ബ്ലാസ്റ്റേഴ്സിന്റെ പ്രശാന്തിന് ഒരു ഗോളും ഒരു അസിസ്റ്റും, ദേവഗിരി കോളേജ് സെമിയിൽ

ഇന്ത്യൻ എക്സ്പ്രസ്സ് നടത്തുന്ന ഗോൾ ടൂർണമെന്റിൽ ദേവഗിരി സെന്റ് ജോസഫ് കോളേജ് സെമിയിൽ. ഇന്നലെ കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ എം ഡി കോളേജ് പഴഞ്ഞിയെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് ദേവഗിരി സെമി ഉറപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു സെന്റ് ജോസഫിന്റെ വിജയം. കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് സെന്റ് ജോസഫിനായി തകർപ്പൻ പ്രകടനം ഇന്നലെ കാഴ്ചവെച്ചു.

ഒരു ഗോളും ഒരു അസിസ്റ്റുമാണ് പ്രശാന്ത് സ്വന്തമാക്കിയത്. കളിയുടെ ആദ്യ 17 മിനുട്ടിൽ തന്നെ ദേവഗിരി മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. പ്രശാന്ത് മാത്രമല്ല ഷാഹിൽ ടി കെയും ഇന്നലെ ദേവഗിരിക്കായി മിന്നി. കളിയിൽ രണ്ടു ഗോളുകൾ ഷാഹിലിന്റെ ബൂട്ടിൽ നിന്നായിരുന്നു. കഴിഞ്ഞ റൗണ്ടിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ ഏക ഗോളിനാണ് ദേവഗിരി തോൽപ്പിച്ചത്.