കോപ്പ ഡെൽ റേ സെമി ഫൈനൽ രണ്ടാം പാദത്തിൽ ബാഴ്സലോണയെ തകർത്ത് റയൽ മാഡ്രിഡ് ഫൈനലിലേക്ക് കടന്നു. എതിരില്ലാത്ത നാല് ഗോളിന്റെ വമ്പൻ ജയം ആണ് മാഡ്രിഡ് ക്യാമ്പ് ന്യൂവിൽ കുറിച്ചത്. കരീം ബെൻസിമയുടെ ഹാട്രിക്ക് പ്രകടനം ആണ് റയലിനെ തുണച്ചത്. ഫൈനലിൽ ഒസാസുന ആണ് അവരുടെ എതിരാളികൾ. കഴിഞ്ഞ മത്സരങ്ങളിൽ റയലിനെ വീഴ്ത്തിയ ബാഴ്സക്ക് തോൽവി വലിയ തിരിച്ചടി ആയി.
ഇരു ടീമുകളും കാര്യമായ സമ്മർദ്ദം ചെലുത്താൻ മെനക്കെടാതെ ഇരുന്നതോടെ ആദ്യ പകുതിയിൽ മത്സരം കൂടുതലും മൈതാന മധ്യത്തിലായിരുന്നു. എതിർ പകുതിയിൽ ബോൾ കൂടുതൽ കൈവശം വെക്കാനായിരുന്നു ബാഴ്സയുടെ ശ്രമം. റയൽ മാഡ്രിഡ് കൗണ്ടർ അവസരങ്ങൾക്കായി കാത്തിരുന്നു. സെർജി റോബർട്ടോക്ക് ബോക്സിനുള്ളിൽ നിന്നും ലഭിച്ച അവസരവും ബെൻസിമക്ക് ലഭിച്ച ഹെഡർ അവസരവും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതി സമനിലയിൽ അവസാനിക്കും എന്നു കരുതി ഇരിക്കെ റയലിന്റെ ഗോൾ എത്തി. ബാഴ്സയുടെ മികച്ച ഒരു മുന്നേറ്റം കുർട്ടോ തടുത്തിട്ടതിൽ നിന്നും കൗണ്ടർ അറ്റാക്ക് ആരംഭിച്ച റയൽ, എതിർ ബോക്സിലേക്ക് കുതിച്ചു. ബെൻസിമയുടെ പാസിൽ വിനിഷ്യസിന്റെ ഷോട്ട് കുണ്ടേ സേവ് ചെയ്തെങ്കിലും പന്ത് ഗോൾ വര കടന്നു.
രണ്ടാം പകുതിയിൽ റയൽ നിർത്തിയേടത്ത് നിന്നും തുടങ്ങി. 49ആം മിനിറ്റിൽ മോഡ്രിച്ചിന്റെ പാസിൽ നിന്നും ബെൻസിമ വല കുലുക്കി. ഇതോടെ അഗ്രിഗേറ്റ് സ്കോറിലും ലീഡ് ആയ റയൽ മത്സരത്തിന്റെ ആധിപത്യം പൂർണമായി ഏറ്റെടുത്തു. 57ആം മിനിറ്റിൽ കേസ്സി വിനിഷ്യസിനെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. ബെൻസിമ അനായാസം ഗോൾ കണ്ടെത്തി. ഇതോടെ ബാഴ്സ പലപ്പോഴും ബോൾ കൈവശം വെക്കുന്നതിൽ പോലും പിറകിൽ പോയി. 80 ആം മിനിറ്റിൽ ബെൻസിമയുടെ ഹാട്രിക് ഗോൾ എത്തി. മറ്റൊരു കൗണ്ടർ നീക്കത്തിലൂടെ എത്തിയ വിനിഷ്യസ് പന്ത് ബോക്സിനുള്ളിൽ ബെൻസിമക്ക് പന്ത് മറിച്ചു നൽകിയപ്പോൾ കീപ്പറേ മറികടക്കേണ്ട ചുമതലയെ ബെൻസിമക്ക് ഉണ്ടായിരുന്നുള്ളൂ. പിന്നീട് അരഹുവോ വിനിഷ്യസിനെ തള്ളിയിട്ടതിന് പിറകെ മത്സരം വാക്പൊരിലേക്ക് തിരിഞ്ഞു.