ജിറൂദിന്റെ വണ്ടർ ഗോളിൽ അത്ലറ്റികോക്കെതിരെ ചെൽസിക്ക് ജയം

Chelsea Giroud Wonder Goal Atletico Madrid
- Advertisement -

ചാമ്പ്യൻസ് ലീഗ് പ്രീ ക്വർട്ടർ മത്സരത്തിന്റെ ഒന്നാം പാദത്തിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിനെതിരെ വമ്പൻ ജയവുമായി ചെൽസി. സ്‌ട്രൈക്കർ ഒലിവിയർ ജിറൂദിന്റെ വണ്ടർ ഗോളിലാണ് ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസി അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ഇതോടെ പുതിയ പരിശീലകനായി തോമസ് ടൂഹൽ ചുമതലയേറ്റത്തിന് ശേഷം ചെൽസി കളിച്ച 8 മത്സരങ്ങളിൽ ഒന്നിലും പോലും ചെൽസി പരാജയം അറിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിൽ നിന്നുള്ള യാത്രക്കാർക്ക് സ്പാനിഷ് സർക്കാർ വിലക്ക് ഏർപെടുത്തിയതിനെ തുടർന്ന് അത്ലറ്റികോ മാഡ്രിഡിന്റെ ഹോം മത്സരം നടന്നത് റൊമാനിയയിൽ വെച്ചായിരുന്നു.

മത്സരത്തിൽ തുടക്കം മുതൽ ചെൽസി ആധിപത്യം ആയിരുന്നെങ്കിലും വലിയ അവസരങ്ങൾ സൃഷ്ട്ടിക്കാൻ മത്സരത്തിൽ അവർക്കായിരുന്നില്ല. തുടർന്ന് രണ്ടാം പകുതിയിൽ ജിറൂദിന്റെ ഓവർ ഹെഡ് കിക്ക്‌ അത്ലറ്റികോ ഗോൾ വല കുലുക്കുകയായിരുന്നു. റഫറി ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും ദീർഘ നേരത്തെ ‘വാർ’ പരിശോധനക്ക് ശേഷം ചെൽസിക്ക് ഗോൾ അനുവദിക്കുകയായിരുന്നു. അത്ലറ്റികോ മാഡ്രിഡ് പ്രതിരോധ താരം മാരിയോ ഹെർമോസയുടെ കാലിൽ തട്ടിയ പന്താണ് ജിറൂദ് മികച്ചൊരു ഓവർ ഹെഡ് കിക്കിലൂടെ ഗോളാക്കിയത്.

മാർച്ച് 17ന് ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് രണ്ടാം പാദ മത്സരം. അതെ സമയം ഇന്നത്തെ മത്സരത്തിൽ മഞ്ഞ കാർഡ് കണ്ട ചെൽസി താരങ്ങളായ മേസൺ മൗണ്ട്, ജോർജിനോ എന്നിവർക്ക് അത്ലറ്റികോ മാഡ്രിഡിനെതിരായ രണ്ടാം പാദ മത്സരം നഷ്ട്ടമാകും.

Advertisement