മഞ്ഞ് മാറിയപ്പോൾ തീപാറി!! അറ്റലാന്റയെ പുറത്താക്കിചാമ്പ്യൻസ് ലീഗിൽ വിയ്യറയൽ മുന്നോട്ട്

ഇന്നലെ മഞ്ഞു കാരണം മാറ്റിവെച്ച ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അറ്റലാന്റ വിയ്യറയൽ പോരാട്ടം ഇന്ന് നടന്നപ്പോൾ ആതിഥേയരായ അറ്റലാന്റയ്ക്ക് ഞെട്ടൽ. ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ സ്വന്തം ഗ്രൗണ്ടിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് അറ്റലാന്റ ഏറ്റു വാ‌ങ്ങിയത്. ഉനായ് എമെറിയുടെ വിയ്യറയൽ മനോഹരമായ കൗണ്ടർ അറ്റാക്കിങ് ടാൽടിക്സ് ഉപയോഗിച്ചാണ് ഇന്ന് വിജയം നേടിയത്. ഇന്ന് മൂന്നാം മിനുട്ടിൽ തന്നെ ഡാഞ്ചുമയിലൂടെ വിയ്യറയൽ ലീഡ് നേടി.

ആദ്യപകുതിയുടെ അവസാനം മറ്റൊരു കൗണ്ടർ അറ്റാക്കിലൂടെ കപേയുവിലൂടെ വിയ്യറയൽ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയികെ തിരികെവരാം എന്ന് കരുതി ഇറങ്ങിയ അറ്റലാന്റയുടെ അവസാന പ്രതീക്ഷയും തകർത്തു കൊണ്ട് ഡാഞ്ചുമ 51ആം മിനുട്ടിൽ വീണ്ടും വല കുലുക്കി‌. 3-0ന് വിയ്യറയൽ മുന്നിൽ.

ഇതിനു ശേഷമായിരുന്നു അറ്റലാന്റയുടെ തിരിച്ചുവരവ്. 71ആം മിനുട്ടിൽ മലിനോസ്കിയുടെ ഷോട്ടിൽ അറ്റലാന്റയ്ക്ക് ആദ്യ ഗോൾ. ഈ ഗോൾ കഴിഞ്ഞു നാലു മിനുട്ടിനകം അറ്റലാന്റയുടെ രണ്ടാം ഗോളും വന്നു. സപാറ്റയുടെ വക ആയുരുന്നു ഗോൾ. ഇതിനു ശേഷം അറ്റലാന്റ അറ്റാക്ക് തുടർന്നു. 86ആം മിനുട്ടിൽ അറ്റലാന്റ താരം മുറിയലിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ഇടയായി. വിയ്യറയൽ അവസാനം വരെ ഡിഫൻഡ് ചെയ്ത് വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ ഗ്രൂപ്പ് എഫിൽ വിയ്യറയൽ 10 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവർ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നപ്പോൾ 6 പോയിന്റുള്ള അറ്റലാന്റ യൂറോപ്പ ലീഗിലേക്ക് പോകും.