലുക്കി. മൻവീർ സിങ്ങിന്റെ ഗോളും സന്ദേഷ് ജിങ്കന്റെ സെൽഫ് ഗോളുമാണ് നോർത്ത് ഈസ്റ്റിന് തുണക്കെത്തിയത്. ഇതോടെ ആദ്യ മത്സരം ജയിച്ചിരുന്ന ഇരു ടീമുകളും തുല്യ പോയിന്റുമായി ഗ്രൂപ്പിൽ ആദ്യ സ്ഥാനങ്ങളിൽ തുടരുകയാണ്. ഗോൾ വ്യത്യാസത്തിൽ ഗോവ ആണ് മുൻപിൽ. കൂടാതെ അവസാന മത്സരം ടീമുകൾക്ക് നിർണായകമായിരിക്കുകയാണ്.

തുടക്കത്തിൽ ഇരു ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാതെയാണ് മത്സരം മുന്നേറിയത്. ഗോവ നടത്തിയ ഒരു നീക്കത്തിനൊടുവിൽ വിക്റ്റർ റോഡ്രിഗ്വസിന്റെ പാസ് ഉദാന്തയിൽ എത്താതെ നോർത്ത് ഈസ്റ്റ് കീപ്പർ മിർഷാദ് കൈക്കലാക്കി. 24ആം മിനിറ്റിൽ ധീരജിന്റെ വലിയ പിഴവിൽ നിന്നും ഗോവ ഗോൾ വഴങ്ങി. മൻവീർ സിങ് അടുത്തു വരുന്നത് കണ്ടിട്ടും ബോക്സിന് പുറത്ത് പന്ത് വെച്ചു താമസിപ്പിച്ച കീപ്പർ, എതിർ താരത്തിന് ഗോൾ നേടാൻ അവസരം നൽകുകയായിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഗോവക്ക് സമനില ഗോൾ കണ്ടെത്താനായി. കോർണറിൽ നിന്നെത്തിയ ബോൾ നിലം തൊടുന്നതിന് മുൻപ് വല തുളക്കുന്ന ഷോട്ടുമായി റൗളിൻ ബോർജെസ് ആണ് സ്‌കോർ തുല്യനിലയിൽ ആക്കിയത്.

അൻപതിയൊന്നാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ലീഡ് തിരിച്ചു പിടിച്ചു. ബോക്സിന്റെ വലത് ഭാഗത്ത് നിന്നും മൻവീർ സിങ്, സുന്ദർ ഗോഗോയിക്ക് കണക്കാക്കി നൽകിയ പാസ് ക്ലിയർ ചെയ്യാനുള്ള സന്ദേഷ് ജിങ്കന്റെ ശ്രമം സ്വന്തം പോസ്റ്റിലാണ് അവസാനിച്ചത്. മുഴുവൻ സമയത്തിന് പത്ത് മിനിറ്റ് ബാക്കി നിൽക്കെ നോവ സദോയിയെ നോർത്ത് ഈസ്റ്റ് ഡിഫെൻസി വീഴ്‌ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുത്ത താരം അനായാസം ലക്ഷ്യം കണ്ടതോടെ മത്സരം സമനിലയിൽ കലാശിച്ചു.

ഡ്യൂറന്റ് കപ്പ്; രാജസ്ഥാനെ കീഴടക്കി ഒഡീഷക്ക് ആദ്യ വിജയം

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എഫിൽ ഒഡീഷ എഫ്സിക്ക് ആദ്യ വിജയം. അസമിലെ സായ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആതിഥേയർ കീഴടക്കുകയായിരുന്നു. ചന്ദ്ര മോഹൻ മുർമു, അഫോബ സിങ് എന്നിവർ ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ റിച്ചാർഡ്സൻ ഡെൻസിലാണ് രാജസ്ഥാന്റെ ഏക ഗോൾ കണ്ടെത്തിയത്. ആദ്യ മത്സരത്തിൽ വിജയവുമായി ആരംഭിച്ച രാജസ്ഥാന് തിരിച്ചടി ആണ് ഇന്നത്തെ ഫലം. തോൽവിയോടെ തുടങ്ങിയ ഒഡീഷയുടെ യുവനിരക്ക് ആവട്ടെ മൂന്ന് പോയിന്റും നേടാൻ ആയി. ഇതോടെ ഗ്രൂപ്പിലെ പോരാട്ടം കടുത്തിരിക്കുകയാണ്.

ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടാനുള്ള അവസരം രാജസ്ഥാൻ കളഞ്ഞു കുളിക്കുന്നത് കണ്ടാണ് മത്സരം ആരംഭിച്ചത്. ലാൽചുങ്നുങ്ങയുടെ മുന്നേറ്റത്തിനോടുവിൽ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നായി സോമക്ക് ലഭിച്ച അവസരം പക്ഷെ പുറത്തേക്ക് പോകുന്നതാണ് കണ്ടത്. മിനിറ്റുകൾക്ക് ശേഷം കാർത്തിക്കിന്റെ ഷോട്ട് രാജസ്ഥാൻ കീപ്പർ സച്ചിൻ തടുത്തിട്ട ബോളിൽ ഗോൾ നേടാനുള്ള സുവർണാവസരം ഒഡീഷയുടെ പുങ്തെയും നഷ്ടപ്പെടുത്തി. ആഡ്വിന്റെ ലോങ് റേഞ്ചും രാജസ്ഥാൻ കീപ്പർ സേവ് ചെയ്തു.

രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റ് ആവുമ്പോൾ ഒഡീഷ കാത്തിരുന്ന ഗോൾ എത്തി. ആഡ്വിന്റെ കോർണറിൽ നിന്നെത്തിയ ബോൾ രാഹുൽ പോസിറ്റിന് തൊട്ടു മുൻപിലേക്ക് ഹെഡ് ചെയ്തിട്ടപ്പോൾ തക്കം പാർത്തിരുന്ന ചന്ദ്ര മുർമു ശക്തിയേറിയ ഷോട്ടിലൂടെ വല കുലുക്കി. എന്നാൽ വെറും മൂന്ന് മിനിറ്റിനുള്ളിൽ രാജസ്ഥാൻ സമനില ഗോൾ കണ്ടെത്തി. ബോക്സിനു പുറത്തു നിന്നും ഡെൻസിൽ തൊടുത്ത വെടിച്ചില്ലു കണക്കെയുള്ള ഷോട്ട് കീപ്പറുടെ കൈകളിൽ തട്ടി പോസ്റ്റിലേക്ക് തന്നെ കയറി. എന്നാൽ തളരാതെ പോരാടിയ ഒഡീഷ 63ആം മിനിറ്റിൽ വിജയ ഗോൾ സ്വന്തമാക്കി. രാഹുലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് നിർണായക ഗോൾ പിറന്നത്. കിക്ക് എടുത്ത അഫോബാ, പോസ്റ്റിന്റെ വലത് മൂലയിലേക്ക് പന്തെത്തിച്ചു. 80 ആം മിനിറ്റിൽ ത്രോയിൽ നന്നെത്തിയ ബോളിൽ ഒഡീഷ ഗോൾ മുഖത്ത് കൂട്ടപൊരിച്ചിൽ ഉണ്ടായെങ്കിലും ഗോൾ ലൈൻ സേവുമായി ഡിഫെൻസ് ഉറച്ചു നിന്നതോടെ ടീം വിജയം സ്വന്തമാക്കി.

ഡ്യൂറന്റ് കപ്പ്; മലയാളി താരം ബ്രിട്ടോ ഗോൾ കണ്ടെത്തിയിട്ടും മുഹമ്മദൻസിനോട് കീഴടങ്ങി ഇന്ത്യൻ നേവി

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ നേവിയെ കീഴടക്കി മുഹമ്മദൻ സ്പോർട്ടിങ്.
ഡേവിഡ് ലാലൻസംഗ, രേംസാങ്ങ എന്നിവർ ജേതാക്കൾക്കായി ഗോൾ നേടിയപ്പോൾ മലയാളി താരമായ ബ്രിട്ടോ ആണ് ഇന്ത്യൻ നേവിയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ഗ്രൂപ്പിൽ തുടർ വിജയവുമായി മുംബൈ സിറ്റി അടുത്ത റൗണ്ടിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ മുഹമ്മദൻസിന് അടുത്ത മത്സരത്തിൽ വലിയ തിരിച്ചു വരവ് നടത്തിയാൽ മികച്ച രണ്ടാം സ്ഥാനക്കാർക്കു വേണ്ടിയുള്ള സ്ഥാനത്തിൽ പ്രതീക്ഷ ആർപ്പിക്കാം.

ഗോൾ രഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. പന്ത്രണ്ടാം മിനിറ്റിൽ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ഡേവിഡ് ലാലൻസംഗയുടെ ശ്രമം നേവി കീപ്പർ വിഷ്ണു തടുത്തതും താരത്തിന്റെ കൗണ്ടർ അറ്റാക്കിൽ നിന്നുള്ള മറ്റൊരു ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയതും ആയിരുന്നു ആദ്യ പകുതിയിലെ പ്രധാന അവസരങ്ങൾ. നഹ്വെൽ ഗോമസിന്റെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി തെറിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുഹമ്മദൻ സ്പോർട്ടിങ് ലീഡ് നേടി. ബികാശിന്റെ ബോക്സിനുള്ളിലേക്കുള്ള ത്രൂ ബോൾ പിടിച്ചെടുത്ത ലാലൻസംഗ പ്രതിരോധ താരത്തെയും കീപ്പറേയും വീട്ടിയൊഴിഞ്ഞു ലക്ഷ്യം കാണുകയായിരുന്നു. പിറകെ ഗോമസിന്റെ ലോങ് റേഞ്ചറിൽ വിഷ്ണുവിന്റെ മനോഹരമായ സേവ് നേവിയുടെ രക്ഷക്കെത്തി. അറുപതിയോൻപതാം മിനിറ്റിൽ രേംസാങ്ങ ലീഡ് ഇരട്ടിയാക്കി. ലാലൻസാംഗയാണ് ഇത്തവണ അസിസ്റ്റുമായി ചരട് വലിച്ചത്. അവസാന മിനിറ്റുകളിൽ ഗോൾ മടക്കാൻ ഇന്ത്യൻ നേവി കിണഞ്ഞു ശ്രമിച്ചു. 89ആം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നും ബ്രിട്ടോയുടെ ഹെഡർ പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. എന്നാൽ മത്സരം അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കെ ബ്രിട്ടോയിലൂടെ തന്നെ നേവി ഒരു ഗോൾ മടക്കി. പെനാൽറ്റി ബോക്സിനുള്ളിൽ നിന്നുള്ള ഫൗളിൽ റഫറി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ താരം അനായാസം ലക്ഷ്യം കാണുകയായിരുന്നു.

ഡ്യൂറന്റ് കപ്പ്; പോയിന്റ് പങ്കു വെച്ച് പഞ്ചാബും ബംഗ്ലാദേശ് ആർമിയും

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന മത്സരത്തിൽ സമനിലയിൽ പിരിഞ്ഞു പഞ്ചാബ് എഫ്സിയും ബംഗ്ലാദേശ് ആർമിയും. കൊൽക്കത്തയിൽ വെച്ചു നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിതമായി പിരിയുകയായിരുന്നു. ആദ്യ മത്സരത്തിൽ തോൽവിയോടെ ആരംഭിച്ച ബംഗ്ലാദേശ് ടീമിന്റെ തുടർച്ചയായ രണ്ടാം സമനില ആണിത്. പഞ്ചാബിന് ആദ്യ പോയിന്റ് കരസ്ഥമാക്കും ഇന്ന് കഴിഞ്ഞു. ബംഗ്ലാദേശ് ആർമിക്ക് മുന്നോട്ടുള്ള വഴി അടഞ്ഞു കഴിഞ്ഞു. പഞ്ചാബിനും നോക്ഔട്ട് റൗണ്ടിലേക്ക് കടക്കുന്നത് കഠിനം തന്നെ.

ഗോൾ രഹിതമായ മത്സരത്തിൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിക്കുന്നതും കുറവായിരുന്നു. ലഭിച്ച അവസരങ്ങളിൽ കീപ്പർമാരുടെ കരങ്ങൾ ടീമുകളുടെ രക്ഷക്കത്തി. അഞ്ചാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നും ഹെഡർ ഉതിർക്കാനുള്ള പഞ്ചാബ് താരം റിക്കിയുടെ ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്നു. എതിർ ബോക്സിലേക്ക് എത്തിയ പഞ്ചാബ് നീക്കങ്ങളും ഗോൾ കണ്ടെത്താൻ മാത്രം പോന്നതായിരുന്നില്ല. ഇരു കീപ്പർമാരും മികച്ച സേവുകൾ പുറത്തെടുത്തു. ബംഗ്ലാദേശ് താരം കമ്രുൽ ഇസ്‌ലാമിന്റെ ഒരു തകർപ്പൻ ലോങ് റേഞ്ചർ രവി കുമാർ ലോകോത്തര സെവോടെ തട്ടിയകറ്റി. എതിർ താരങ്ങളെ ഒന്നൊന്നായി മറി കടന്ന് ലാലിംപുയ ബോക്സിനുള്ളിൽ നിന്നും തൊടുത്ത ഷോട്ട് കീപ്പർക്ക് നേരെ ആയിരുന്നു. തൊട്ടു പിറകെ ഹ്വാൻ മിറ തൊടുത്ത ഷോട്ടും പുറത്തേക്ക് തട്ടിയകറ്റി കീപ്പർ അഷ്റഫുൽ ബംഗ്ലാദേശ് ടീമിനെ ഗോൾ വഴങ്ങാതെ കാത്തു.

