മുംബൈ സിറ്റിയെ തകർത്ത് മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് സെമിയിൽ

Newsroom

ഡ്യൂറണ്ട് കപ്പിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച് മോഹൻ ബഗാൻ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ മുംബൈയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മോഹൻ ബഗാൻ തോൽപ്പിച്ചത്‌. മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ ഒരു പെനാൾട്ടിയിലൂടെ ലീഡ് എടുക്കാൻ മോഹൻ ബഗാനായി. കമ്മിൻസിനെ വീഴ്ത്തിയതിനു കിട്ടിയ പെനാൾട്ടി താരം തന്നെ ലക്ഷ്യത്തിൽ എത്തിച്ചു.

Picsart 23 08 27 19 46 12 005

28ആം മിനുട്ടിൽ പെരേര ഡിയസിന്റെ ഒരു ക്ലോസ് റേഞ്ചിൽ നിന്നുള്ള ഫിനിഷ് മുംബൈ സിറ്റിക്ക് സമനില നൽകി. എന്നാൽ ഈ സമനില ഏതാനും നിമിഷങ്ങളേ നീണ്ടു നിന്നുള്ളൂ. 31ആം മിനുട്ടിൽ മൻവീർ സിംഗിലൂടെ മോഹൻ ബഗാൻ ലീഡ് തിരിച്ചുപിടിച്ചു. അഹ്മദ് ജാഹുവിന്റെ ക്രോസിൽ നിന്ന് ആയിരുന്നു മൻവീറിന്റെ ഫിനിഷ്. സ്കോർ 2-1.

മത്സരത്തിന്റെ 63ആം മിനുട്ടിൽ അൻവർ അലിയിലൂടെ മോഹൻ ബഗാൻ മൂന്നാം ഗോളും കണ്ടെത്തി. ആഷിക് കുരുണിയന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു അൻവറിന്റെ ഫിനിഷ്. ഈ ഗോൾ ബഗാന്റെ വിജയം ഉറപ്പിച്ചു.

സെമി ഫൈനലിൽ ഇനി എഫ് സി ഗോവയെ ആകും ബഗാൻ നേരിടുക. മറ്റൊരു സെമിയിൽ ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റിനെയും നേരിടും.