യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായക പോരാട്ടമാണ്. അവർ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ വിയ്യറയലിനെ നേരിടും. ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ സീസൺ അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി ആയിരുന്നു വിയ്യറയൽ യൂറോപ്പ കിരീടത്തിൽ മുത്തമിട്ടത്. ആ പരാജയത്തിന്റെ കണക്കു കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തീർക്കേണ്ടതുണ്ട്. എന്നാൽ യുണൈറ്റഡ് അത്ര മികച്ച ഫോമിൽ അല്ല.
അവസാനം കളിച്ച നാലു മത്സരങ്ങളിൽ മൂന്നു യുണൈറ്റഡ് പരാജയപ്പെട്ടു. അതിൽ ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനോട് ഏറ്റ തോൽവിയും ഉണ്ട്. ഇന്ന് കൂടെ വിജയിക്കാൻ ആയില്ല എങ്കിൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെയുടെ ഭാവിക്ക് തന്നെ ഭീഷണി ആകും. ഇന്ന് കവാനി, സാഞ്ചോ എന്നിവർ ആദ്യ ഇലവനിൽ ഉണ്ടാകും. പരിക്ക് കാരണം ലൂക് ഷോ, ഹാരി മഗ്വയർ എന്നിവർ ഉണ്ടാകില്ല. സസ്പെൻഷൻ കാരണം റൈറ്റ് ബാക്കായ വാൻ ബിസാകയും ഇന്ന് യുണൈറ്റഡിനൊപ്പം ഇല്ല.
വിയ്യറയൽ ഈ സീസണിൽ അത്ര മികച്ച ഫോമിലേക്ക് ഉയർന്നിട്ടില്ല എങ്കിലും ഇതുവരെ അവർ ലാലിഗയിൽ പരാജയം അറിഞ്ഞിട്ടില്ല. പക്ഷെ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചും സമനില ആണ്. ഇന്ന് രാത്രി 12.30നാണ് മത്സരം.