മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയ ചെൽസിക്ക് സ്വന്തം ഗ്രൗണ്ടിൽ തോൽവി. വലൻസിയയാണ് ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. ഫ്രാങ്ക് ലാമ്പാർഡിന് കീഴിൽ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ ഇറങ്ങിയ ചെൽസി രണ്ടാം പകുതിയിൽ വഴങ്ങിയ ഏക ഗോളിന് തോൽക്കുകയായിരുന്നു.
ആദ്യ പകുതിയിൽ ചെൽസിക്കായിരുന്നു അധിപത്യമെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ട്ടിക്കുന്നതിൽ ചെൽസി പരാജയപെടുകയായിരുന്നു. വലൻസിയയാവട്ടെ പന്ത് ലഭിച്ചപ്പോഴെല്ലാം വേഗതയാർന്ന മുന്നേറ്റങ്ങളുമായി ചെൽസി പ്രതിരോധ നിരയെ പരീക്ഷിക്കുകയും ചെയ്തു. തുടർന്ന് രണ്ടാം പകുതിയിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് വലൻസിയ ഗോൾ നേടിയത്. ഫ്രീ കിക്ക് പ്രതിരോധിക്കുന്നതിൽ ചെൽസി താരങ്ങൾ വരുത്തിയ പിഴവാണ് റോഡ്രിഗോയുടെ ഗോളിൽ കലാശിച്ചത്.
തുടർന്ന് വലൻസിയ മത്സരം ജയിക്കുമെന്ന തോന്നിച്ച ഘട്ടത്തിലാണ് വാർ ചെൽസിക്ക് അനുകൂലമായി പെനാൽറ്റി അനുവദിക്കുന്നത്. പെനാൽറ്റി എടുത്ത ചെൽസി ബാർക്ലിയുടെ ശ്രമം ബാറിൽ തട്ടി പുറത്തുപോവുകയായിരുന്നു. തുടർന്നും ചെൽസി അവസരങ്ങൾ സൃഷിട്ടിച്ചെങ്കിലും വലൻസിയ ഗോൾ പോസ്റ്റിൽ സിലെസൺ ഉറച്ച് നിന്നതോടെ മത്സരത്തിൽ സമനില പിടിക്കാനുള്ള ചെൽസിയുടെ ശ്രമങ്ങൾ അവസാനിക്കുകയായിരുന്നു.