Screenshot 20230822 175517 X

ഡ്യൂറന്റ് കപ്പ്; ഹാട്രിക്കുമായി ആരോൺ, ജയത്തോടെ ടൂർണമെന്റിനോട് വിടപറഞ്ഞു ഹൈദരാബാദ്

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഈയിൽ അവസാന മത്സരത്തിൽ ജയവുമായി ഹൈദരാബാദ് എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ത്രിഭുവൻ ആർമിയേയാണ് ഐഎസ്എൽ ടീം കീഴടക്കിയത്. ഹാട്രിക്കുമായി തിളങ്ങിയ ആരോൺ ഡി സിൽവയുടെ മികവിൽ ഹൈദരാബാദ് ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കുകയായിരുന്നു. ഇരു ടീമുകളും നേരത്തെ നോക്ഔട്ട് കാണാതെ പുറത്തായിരുന്നു.

പതിനാറാം മിനിറ്റിൽ തന്നെ ആരോൺ ഗോളടി ആരംഭിച്ചു. ഇടത് വിങ്ങിൽ നിന്നും ചുങ്ത ഉയർത്തി നൽകിയ ക്രോസിൽ ഹെഡർ ഉതിർത്താണ് താരം ആദ്യ ഗോൾ കണ്ടെത്തിയത്. 24ആം മിനിറ്റിൽ അടുത്ത ഗോൾ എത്തി. എതിർ പ്രതിരോധത്തെ കീറി മുറിച്ചു യാസിർ നൽകിയ ത്രൂ ബോൾ കൃത്യമായി ഓടിയെടുത്ത ആരോൺ ഗോളിയെയും മറികടന്ന് ഗോൾ വല കുലുക്കി. ത്രിഭുവൻ ആർമിക്ക് ലഭിച്ച അവസരങ്ങളിൽ ഒന്നിൽ ഫറ്റെമാന്റെ ശ്രമം കീപ്പർ തടുത്തു.

രണ്ടാം പകുതിയിലും ഗോൾ വഴങ്ങാതെ കീപ്പർ ഹൈദരാബാദിനെ കാത്തു. ത്രിഭുവന്റെ ഒരു ശ്രമം തടഞ്ഞിട്ടപ്പോൾ പിറകെ വന്ന മറ്റൊരു ഷോട്ടും ഗുകർമീത് തടഞ്ഞു. 69ആം മിനിറ്റിൽ ആരോൺ പട്ടിക തികച്ചു. ബോക്സിനുള്ളിൽ എതിർ താരത്തെ വെട്ടിയൊഴിഞ്ഞ താരം കീപ്പറേയും കീഴടക്കിയപ്പോൾ ഹൈദരാബാദ് ജയം ഉറപ്പിച്ചു. ഒടുവിൽ നവയുഗിന്റെ ലോങ് റേഞ്ചറും പോസ്റ്റിന് മുകളിലൂടെ കടന്ന് പോയപ്പോൾ ആശ്വാസ ഗോൾ കണ്ടെത്താമെന്ന നേപ്പാൾ ക്ലബ്ബിന്റെ മോഹവും അവസാനിച്ചു.

Exit mobile version