ട്രെബിൾ മോഹങ്ങളിൽ സിറ്റി, പതിമൂന്ന് വർഷത്തിന് ശേഷം ഇന്റർ; ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തീ പാറും

Nihal Basheer

Ucl Final Preview
Download the Fanport app now!
Appstore Badge
Google Play Badge 1

ചരിത്രമുറങ്ങുന്ന ഇസ്‌താംബൂളിന്റെ മണ്ണിൽ പുതു ചരിത്രം കുറിക്കാൻ മാഞ്ചസ്റ്റർ സിറ്റി കച്ചകെട്ടി ഇറങ്ങുമ്പോൾ, ഒരു ദശകത്തിൽ അധികം മുൻപ് നേടിയ ചാമ്പ്യൻസ് ലീഗ് കിരീടത്തിന്റെ ഓർമകളിൽ മറ്റൊരു യൂറോപ്യൻ കിരീടം മോഹിച്ച് ഇന്റർ മിലാനും എത്തുന്നു. പെപ്പ് ഗ്വാർഡിയോളക്ക് കീഴിൽ അപാരമായ ഫോമിൽ കളിക്കുമ്പോഴും തുടർച്ചയായി കാലിടറുന്ന ചാമ്പ്യൻസ് ലീഗിന്റെ തട്ടകത്തിൽ ഒരിക്കൽ കൂടി സിറ്റിയുടെ കിരീട മോഹങ്ങൾ ഒരു കയ്യകലെ എത്തി നിൽക്കുകയാണ്. പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് സാക്ഷാൽ ജോസ് മൗറീഞ്ഞോക്ക് കീഴിൽ യൂറോപ്പിന്റെ ജേതാക്കൾ ആയ ശേഷം യുറോപ്യൻ പെരുമ തന്നെ നഷ്ടമായ ഇന്റർ, തങ്ങളുടെ തിരിച്ചു വരവിന്റെ കേളികൊട്ടായി ഫൈനലിനെ കാണുമ്പോൾ ഇസ്‌താംബൂളിൽ തീപാറും എന്നുറപ്പ്. കരുത്തരുടെ പോരാട്ടത്തോടെ ലോകകപ്പ് വരെ ഉൾപ്പട്ട വളരെ നീണ്ടൊരു സീസണിന് നാളെ തിരശീല വീഴും. ഇന്ത്യൻ സമയം ഞായറാഴ്ച്ച പുലർച്ചെ 12.30നാണ് മത്സരത്തിന് വിസിൽ മുഴങ്ങുക.
Erlina Haland Manchester City
സീസണിൽ ഐതിഹാസികമായ ട്രെബിൾ നേട്ടത്തിന് തൊട്ടരികിൽ ആണ് സിറ്റി. പ്രീമിയർ ലീഗ് നേട്ടത്തിന് പിറകെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എഫ്എ കപ്പിൽ കൂടി വീഴ്ത്തിയതോടെ സർ അലക്‌സ് ഫെർഗൂസണിന്റെ യുണൈറ്റഡിന് ശേഷം ട്രെബിൾ നേട്ടം സ്വന്തമാക്കുന്ന ഇംഗ്ലീഷ് ടീമായി മാറാനുള്ള ഒരുക്കത്തിലാണ് അവർ. ചരിത്ര നിമിഷത്തിന് തൊട്ടരികെ നിൽക്കുമ്പോഴും മുൻപ് ഫൈനൽ വരെ എത്തി പരാജയം രുചിച്ച ഓർമകളും പെപ്പ് ഓർക്കുന്നുണ്ടാവും. ഓരോ ഡിപ്പാർട്മെന്റും ഫോമിൽ ആണെന്നതാണ് സിറ്റിയുടെ ഏറ്റവും വലിയ ആത്മവിശ്വാസം. ഗോൾ കണ്ടെത്തുന്നത് ഒരിക്കലും ഹാലണ്ടിലേക്ക് മാത്രം ചുരുക്കാത്ത ടീമിന്റെ തന്ത്രങ്ങൾ ഏത് വലിയ എതിരാളിക്കും പേടി സ്വപ്നമായി അവരെ മാറ്റുന്നുണ്ട്. ഗുണ്ടോഗൻ, ഡി ബ്രുയിൻ, ബെർണഡോ സിൽവ തുടങ്ങി ബോക്സിന് പരിസരത്തു നിന്നും ആരും വലകുലുക്കാം. അതേ സമയം അത്ര തന്നെ കരുത്തുറ്റതാണ് ഇന്റർ മിലാൻ പ്രതിരോധവും. പോസ്റ്റിന് കീഴിൽ ഓനാന മുതൽ ആരംഭിക്കുന്ന പിൻനിരയിൽ ഡി വ്രിയ്, ബസ്ത്തോണി, സക്രിനിയർ, ഡാർമിയൻ, ആസെർബി തുടങ്ങിയ കരുത്തരിൽ മൂന്ന് പേർ അണിനിരക്കും. ഇതിൽ ബസ്ത്തോണിക്ക് സ്ഥാനം ഉറപ്പാണ്. ഹാലണ്ട് അടങ്ങുന്ന സിറ്റി മുന്നേറ്റത്തിന് കൃത്യമായ പദ്ധതികളിലൂടെ തടയിടാൻ സിമിയോണിക്ക് ഇവരിലൂടെ സാധിച്ചേക്കും. ഏത് ഉരുക്കു കോട്ടയും തകർക്കുന്ന സിറ്റിക്ക് കടുത്ത പരീക്ഷണം തന്നെ ആവും ഇസ്‌താംബൂളിൽ.
Inter Milan
പെപ്പിന്റെ പുതിയ സിസ്റ്റത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ ഉണ്ടായത് പ്രതിരോധത്തിൽ ആണ്. 3 സെൻട്രൽ ഡിഫെന്റെഴ്സിനൊപ്പം മുന്നിൽ സ്റ്റോൺസും റോഡ്രിയും ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സഹായിക്കും. റൂബൻ ഡിയാസ്, അകാഞ്ചി, നാഥൻ ആകെ എന്നിവർ ഏത് കൗണ്ടർ അറ്റാക്കും തടയിടാൻ പ്രാപ്തരാണ്. ഇവിടെയാണ് ഇന്റർ മിലാന്റെ മത്സര തന്ത്രങ്ങൾ ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെടുക. സിറ്റിക്കെതിരെ ഗോൾ നേടി പ്രതിരോധത്തിലേക്ക് വലിയാനാണ് സിമിയോണിയുടെ പദ്ധതിയെങ്കിൽ ലൗട്ടാരോ മർട്ടിനസും എഡിൻ സെക്കോയും ഇംഗ്ലീഷ് ടീമിന്റെ പ്രതിരോധം പിളർത്തിയെ തീരൂ. മധ്യനിരയിൽ നിന്നും ബരെല്ല, ചൽഹനോഗ്ലു എന്നിവരും ടീമിന് വേണ്ടി ചരട് വലികളുമായി ഉണ്ടാവും. പകരക്കാരനായി എത്തുന്ന ലുക്കാകുവിലും ടീമിന് പ്രതീക്ഷകൾ ഏറെയാണ്. നിർണായക മത്സരത്തിൽ ലുക്കാകുവിനെ സിമിയോണി ആദ്യ ഇലവനിലേക്ക് തന്നെ കൊണ്ട് വരുമോ എന്നതും കണ്ടറിയേണ്ടതാണ്. സിറ്റിയുടെ തുടർച്ചയായ സമ്മർദ്ദത്തെ അതിജീവിക്കാൻ അനുഭവസമ്പന്നനായ ബ്രോൺസോവിച്ചിന്റെ സഹായവും ഇന്റർ തേടും.

