പയ്യന്നൂർ കോളേജിനെതിരെ സെന്റ് തോമസിന്റെ മാരക തിരിച്ചുവരവ്

ഇന്ത്യൻ എക്സ്പ്രസ്സ് ഒരുക്കുന്ന ഗോൾ 2019 ഇന്റർ കോളേജ് ടൂർണമെന്റിൽ സെന്റ് തോമസ് കോളേജ് തൃശ്ശൂർ സെമി ഫൈനലിൽ. ഇന്നലെ പയ്യന്നൂർ കോളേജിനെതിരെ നടത്തിയ മാരക തിരിച്ചുവരവ് ആണ് സെന്റ് തോമസിനെ സെമിയിൽ എത്തിച്ചത്. ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിറകിലായിരുന്ന സെന്റ് തോമസ് തിരിച്ചടിച്ച് 4-2ന്റെ വിജയമാണ് സ്വന്തമാക്കിയത്.

23ആം മിനുട്ടിൽ ആദർശും 38ആം മിനുട്ടിൽ ജിഷ്ണുവും നേടിയ ഗോളുകൾ ആയിരുന്നു പയ്യന്നൂർ കോളേജിനെ മുന്നിൽ എത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ വൻ തിരിച്ചുവരവ് തന്നെ സെന്റ് തോമസ് നടത്തി. 46ആം മിനുട്ടിൽ ഗോൾ നേടി ബിബിൻ ഫ്രാൻസിസ് ആയിരുന്നു തിരിച്ചുവരവിന് തുടക്കമിട്ടത്. 62ആം മിനുട്ടിൽ അനൂപിന്റെ ഗോൾ കളി 2-2 എന്നാക്കി. പിന്നീട് 71ആം മിനുട്ടിൽ സജിത് സെന്റ് തോമസിന് ലീഡു നൽകി. സജിത് തന്നെ കളിയുടെ അവസാനം ഒരു ഗോളും കൂടെ നേടി സെന്റ് തോമസിന്റെ വിജയവും സെമി പ്രവേശനവും ഉറപ്പിച്ചു. കഴിഞ്ഞ വർഷം ഗോൾ ടൂർണമെന്റിലെ റണ്ണേഴ്സ് അപ്പായിരുന്നു സെന്റ് തോമസ്.