ഇഞ്ചുറി ടൈമിലെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ; വമ്പൻ തിരിച്ചു വരവുമായി നോർത്ത് ഈസ്റ്റ്, ജംഷദ്പൂരിന് നിരാശ

തോൽവി മുന്നിൽ കണ്ട സന്ദർഭങ്ങളിൽ നിന്നും നിമിഷ നേരം മത്സരം കൈപ്പിടിയിൽ ഒതുക്കി നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ വമ്പൻ തിരിച്ചു വരവ്. ഐഎസ്എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ, ഇഞ്ചുറി ടൈമിൽ വീണ രണ്ടു ഗോളുകളുടെ ബലത്തിൽ ജംഷദ്പൂരിനെ അവർ വീഴ്ത്തുകയായിരുന്നു. സബാക്കോ, ഇബ്‌സൻ മെലോ എന്നിവർ ജേതാക്കൾക്ക് വേണ്ടി വല കുലുക്കിയപ്പോൾ ഡാനി ചുക്വു ആണ് ജംഷദ്പൂരിന് വേണ്ടി വല കുലുക്കിയത്. ഇതോടെ തുടർ സമനിലകൾക്ക് ശേഷം വീണ്ടും വിജയ വഴിയിൽ എത്താനും നോർത്ത് ഈസ്റ്റിനായി. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാമതാണ് അവർ. ജംഷദ്പൂർ ആറാമതാണ്.

തുടക്കത്തിൽ തന്നെ എതിർ പ്രതിരോധത്തിന്റെ പിഴവിൽ ചുക്വു ഗോളിന് അടുത്തെത്തിയെങ്കിലും കീപ്പർ സമയോചിതമായി ഇടപെട്ടു. അലൻ സ്റ്റവാനോവിച്ചിനെ കീപ്പർ ഫൗൾ ചെയ്തതിന് 19ആം മിനിറ്റിൽ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുക്കാൻ വന്ന ചുക്വുവിന്റെ ഷോട്ട് കീപ്പർ മിർഷാദ് തടഞ്ഞിട്ടെങ്കിലും രണ്ടാം ശ്രമത്തിൽ താരം വല കുലുക്കുക തന്നെ ചെയ്തു. പിന്നീട് നോർത്ത് ഈസ്റ്റ് പലപ്പോഴും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും എല്ലാം എതിർ ബോക്സിലെത്തി വിഫലമായി പോയി. പലപ്പോഴും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാനും അവർക്ക് സാധിച്ചില്ല.

രണ്ടാം പകുതിയിലും നോർത്ത് ഈസ്റ്റിന്റെ സമനില ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ല. ഗനിയുടെ ക്രോസിൽ നിന്നും ആശീർ അഖ്തറിന്റെ മികച്ചൊരു ഹെഡർ പോസ്റ്റിനരികിലൂടെ കടന്ന് പോയി. പിന്നീട് അഷീറിന്റെ ലോങ് റേഞ്ച് ഷോട്ടും പോസ്റ്റിനിരുമി കടന്ന് പോയി. പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് സബാക്കോയുടെ ഹെഡറും കൈകളിൽ അവസാനിച്ചു. നിരവധി അവസരങ്ങൾ പാഴായി പോകുന്നതിനിടെ ഇഞ്ചുറി ടൈമിൽ സബാക്കോ തന്നെ സമനില ഗോൾ നേടി. ബോക്സിലേക്ക് എത്തിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ജംഷദ്പൂരിന് പിഴച്ചപ്പോൾ സബാക്കോ പന്ത് വലയിലേക്ക് തട്ടിയിട്ടു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലാണ് ഗോൾ വന്നത്. പിറകെ ഫിലിപ്പോറ്റോവിനെ ലാൽദിൻപുയ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ നോർത്ത് ഈസ്റ്റിന് മത്സരത്തിൽ ആദ്യമായി ലീഡ് നേടാനുള്ള അവസരം കൈവന്നു. കിക്ക് എടുത്ത ഇബ്‌സൻ മെലോ ഒട്ടും പിഴക്കാതെ പന്ത് വലയിൽ എത്തിച്ചപ്പോൾ ആതിഥേയ ഫാൻസിന്റെ ആരവം ആർത്തിരമ്പി. ഇതോടെ മത്സരം നോർത്ത് ഈസ്റ്റ് മത്സരം കൈക്കലാക്കി.

