“ലോകകപ്പ് തോൽവിയുടെ അത്ര വേദന ലിവർപൂളിനോടേറ്റ തോൽവിക്കും” – മെസ്സി

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ തോൽവിയുടെ വേദന സഹിക്കാൻ ആവാത്തതാണെന്ന് ലയണൽ മെസ്സി. ഇത്തവണ ലിവർപൂളിനോട് ആദ്യ പാദത്തിൽ 3-0ന് മുന്നിട്ടു നിന്ന ശേഷമായിരുന്നു മെസ്സിയും സംഘവും രണ്ടാം പാദത്തിൽ തോറ്റത്. 2014 ലോകകപ്പ് ഫൈനലിലെ തോൽവിയുടെ അത്ര സങ്കടം തരുന്നതാണ് ഈ പരാജയം എന്ന് മെസ്സി പറഞ്ഞു.

ലോകകപ്പ് പോലെ അല്ല എന്നും ഇവിടെ തങ്ങളുടെ ടീം 3-0ന് മുന്നിൽ നിന്ന ശേഷമാണ് തോറ്റതെന്നും മെസ്സി പറഞ്ഞു. ലിവർപൂളിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ മാത്രമെ ബാഴ്സലോണ ഉണ്ടായിരുന്നുള്ളൂ. രണ്ടാം പകുതിയിൽ ലിവർപൂളിനെതിരെ പോരാടി നിൽക്കാൻ വരെ ബാഴ്സലോണക്ക് ആയില്ല എന്ന് മെസ്സി പറഞ്ഞു‌. ചാമ്പ്യൻസ് ലീഗ് കിരീടം തിരികെ കൊണ്ടു വരാൻ ആവുന്നത് ഒക്കെ ചെയ്യും എന്നായിരുന്നു താൻ പറഞ്ഞത്. പക്ഷെ തന്നെ കൊണ്ട് അതായില്ല എന്നും. ബാഴ്സലോണ ആരാധകരോട് ഇതിനു മാപ്പു പറയുന്നു എന്നും മെസ്സി പറഞ്ഞു.