ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി അയാക്സ് ആംസ്റ്റർഡാം. എറിക്ക് ടെൻ ഹാഗിന്റെ അയാക്സ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലില്ലെയെ പരാജയപ്പെടുത്തിയത്. യോഹൻ ക്രൗഫ് അറീനയിൽ അയാക്സിന് വേണ്ടി ക്വിൻസി പ്രോമെസ്,എഡ്സൺ അൽവരെസ്, നിക്കോളാസ് തഗ്ലിയോഫികോ എന്നിവരാണ് ഗോളടിച്ചത്. കഴിഞ്ഞ സീസണിൽ അട്ടിമറി വീരന്മാരായി സെമി വരെയെത്തിയ അയാക്സ് ഇത്തവണയും യൂറോപ്യൻ കിരീടം ലക്ഷ്യം വെച്ച് തന്നെയാണ് ക്യാമ്പെയിൻ ആരംഭിച്ചത്.
കഴിഞ്ഞ സീസണിൽ ടോട്ടെൻഹാം ഹോട്ട്സ്പർസിനോട് പരാജയപ്പെട്ടാണ് അയാക്സ് ഫൈനൽ കാണാതെ മടങ്ങിയത്. 18 ആം മിനുട്ടിൽ പ്രോമെസിലൂടെ അയാക്സ് മുന്നിലെത്തി. രണ്ടാം പകുതിയിലാണ് എഡ്സൺ അൽവരെസ് അയാക്സിന് വേണ്ടിയുള്ള ആദ്യ ഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റത്തിൽ ഗോളടിക്കുന്ന ആദ്യ മെക്സിക്കൻ താരം കൂടിയായി അൽവരെസ്. 62 ആം മിനുട്ടിലെ മികച്ച ഹെഡ്ഡറിലൂടെ തഗ്ലിയഫികോ അയാക്സിന്റെ ജയമുറപ്പിച്ചു.