ചെന്നൈയിനെ നടുക്കി വണ്ടർ ഗോളുകൾ; ഒടുവിൽ ഐഎസ്എൽ വിജയം കുറിച്ച് നോർത്ത് ഈസ്റ്റിന്റെ തിരിച്ചു വരവ്

ഐഎസ്എല്ലിൽ പത്തോളം മത്സരങ്ങളിൽ വിജയമറിയാതെ നീങ്ങിയ നോർത്ത് ഈസ്റ്റ് ഒടുവിൽ പുതിയ സീസണിലെ രണ്ടാം മത്സരത്തിൽ തന്നെ വിജയവഴിയിലേക്ക് തിരിച്ചെത്തിയപ്പോൾ തിലകക്കുറി ചാർത്തി കൊണ്ട് എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ. പാർത്ഥിബും ഫാൽഗുനിയും അഷീറും കുറിച്ച മനോഹരമായ ഗോളുകൾക്ക് മുന്നിൽ മറുപടി ഇല്ലാതെ വന്നപ്പോൾ, ചെന്നൈയിന് സീസണിലെ രണ്ടാം മത്സരത്തിലും പോയിന്റ് കണ്ടെത്താൻ ആയില്ല. നോർത്ത് ഈസ്റ്റ് ആവട്ടെ മറക്കാൻ ആഗ്രഹിക്കുന്ന കഴിഞ്ഞ സീസണിൽ നിന്നും തങ്ങൾ കരകയറി എന്ന കൃത്യമായ സൂചനയും നൽകി. ജയത്തോടെ നാലാം സ്ഥാനത്താണ് നിലവിൽ നോർത്ത് ഈസ്റ്റ്.

