ഇംഗ്ലണ്ടിൽ ഇന്ന് കളി ആരംഭം, കമ്മ്യുണിറ്റി ഷീൽഡിൽ ചെൽസി സിറ്റിക്കെതിരെ

ഇംഗ്ലണ്ടിൽ ഫുട്‌ബോൾ സീസണ് തുടക്കം കുറിക്കുന്ന കമ്മ്യുണിറ്റി ഷീൽഡ് മത്സരത്തിൽ ചെൽസി ഇന്ന് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 7.30 നാണ് മത്സരം കിക്കോഫ്.

പ്രീമിയർ ലീഗ് ജേതാക്കളും എഫ് എ കപ്പ് ജേതാക്കളും തമ്മിൽ ഏറ്റു മുട്ടുന്ന പോരാട്ടം പക്ഷെ ഇത്തവണ ഇരു ടീമുകളും രണ്ടാം നിര ടീമുമായിട്ടാകും ഇറങ്ങുക. ലോകകപ്പ് ഇടവേള കഴിഞ്ഞ് ഇരു ടീമിലെയും പ്രധാന താരങ്ങളെല്ലാം വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ അവരാരും ഇന്ന് കളിക്കാൻ ഇടയില്ല.

പുതിയ പരിശീലകൻ മൗറീസിയോ സാരിക്ക് കീഴിൽ ഇറങ്ങുന്ന ചെൽസി പുതുയുഗ ആരംഭം കിരീടത്തോടെ തുടങ്ങാനാകും ലക്ഷ്യമിടുക. പോയ സീസണിലെ മിന്നും ഫോം തുടരാൻ തന്നെയാകും സിറ്റിയും ലക്ഷ്യം വെക്കുക. ഒരേ ശൈലി പിന്തുടരുന്ന സാരിയും ഗാർഡിയോളയും തമ്മിലുള്ള പോരാട്ടവും ഇന്ന് ശ്രദ്ധേയമാകും.

ചെൽസി നിരയിൽ വില്ലിയൻ മടങ്ങി എത്തിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയില്ല. പ്രീ സീസണിൽ തിളങ്ങിയ 17 വയസുകാരൻ കാലം ഹഡ്സൻ ഓഡോയിയാകും ഇന്ന് ഹസാർഡിന്റെ പകരം ഇടത് വിങ്ങിൽ കളിക്കുക. സ്ട്രൈക്കർ റോളിൽ മൊറാട്ട തന്നെയാകും ഇറങ്ങുക. പ്രതിരോധത്തിൽ ഡേവിഡ് ലൂയിസിന് ഒപ്പം റൂഡിഗർ കളിച്ചേക്കും.

സിറ്റി നിരയിൽ ഡു ബ്രെയ്, ഡേവിഡ്‌സിൽവ, കെയിൽ വാൾക്കർ, ജോൻസ് സ്റ്റോൻസ് എന്നിവർ ഉണ്ടാവില്ല എങ്കിലും സാനെ, ലപോർട്ട് എന്നിവർ ഉറപ്പായും ഉണ്ടാകും. ഗോൾ കീപ്പറായി ബ്രാവോയാകും ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial