മെസിക്കും സംഘത്തിനും ആശ്വാസം, ഖത്തറിനെ വീഴ്ത്തി അർജന്റീന അടുത്ത റൗണ്ടിൽ

കോപ്പ അമേരിക്കയിൽ ഖത്തറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വീഴ്ത്തി അർജന്റീന കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഉറപ്പിച്ചു. അടുത്ത റൗണ്ടിലെത്താൻ ജയം അനിവാര്യമായിരുന്നു അർജന്റീന കോപ്പ അമേരിക്കയിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കുകയായിരുന്നു. ജയിച്ചെങ്കിലും മത്സരത്തിൽ പൂർണമായ ആധിപത്യം നിലനിർത്താൻ അർജന്റീനക്കായിരുന്നില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കൊളംബിയ പരാഗ്വയെ തോൽപിച്ചതോടെ അർജന്റീന രണ്ടാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. കൊളംബിയയാണ്  ഗ്രൂപ്പ് ചാമ്പ്യന്മാർ.

മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ അർജന്റീന മുൻപിലെത്തി. ഖത്തർ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ലൗറ്ററോ മാർട്ടിനസ് ആണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. ഗോൾ വഴങ്ങിയെങ്കിലും  മികച്ച ആത്മവിശ്വാസത്തോടെ കളിച്ച ഖത്തർ പലപ്പോഴും മത്സരത്തിൽ അവസരങ്ങൾ സൃഷ്ട്ടിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല.

തുടർന്ന് രണ്ടാം പകുതിയിൽ അർജന്റീന ആക്രമണം ശക്തമാക്കിയെങ്കിലുംഗോൾ നേടാൻ അർജന്റീനക്കായില്ല. തുടർന്ന് മത്സരത്തിന്റെ 82മത്തെ മിനുട്ടിൽ ഒറ്റക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ അഗ്വേറൊ അർജന്റീനക്ക് രണ്ടാമത്തെ ഗോളും അടുത്ത റൗണ്ടിലേക്കുള്ള യോഗ്യതയും നേടികൊടുക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ വെനിസ്വലയാവും അർജന്റീനയുടെ എതിരാളികൾ.