ഡ്യൂറന്റ് കപ്പ്; ഹൈദരാബാദിനെ കീഴടക്കി ചെന്നൈയിൻ എഫ്‌സിയുടെ അരങ്ങേറ്റം

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഈ യിൽ ഐഎസ്എൽ വമ്പന്മാർ മുഖാമുഖം വന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ മലർത്തിയടിച്ച് ചെന്നൈയിൻ എഫ്സിക്ക് ടൂർണമെന്റ് അരങ്ങേറ്റം. ഷീൽഡ്സ്, ജോർദാൻ മറെ എന്നിവ ചെന്നൈയിന് വേണ്ടി വല കുലുക്കി. അലക്‌സ് സാജിയുടെ സെൽഫ് ഗോളും അവർക്ക് അനുകൂലമായി. ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റൻ സാന സിങ് ആശ്വാസ ഗോൾ കണ്ടെത്തി. ലീഡ് വഴങ്ങിയ ശേഷം തിരിച്ചു വന്നായിരുന്നു ചെന്നൈയിന്റെ വിജയം. ഇതോടെ ചെന്നൈയിൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ രണ്ടു മത്സരങ്ങളിലും ജയം കാണാത്തത് ഹൈദരാബാദിന് തിരിച്ചടിയാണ്. ഡൽഹി എഫ്സിയോടുള്ള സമനില മാത്രമാണ് അവരുടെ സമ്പാദ്യം.

മൂന്നാം മിനിറ്റിൽ തന്നെ റഫറിയുടെ പെനാൽറ്റി വിസിൽ കേട്ടാണ് മത്സരം ഉണർന്നത്. കോർണറിൽ നിന്നെത്തിയ ബോളിൽ ഷോട്ട് ഉതിർക്കാനുള്ള ഹൈദരാബാദ് താരം ഹിതേഷിന്റെ ശ്രമം ജിതേഷ്വർ സിങ് തടയാൻ ശ്രമിച്ചത് ഫൗളിൽ കലാശിക്കുകയായിരുന്നു. കിക്ക് എടുത്ത സാന സിങ് പന്ത് കൃത്യമായി വലയിൽ എത്തിച്ചു. എന്നാൽ തൊട്ടു പിറകെ ചെന്നൈയിൻ ഗോൾ തിരിച്ചടിക്കാൻ നീക്കമാരംഭിച്ചു. ആറാം മിനിറ്റിൽ ഇടത് വിങ്ങിൽ നിന്നും ഫാറൂഖിന്റെ പോസ്റ്റിന് മുന്നിലേക്കുള്ള ക്രോസ് തടയാനുള്ള അലക്‌സ് സാജിയുടെ ശ്രമം പക്ഷെ, സെൽഫ് ഗോളായി മാറുകയായിരുന്നു. പതിനഞ്ചാം മിനിറ്റിൽ ഹൈദരാബാദ് ഡിഫെൻസിന്റെ വമ്പിച്ച പിഴവ് മുതലാക്കി ഷീൽഡ്സ് ടീമിന് ലീഡ് സമ്മാനിച്ചു. പാസ് നൽകാനുള്ള കീപ്പറുടെ ശ്രമം എതിർ താരമായ മറെയിലേക്ക് എത്തിയപ്പോൾ ബോസ്‌കിനുള്ളിൽ തടയാൻ ആരുമില്ലാതെ നിന്ന കൊണ്ണോർ ഷീൽഡ്സ് പാസ് സ്വീകരിച്ച് അനായാസം നിറയൊഴിച്ചു. 32ആം മിനിറ്റിൽ താരത്തിന്റെ മറ്റൊരു തകർപ്പൻ ഷോട്ട് കീപ്പർ തടുത്തിട്ടു.

രണ്ടാം പകുതിക്ക് വിസിൽ മുഴങ്ങി സെക്കന്റുകൾക്കകം ചെന്നൈയിൻ സ്‌കോർ പട്ടിക പൂർത്തിയാക്കി. 30 എതിർ ഡിഫെൻസിന് മുകളിലൂടെ തൂക്കിയിട്ട് നൽകിയ പന്ത് ഓടിയെടുത്ത ജോർദാൻ മറെ, കീപ്പർ മാത്രം മുന്നിൽ നിൽക്കെ അനായാസം ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ കൂടുതൽ ഗോളുകൾ വഴങ്ങുമെന്ന പ്രതീതി ഹൈദരാബാദ് സൃഷ്ടിച്ചെങ്കിലും ഇതെ സ്‌കോറിൽ തന്നെ മത്സരം അവസാനിപ്പിക്കാൻ അവർക്കായി. ഹൈദരാബാദ് ഡിഫൻസിലെ ആശയക്കുഴപ്പം മത്സരത്തിൽ ഉടനീളം പ്രകടമായിരുന്നു.