സ്ഥിരതയാണ് ഇരു ടീമിനെയും സീസണിൽ വേർതിരിക്കുന്ന പ്രധാന ഘടകം. ലോകകപ്പ് ഇടവേളക്ക് ശേഷം സിറ്റിയുടെ കുതിപ്പ് ഫുൾ ഗിയറിലാണ്. കിരീട നേട്ടമടക്കം ഉണ്ടെങ്കിലും സീസണിൽ സ്ഥിരതയില്ലായിമായുടെ പര്യായമാണ് ഇന്റർ മിലാൻ. കരുത്തരുടെ നിരക്ക് പല നിർണായക മത്സരങ്ങളിലും കാലിടറി. എന്നാൽ ചാമ്പ്യൻസ് ലീഗിൽ എട്ട് ക്ലീൻ ഷീറ്റ് അടക്കം മികച്ച പ്രകടനമാണ് അവർ നടത്തിയത്. ഇത് തന്നെയാണ് അവർക്ക് കരുത്തേകുന്നതും. സിറ്റി ആവട്ടെ ഇപ്പോഴില്ലെങ്കിൽ പിന്നെ ഒരിക്കലും ഇല്ലെന്ന രീതിയിലാണ് ഇത്തവണ ചാമ്പ്യൻസ് ലീഗിനെ സമീപിക്കുന്നത്. ബയേൺ, മാഡ്രിഡ് തുടങ്ങി യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളെ വീഴ്ത്തി അവർ വരവരിയിച്ചു കഴിഞ്ഞു. പെപ്പ് ഗ്വാർഡിയോളയും വലിയൊരു ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ഉള്ള ഒരുക്കത്തിൽ ആവും.