കോപ്പ അമേരിക്കയിൽ മെസ്സിക്കും അർജന്റീനക്കും തോൽവിയോടെ തുടക്കം 

കോപ്പ അമേരിക്കയിൽ അർജന്റീനക്ക് തോൽവിയോടെ തുടക്കം. കൊളംബിയയാണ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് അർജന്റീനയെ തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കൊളംബിയ രണ്ടു ഗോളുകളും നേടിയത്.

ആദ്യ പകുതിയിൽ പൂർണ്ണമായും കൊളംബിയൻ ആധിപത്യം കണ്ട മത്സരത്തിൽ അർജന്റീന പലപ്പോഴും മത്സരത്തിൽ താളം കണ്ടെത്താൻ വിഷമിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയ അർജന്റീന ഗോളിന് അടുത്ത് എത്തിയെങ്കിലും കൊളംബിയ പോസ്റ്റിൽ ഓസ്പിനയുടെ സേവ് അർജന്റീനക്ക് ഗോൾ നിഷേധിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ മത്സരത്തിൽ പൂർണ്ണമായി അർജന്റീനയാണ് ആധിപത്യം പുലർത്തിയെങ്കിലും കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് റോജർ മാർട്ടിനസിലൂടെ കൊളംബിയ മത്സരത്തിൽ ലീഡ് നേടിയത്. ഒരു ഗോളിന് പിറകിൽ പോയതോടെ സബ്സ്റ്റിട്യൂട് നടത്തി മത്സരത്തിലേക്ക് തിരിച്ചുവരാൻ അർജന്റീന ശ്രമം നടത്തിയെങ്കിലും പകരക്കാരനായി ഇറങ്ങിയ ഡുവൻ സപറ്റയിലൂടെ കൊളംബിയ രണ്ടാമത്തെ ഗോളും നേടി മത്സരത്തിൽ ജയം ഉറപ്പിക്കുകയായിരുന്നു.