നിരവധി അവസരങ്ങളാണ് ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ലഭിച്ചത്. എന്നാൽ ലക്ഷ്യം കാണുന്നതിൽ ടീമുകൾ തുടർച്ചയായി പരാജയപ്പെട്ടു കൊണ്ടിരുന്നു. ആദ്യ നിമിഷങ്ങളിൽ ചെന്നൈ മുന്നേറ്റത്തിനെതിരെ നോർത്ത് ഈസ്റ്റ് പ്രതിരോധം ഉറച്ചു നിന്നതും നിർണായകമായി. ക്രിവല്ലരോ പോസ്റ്റിന് തൊട്ടടുത്തു നിന്നായി ഉതിർത്ത ഷോട്ട് ഗോൾ ലൈൻ സേവിലൂടെയാണ് നോർത്ത് ഈസ്റ്റ് രക്ഷിച്ചെടുത്തത്. നെസ്റ്ററിന്റെ തകർപ്പൻ ഒരു ഷോട്ട് സാമിക് മിത്ര തടുത്തു. ക്രിവല്ലറോയുടെ മികച്ചൊരു ത്രൂ ബോൾ പിടിച്ചെടുത്ത് ഷീൽഡ്സ് തൊടുത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ബോക്സിനുള്ളിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന ഫാറൂഖ് ചൗധരിക്ക് ലഭിച്ച സുവർണാവസരത്തിനും ഇതേ ഗതി ആയിരുന്നു. പാസുകൾ കോർത്തിണക്കി നോർത്ത് ഈസ്റ്റ് നടത്തിയ മുന്നേറ്റത്തിനൊടുവിൽ പാർത്ഥിബ് തൊടുത്ത ഷോട്ട് ചെന്നൈയിൻ പ്രതിരോധം തടുത്തു. ആകാശിന്റെ ക്രോസിൽ നിന്നും ബാറ്റോഷിയോ, ഫാറുഖ് എന്നിവർക്ക് ലഭിച്ച അവസരവും മുതലെടുക്കാൻ ആയില്ല. ഒടുവിൽ 43ആം മിനിറ്റിൽ നോർത്ത് ഈസ്റ്റ് സമനില പൂട്ട് പൊട്ടിച്ചു. പോസ്റ്റിന്റെ ഇടത് ഭാഗത്ത് ബോക്സിന് പുറത്തു നിന്നും പന്ത് ലഭിച്ച പാർത്ഥിബ് ഗോഗോയി തടയാൻ എത്തിയ എതിർ താരങ്ങളെ മറികടന്ന് കൃത്യമായി ലക്ഷ്യത്തിലേക്ക് ഉതിർത്ത തകർപ്പൻ ലോങ് റേഞ്ചറിലൂടെ തന്റെ പ്രതിഭ ഒരിക്കൽ കൂടി വെളിപ്പെടുത്തി. ഇതോടെ ആദ്യ പകുതി നോർത്ത് ഈസ്റ്റിന് ലീഡുമായി പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നോർത്ത് ഈസ്റ്റ് ലീഡ് ഉയർത്തി. ഇടത് കൗണ്ടറിലൂടെ എത്തിയ നീക്കത്തിൽ സബാക്കോയുടെ പാസ് സ്വീകരിച്ച് ഇടത് വിങ്ങിൽ നിന്നും നെസ്റ്റർ തൊടുത്ത ക്രോസ് ഫാൽഗുണി ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിൽ എത്തിച്ചു. ഇതോടെ നോർത്ത് ഈസ്റ്റ് മത്സരത്തിൽ കൂടുതൽ ആധിപത്യം പുലർത്തി. എന്നാൽ ആദ്യ പകുതിയിലെ പോലെ തുടർച്ചയായ അവസരങ്ങൾ ഇരു ഭാഗത്തും പിന്നീട് പിറന്നില്ല. എതിർ താരങ്ങളെ ഒന്നൊന്നായി മറികടന്ന് മീതെയ് നടക്കിയ നീക്കവും ഗോൾ ആക്കാൻ സാധിക്കാതെ വന്നതോടെ ചെന്നൈയുടെ പ്രതീക്ഷകളും അവസാനിച്ചു. ഒടുവിൽ ഇഞ്ചുറി ടൈമിൽ നോർത്ത് ഈസ്റ്റ് ചെന്നൈയിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. ബോക്സിനും വാരകൾ അകലെ നിന്ന് അഷീർ തൊടുത്ത ലോങ് റേഞ്ചർ വലയിൽ പതിച്ചപ്പോൾ ആരാധകർ പോലും അന്തിച്ചു നിന്നു.

ഡ്യൂറന്റ് കപ്പ്; തിരിച്ചടിച്ചു വിജയം സ്വന്തമാക്കി നോർത്ത് ഈസ്റ്റ്, കേരളാ ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിൽ നിന്നും പുറത്ത്

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായകമായ അവസാന മത്സരത്തിൽ വിജയം നേടി നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇന്ന് ഡൗൺടൗൺ ഹീറോസിനെയാണ് അവർ കീഴടക്കിയത്. നോക് ഔട്ട് പ്രവേശനത്തിന് വിജയം ഉറപ്പാക്കേണ്ടിയിരുന്ന ഐഎസ്എൽ ടീമിന് വേണ്ടി ഇബ്‌സൻ, ഫിലിപ്പോറ്റൂ, പാർത്ഥിബ് ഗോഗോയി എന്നിവർ വല കുലുക്കി. പർവജ്‌ ബുയ്യ ഡൗൺടൗണിന്റെ ഗോൾ കുറിച്ചു. ജയത്തോടെ ഏഴു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഗോവക്കോപ്പം നോർത്ത് ഈസ്റ്റ് എത്തിയെങ്കിലും ഗോൾ വ്യത്യാസത്തിൽ ഗോവ തന്നെയാണ് മുന്നിൽ. ഇതോടെ നാളെ എയർ ഫോഴ്‌സിനെതിരെ വിജയിച്ചാലും കേരള ബ്ലാസ്റ്റേഴ്‌സിന് പ്രീ ക്വർട്ടറിൽ കടക്കാൻ കഴിയില്ലെന്ന് ഉറപ്പായി.

നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ചു കൊണ്ട് ഡൗൺടൗണാണ് ആദ്യം വല കുലുക്കിയത്. ഒൻപതാം മിനിറ്റിൽ തന്നെ പർവജിലൂടെ അവർ ലക്ഷ്യം കണ്ടു. എസ്കീലിന്റെ ഷോട്ട് നിയന്ത്രിക്കാനുള്ള കീപ്പറുടെ ശ്രമം പാളിയപ്പോൾ കൃത്യമായി ഇടപെട്ട് താരം വല കുലുക്കുകയായിരുന്നു. മത്സരം അരമണിക്കൂർ പിന്നിടവേ കോർണറിൽ നിന്നും എസ്കീലിന്റെ ഹെഡർ ലക്ഷ്യം കാണാതെ അവസാനിച്ചു.

ആദ്യ പകുതി ലീഡ് വഴങ്ങി കൊണ്ട് അവസാനിപ്പിച്ച നോർത്ത് ഈസ്റ്റ് പക്ഷെ, രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റ് തികയുന്നതിന് മുൻപ് സമനില ഗോൾ നേടി. ബോക്സിലേക്ക് എത്തിയ ക്രോസ് മിഗ്വെൽ സബാകോ ഹെഡറിലൂടെ മറിച്ചു നൽകിയ വലയിൽ എത്തിച്ചു കൊണ്ട് ഇബ്‌സനാണ് വല കുലുക്കിയത്. അൻപതാം മിനിറ്റിൽ ഫിലിപ്പോറ്റൂവിലൂടെ നോർത്ത് ഈസ്റ്റ് ലീഡും കരസ്ഥമാക്കി. എതിർ ബോക്സിന് തൊട്ടു പുറത്തു നിന്നും ഡൗൺടൗൺ താരത്തിൽ നിന്നും പന്ത് റഞ്ചുയെടുത്ത ഫിലിപ്പോറ്റൂ എതിർ താരങ്ങളെ മറികടന്ന് മുന്നേറി വല കുലുക്കുകയായിരുന്നു. 77ആം മിനിറ്റിൽ പിറകിൽ നിന്നെത്തിയ ലോങ് ബോൾ കാലിൽ കൊരുത്തു കൊണ്ട് ബോക്സിലേക്ക് കയറി പാർത്ഥിബ് നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് വിജയം ഉറപ്പിച്ചു. പിന്നീട് ഇമാദിന്റെയും അഫ്രീന്റെയും ഷോട്ടുകൾ തടഞ്ഞു കൊണ്ട് കീപ്പർ മിർഷാദും നിർണായ മത്സരത്തിൽ ടീമിന്റെ രക്ഷക്കെത്തി

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് മുംബൈ സിറ്റി

പോയിന്റ് പട്ടികയുടെ രണ്ടറ്റത്തുമുള്ള ടീമുകൾ ഏറ്റു മുട്ടിയ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് മുംബൈ സിറ്റി. മുംബൈയിൽ വെച്ചു നടന്ന മത്സരത്തിൽ വിനീത് റായിയും പെരേര ഡിയാസും ജഹോഹും വലകുലുക്കിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു. ഇതോടെ മുംബൈക്ക് തലപ്പത്ത് ഏഴു പോയിന്റ് ലീഡായി. നോർത്ത് ഈസ്റ്റ് സീസണിലെ പതിമൂന്നാം തോൽവി ആണ് ഏറ്റു വാങ്ങിയത്.

അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ പ്ലേയോഫിന് യോഗ്യത നേടിയ മുംബൈ സിറ്റി പക്ഷെ, ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് വിളിച്ചോതിയാണ് മത്സരം ആരംഭിച്ചത്. ഒന്നാം പകുതിയിൽ നാല് ഗോളുകളാണ് അവർ എതിർ പോസ്റ്റിൽ അവർ നിക്ഷേപിച്ചത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ മുബൈ ലീഡ് എടുത്തു. അഹ്മദ് ജഹോഹിന്റെ ഫ്രീകിക്ക് ഒരു ഡിഫ്ലെക്ഷനോടെ വലയിൽ പതിക്കുകയായിരുന്നു. നോർത്ത് ഈസ്റ്റിനെ കാഴ്ച്ചകാരാക്കി കൊണ്ട് ആറു മിനിറ്റിനു ശേഷം മുംബൈ ലീഡ് ഉയർത്തി. വലത് വിങ്ങിൽ നിന്നും എതിർ താരങ്ങളെ മറികടന്ന് മുന്നേറിയ ചാങ്തെ നൽകിയ പാസിൽ പെരേര ഡിയാസാണ് ലക്ഷ്യം കണ്ടത്. പതിനഞ്ചാം മിനിറ്റിൽ അലക്‌സ് സജിയുടെ സെൽഫ് ഗോളിൽ മുംബൈ മൂന്നാം ഗോൾ നേടി. ഗ്രെഗ് സ്റ്റിവർട്ടിന്റെ ഷോട്ട് തടയാനുള്ള സജിയുടെ ശ്രമം ഗോളിൽ കലാശിക്കുകയായിരുന്നു. പിന്നീട് പെരേര ഡിയാസിന്റെ ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. നാല്പത്തിയഞ്ചാം മിനിറ്റിൽ മുംബൈ നാലാം ഗോൾ കണ്ടെത്തി. വിനീത് റായ് ആണ് ഇത്തവണ വല കുലുക്കിയത്. ഇഞ്ചുറി ടൈമിൽ ഡിയാസിനെ ഫൗൾ ചെയ്തതിന് വിൽമർ ഗിൽ രണ്ടാം മഞ്ഞക്കാർഡ് കാണുക കൂടി ചെയ്തതോടെ പത്തു പേരുമായാണ് നോർത്ത് ഈസ്റ്റ് രണ്ടാം പകുതിക്ക് ഇറങ്ങിയത്.

എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ ഒന്നും പിറന്നില്ല. ജയം ഉറപ്പിച്ച മുംബൈ സിറ്റി, ജഹോഹ്, ബിപിൻ സിങ്, ഗ്രെഗ് സ്റ്റുവാർട് എന്നിവരെ നേരത്തെ തന്നെ പിൻവലിച്ചു. മുംബൈ തന്നെ പന്തിന്മേലുള്ള ആധിപത്യം തുടർന്നപ്പോൾ കൂടുതൽ ഗോളുകൾ വഴങ്ങാതെ ഇരിക്കാനായിരുന്നു നോർത്ത് ഈസ്റ്റിന്റെ ശ്രമം. എൺപതിയെട്ടാം മിനിറ്റിൽ വിക്രം സിങിനെ ഗുർജിന്ദർ കുമാർ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പെരേര ഡിയാസിന് ലക്ഷ്യത്തിൽ എത്തിക്കാനായില്ല. താരത്തിന്റെ ഷോട്ട് നോർത്ത് ഈസ്റ്റിന്റെ മലയാളി കീപ്പർ മിർഷാദ് മിച്ചു തടുക്കുകയായിരുന്നു. ഇതോടെ തോൽവി അറിയാതെ 15 ഐ എസ് എൽ മത്സരങ്ങളും മുംബൈ സിറ്റി എഫ്‌സി പൂർത്തിയാക്കി.

നോര്‍ത്തീസ്റ്റ് ഹൃദയങ്ങള്‍ തകര്‍ത്ത് ബെംഗളൂരുവിന്റെ വിജയ ഗോളുമായി അലന്‍ കോസ്റ്റ

നോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ വിജയം നേടി ബെംഗളൂരു എഫ്സി. മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നിൽക്കവെയാണ് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ തങ്ങളുടെ ഹോം മത്സരത്തിൽ ബെംഗളൂരു വിജയം കുറിച്ചത്.