ഡ്യൂറന്റ് കപ്പ്; പൊരുതി സമനില നേടി ഡൽഹി എഫ്സി

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഇയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും സമനില വഴങ്ങി ഡൽഹി എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ നേപ്പാൾ ക്ലബ്ബ് ത്രിഭുവൻ ആർമി എഫ്സിയേയാണ് ഡൽഹി സമനിലയിൽ തളച്ചത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ ഗിരിക്ക് നേടിയ ഗോൾ ടീമിന്റെ രക്ഷക്കെത്തുകയായിരുന്നു. ദിനേശ് ഹെഞ്ചാൻ നേപ്പാൾ ക്ലബ്ബിന് വേണ്ടി വല കുലുക്കി. ഡൽഹി ആദ്യ മത്സരത്തിൽ ഹൈദരാബാദിനോടും പോയിന്റ് പങ്കു വെച്ചിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളിൽ നിന്നും രണ്ടു പോയിന്റുമായി നിലവിൽ ഗ്രൂപ്പിൽ ഒന്നാമതാണ് അവർ. നാളെ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹൈദരാബാദ് ചെന്നൈയിൻ എഫ്സിയെ നേരിടും.

മൂന്ന് സെൻട്രൽ ഡിഫന്റർമാരെ അണിനിരത്തി ആക്രമണാത്മകമായ ഫോർമേഷനിലാണ് ഡൽഹി കളത്തിൽ എത്തിയത്. ഏഴാം മിനിറ്റിൽ തന്നെ ത്രിഭുവന്റെ സുദിൽ ബോസ്‌കിലേക്ക് കുതിച്ച് പോസ്റ്റിന് മുന്നിൽ നിന്നും തൊടുത്ത ഷോട്ട് കീപ്പർ രക്ഷപ്പെടുത്തി. ഹിമാൻഷുവിന്റെ തകർപ്പൻ ഒരു ഫ്രീകിക്ക് ത്രിഭുവൻ കീപ്പർ തട്ടിയകറ്റിയത് പോസ്റ്റിൽ തട്ടി തെറിച്ചു. 40ആം മിനിറ്റിൽ ത്രിഭുവൻ ആർമി ലീഡ് എടുത്തു. പന്ത് കൈക്കലാക്കുന്നതിൽ വലിയ പിഴവ് വരുത്തിയ കീപ്പറുടെ നീക്കം മുതലെടുത്ത് കമൽ നൽകിയ പാസിൽ ദിനേശ് ഹെഞ്ചാൻ ആണ് വല കുലുക്കിയത്.

രണ്ടാം പകുതിയിൽ സമനില ഗോളിനായി ഡൽഹി ശ്രമങ്ങൾ ആരംഭിച്ചു. ഫഹദിന്റെ ക്രോസിൽ ഗിരിക്കിന് പോസ്റ്റിന് മുന്നിൽ നിന്നും ലക്ഷ്യം കാണാൻ ആയില്ല. വോളി ഉതിർക്കാനുള്ള ഹിമാൻഷുവിന്റെ ശ്രമവും പൊസിറ്റിന് മുകളിലൂടെ കടന്ന് പോയി. മറ്റൊരു അവസരത്തിൽ പന്ത് കൈക്കലാക്കുന്നതിൽ പിഴച്ച നേപ്പാൾ കീപ്പറുടെ പിഴവും മുതലെടുക്കാൻ ഹിമാൻഷുവിനായില്ല. ഗിരിക്കിന്റെ തകർപ്പൻ ഒരു ഷോട്ട് നേപ്പാൾ കീപ്പർ ബികേശ് മികച്ചൊരു ഡൈവിങ്ങിലൂടെ സേവ് ചെയ്തു. ഒടുവിൽ നിരവധി ശ്രമങ്ങൾക്ക് ശേഷം 87ആം മിനിറ്റിൽ ഡൽഹി സമനില ഗോൾ കണ്ടെത്തി. കുന്തലിന്റെ ന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തിരിച്ചു വന്നപ്പോൾ തക്കം പാർത്തിരുന്ന ഗിരിക്ക് ഹെഡറിലൂടെ പന്ത് വലയിലേക്ക് തന്നെ തിരിച്ചു വിടുകയായിരുന്നു.

Exit mobile version