റെഡ് സ്റ്റാർ ബെൽഗ്രേഡിനെ തകർത്ത് തുടങ്ങി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗ് ക്യാമ്പയിൻ ജയത്തോടെ തുടങ്ങി. റെഡ് സ്റ്റാർ ബെൽഗ്രേഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. കിംഗ്സ്ലി കോമനും റോബർട്ട് ലെവൻഡോസ്കിയും തോമസ് മുള്ളറുമാണ് ബയേണിന് വേണ്ടി ഗോളടിച്ചത്.

തുടർച്ചയായ 16 ആം തവണയാണ് ജയത്തോടെ ബയേൺ ചാമ്പ്യൻസ് ലീഗ് ക്യാമ്പയിൻ ആരംഭിക്കുന്നത്. കിംഗ്സ്ലി കോമന്റെ മനോഹരമായ ഹെഡ്ഡറിലൂടെയാണ് ബയേൺ മ്യൂണിക്ക് ആദ്യ ഗോൾ നേടിയത്. ഏറെ വൈകാതെ കൗട്ടിനോ റെഡ്സ്റ്റാറിന്റെ വലകുലുക്കിയെങ്കിലും ഓഫ്സൈട് ഫ്ലാഗുയർന്നു. പിന്നീട് ബയേണിന് വേണ്ടിയുള്ള ലെവൻഡോസ്കിയുടെ 200 ഗോൾ പിറന്നു. റെഡ് സ്റ്റാർ പ്രതിരോധതാരങ്ങളുടെ പിഴവ് മുതലെടുത്ത ലെവൻഡോസ്കി സ്കോർ ചെയ്തു. കൗട്ടീനൊയുടെ പകരക്കാരനായെത്തിയ മുള്ളറുടെ അവസരമായിരുന്നു അടുത്തത്. അലയൻസ് അറീനയെ ആവേശത്തിലാഴ്ത്തി മുള്ളറുടെ ഗോൾ പിറന്നു.