യുവന്റസിനെതിരെ അത്ലറ്റിക്കോ മാഡ്രിഡിന്റെ തിരിച്ചുവരവ്!!

- Advertisement -

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ന് യുവന്റസ് നിരാശയോടെ ഇറ്റലിയിലേക്ക് മടങ്ങണം. ഇന്ന് നടന്ന ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യുവന്റസ് മൂന്ന് പോയന്റ് നഷ്ടപ്പെടുത്തി എന്നു തന്നെ പറയാം. ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിട്ട ഇറ്റാലിയൻ ചാമ്പ്യന്മാർ രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷം സമനില വഴങ്ങുകയായിരുന്നു. മാഡ്രിഡിൽ നടന്ന മത്സരത്തിൽ അവസാന മിനുട്ടിലെ ഹെഡറാണ് അതൽറ്റിക്കോ മാഡ്രിഡിന് സമനില നൽകിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ആയിരുന്നു ഇന്നത്തെ മത്സരം ആവേശകരമായ മത്സരമായി മാറിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊഡ്രാഡോയിലൂടെ യുവന്റസ് ആദ്യം മുന്നിൽ എത്തി. അതിനു പിന്നാലെ 60ആം മിനുട്ടിൽ മാറ്റ്യുഡി യുവന്റസിന്റെ രണ്ടാം ഗോളും നേടി. ഇതോടെ മൂന്ന് പോയന്റ് സ്വന്തമായി എന്നാണ് യുവന്റസ് കരുതിയത്. എന്നാൽ സിമിയോണിയുടെ ടീം തിരിച്ചടിച്ചു.

70ആം മിനുട്ടിൽ സാവിചിലൂടെ ആയിരുന്നു അത്ലറ്റിക്കോയുടെ ആദ്യ തിരിച്ചടി. പിന്നെ കളിയുടെ അവസാന നിമിഷം ഒരു കോർണറിൽ നിന്ന് ഹെക്ടർ ഹെരേരയുടെ ഹെഡർ അത്ലറ്റിക്കോയ്ക്ക് സമനിലയും നൽകി.

Advertisement