ഐഎസ്എലില്‍ ഇന്ന് നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സി നോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സി പോരാട്ടത്തിന് ആവേശകരമായ അന്ത്യം. മത്സരം സമനിലയിലേക്ക് പോകുമെന്ന തോന്നിച്ച നിമിഷത്തിൽ മത്സരത്തിന്റെ 87ാം മിനുട്ടിലാണ് നോര്‍ത്തീസ്റ്റ് യുണൈറ്റഡിന്റെ ഹൃദയങ്ങള്‍ തകര്‍ത്ത ഗോള്‍ അലന്‍ കോസ്റ്റ നേടിയത്.

ബെംഗളൂരു വിജയം ഉറപ്പിച്ചുവെന്ന് കരുതിയപ്പോള്‍ നോര്‍ത്തീസ്റ്റ് ഇഞ്ചുറി ടൈമിൽ ഗോള്‍ മടക്കിയെങ്കിലും അത് ഓഫ് സൈഡ് വിധിക്കപ്പെട്ടതോടെ മത്സരം ബെംഗൂരു സ്വന്തമാക്കി. റഫറിയുടെ തെറ്റായ തീരുമാനമാണ് നോര്‍ത്തീസ്റ്റിന് അര്‍ഹമായ സമനില നഷ്ടപ്പെടുത്തിയത്.

ബെംഗളൂരൂ നോര്‍ത്തീസ്റ്റ് ലൈനപ്പ് അറിയാം

ഐഎസ്എലില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന ബെംഗളൂരു എഫ്സിയും നോര്‍ത്തീസ്റ്റ് യുണൈറ്റഡും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനു സ്റ്റേജ് സജ്ജം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുടെ ഹോം ഗ്രൗണ്ടായ ഗുവഹാട്ടി ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയര്‍ 4-2-3-1 ഫോര്‍മാറ്റിലാണ് അണി നിരക്കുന്നത്. അതേ സമയം ബെംഗളൂരു 4-1-4-1 എന്ന ഫോര്‍മാറ്റിലാണ് നോര്‍ത്തീസ്റ്റിനെ നേരിടുവാന്‍ ഒരുങ്ങുന്നത്.

രണ്ടാം ജയം തേടി പൂനെ, ആത്മവിശ്വാസത്തോടെ നോർത്ത് ഈസ്റ്റ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പൂനെ എഫ് സി- നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് പോരാട്ടം. പൂനെയുടെ മൈതാനത്ത് ഇന്ന് വൈകിട്ട് 7.30 നാണ് മത്സരം കിക്കോഫ്. പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തുള്ള പൂനെക്ക് മികച്ച ഫോമിലുള്ള നോർത്ത് ഈസ്റ്റിനെ വീഴ്ത്തുക എന്നത് എളുപമാക്കില്ല. നിലവിൽ നാലാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്.

ഡിയഗോ കാർലോസിന്റെയും, മാറ്റ് മിൽസിന്റെയും ഗോളുകളുടെ പിൻബലത്തിൽ കഴിഞ്ഞ ആഴ്ച്ച ജംഷെഡ്പൂരിനെ വീഴ്ത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് പൂനെ ഇറങ്ങുക. ഇയാൻ ഹ്യുമിന്റെ വരവ് ആത്മവിശ്വാസം നിറച്ച ക്യാമ്പിൽ രണ്ടാം ജയം തന്നെയാവും പൂനെ ലക്ഷ്യമിടുക. മാർസെലിനോ, ആഷിക് എന്നിവരുമായൊക്കെ ഹ്യൂം എങ്കിനെ പങ്കാളിത്തം സ്ഥാപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ ഭാവി.

