നാബി കേറ്റയും ഫർമീനോയും ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചേക്കും

ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഒരുങ്ങുന്ന ലിവർപൂളിന് പ്രതീക്ഷ നൽകുന്ന വാർത്തകൾ ആണ് പരിശീലകൻ ക്ലോപ്പ് നൽകുന്നത്. പരിക്കേറ്റ് ഈ സീസണിൽ ഇനി കളിച്ചേക്കില്ല എന്ന് കരുതിയ നാബി കേറ്റയും ഫർമീനോയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ചേക്കും എന്ന് ക്ലോപ്പ് സൂചനകൾ നൽകി. ഇപ്പോൾ സ്പെയിനിലെ മാർബെയയിൽ പരിശീലനത്തിലാണ് ലിവർപൂൾ ഉള്ളത്.

മധ്യനിരയിൽ മികച്ച ഫോമിൽ കളിക്കുകയായിരുന്ന ഗിനിയ താരം നാബി കേറ്റ പ്രീമിയർ ലീഗിന്റെ അവസന ആഴ്ചകളിലും ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിലും കളിച്ചിരുന്നില്ല. എന്നാൽ കേറ്റ ഇപ്പോൾ പരിശീലനം ആരംഭിച്ചതായും ഉടൻ തന്നെ 100 ശതമാനം ഫിറ്റ്നെസ് വീണ്ടെടുക്കും എന്നും ക്ലോപ്പ് പറഞ്ഞു. ഫർമീനോയും പരിശീലനം ആരംഭിച്ചതായി ക്ലോപ്പ് പറഞ്ഞു. എന്നാൽ ഇരു താരങ്ങളും 100 ശതമാനം ഫിറ്റ് ആണെങ്കിൽ മാത്രമേ കളിപ്പിക്കൂ എന്നും റിസ്ക് എടുത്ത് അവരെ കൂടുതൽ പരിക്കിലേക്ക് നയിക്കുകയില്ലാ എന്നും ക്ലോപ്പ് പറഞ്ഞു.