കേരളം ബ്ളാസ്റ്റേഴ്സിനെ ഇഞ്ചുറി ടൈമിൽ മറികടന്ന ജയത്തോടെയാണ് നോർത്ത് ഈസ്റ്റ് എത്തുന്നത്. ബ്ളാസ്റ്റേഴ്സിനെതിരെ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം നടത്തിയ മാസിയ ഇന്ന് ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യതയുണ്ട്. പിറകിൽ പോയാലും ശക്തമായി തിരിച്ചു വരാനുള്ള കെൽപ്പ് ഉണ്ടെന്ന് സീസണിൽ പല തവണ തെളിയിച്ച നോർത്ത് ഈസ്റ്റിനെ വീഴ്ത്താൻ പൂനെ ഇന്ന് ശക്തമായ പോരാട്ടം തന്നെ നടത്തേണ്ടി വരുമെന്ന് ഉറപ്പാണ്.

ഡല്‍ഹിയില്‍ ആവേശകരമായ ആദ്യ പകുതിയില്‍ ഗോളില്ല

ഐഎസ്എല്‍ 2018-19 സീസണിലെ 23ാം മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായ സമനിലയില്‍ പിരിഞ്ഞ് ഡല്‍ഹി ഡൈനാമോസും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികവ് പുലര്‍ത്തിയത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണെങ്കിലും ഗോള്‍ നേടുവാന്‍ മാത്രം ടീമിനായില്ല. ആറാം മിനുട്ടില്‍ ഹൈലാന്‍ഡേഴ്സിന്റെ ഗോള്‍ കീപ്പര്‍ പവന്‍ കുമാറിന്റെ പിഴവ് മുതലാക്കുവാന്‍ കഴിയാതെ പോയത് ഡല്‍ഹിയ്ക്ക് മുന്നിലെത്തുവാനുള്ള അവസരം നഷ്ടമാവുന്നത് കണ്ടു.

ഒഗ്ബചെയുടെ മികവില്‍ നിരന്തരം ആക്രമണം അഴിച്ചുവിടുവാന്‍ നോര്‍ത്തീസ്റ്റിനു സാധിച്ചുവെങ്കിലും ഡല്‍ഹിയുടെ വല ചലിപ്പിക്കുവാന്‍ ടീമിനായില്ല. മത്സരത്തിന്റെ 26ാം മിനുട്ടില്‍ ഡല്‍ഹി ഒരു പെനാള്‍ട്ടി ഭീഷണിയെയും അതിജീവിച്ചു. ഡല്‍ഹിയുടെ മുന്നേറ്റനിരക്കാര്‍ അധികം ബുദ്ധിമുട്ടിച്ചില്ലെങ്കിലും തന്റെ പിഴവുകള്‍ മൂലം നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ പവന്‍ കുമാര്‍ ടീമിന്റെ ക്യാമ്പില്‍ പരിഭ്രാന്തി പരത്തുന്ന രണ്ട് മൂന്ന് അവസരങ്ങള്‍ സൃഷ്ടിച്ചു.

40ാം മിനുട്ടില്‍ നോര്‍ത്തീസ്റ്റിനു ലഭിച്ച അവസരം ഡല്‍ഹി പ്രതിരോധം അവസരത്തിനൊത്തുയര്‍ന്ന് തട്ടിത്തെറിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം ഡല്‍ഹി ഗോള്‍കീപ്പറുടെ മികവില്‍ ടീം ഗോള്‍ വഴങ്ങാതെ രക്ഷപ്പെടുകയായിരുന്നു. ആദ്യ പകുതിയുടെ അവസാനത്തോടു കൂടി ചില അവസരങ്ങള്‍ ഡല്‍ഹിയും സൃഷ്ടിച്ചുവെങ്കിലും ഡല്‍ഹിയില്‍ കളി കാണാനെത്തിയ ആരാധകര്‍ക്ക് മികച്ചൊരു പകുതി ഒരുക്കുവാന്‍ ഇരു ടീമുകള്‍ക്കും ആയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

44ാം മിനുട്ടില്‍ ഗുര്‍വീന്ദര്‍ സിംഗ് പരിക്കേറ്റ് പുറത്തായത് നോര്‍ത്തീസ്റ്റിനു തിരിച്ചടിയായി. പകരം ലാല്‍താതംഗ കളത്തിലിറങ്ങി.

Exit mobile version