പ്രീമിയർ ലീഗിലെ പരാജയത്തിന് ലീഗ് കപ്പിൽ കണക്ക് തീർത്ത് വെസ്റ്റ് ഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്

20210923 021256

ലീഗ് കപ്പിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. ഇന്ന് യുണൈറ്റഡിന്റെ സ്വന്തം ഗ്രൗണ്ടിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ വെസ്റ്റ് ഹാമിനോടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു പരാജയം. മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കാഴ്ചവെച്ചു എങ്കിലും ഫൈനൽ ബോളും ഫിനിഷിംഗും ഇല്ലാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായി.

പ്രീമിയർ ലീഗിൽ ഏറ്റ പരാജയത്തിന് കണക്കു തീർക്കാൻ ആയിരുന്നു വെസ്റ്റ് ഹാം യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ എത്തിയത്. പ്രമുഖ താരങ്ങളിൽ പലരും ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിലേ ഉണ്ടായിരുന്നില്ല. മികച്ച രീതിയിൽ കളി തുടങ്ങിയ വെസ്റ്റ് ഹാം യുണൈറ്റഡ് ഒമ്പതാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ടെല്ലസിനെ എളുപ്പത്തിൽ മറികടന്ന് മുന്നേറിയ വെസ്റ്റ് ഹാം താരം ഫെഡെറിക്സ് ലാൻസിനിക്ക് പന്ത് കൊടുത്തു. അർജന്റീനൻ താരം ഹെൻഡേഴ്സണെ മറികടന്ന് പന്ത് വലയിൽ എത്തിച്ചു.

ഇതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താളം കണ്ടെത്തി. തുടരെ തുടരെ യുണൈറ്റഡ് അക്രമണങ്ങൾ നടത്തി എങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല. ആദ്യ പകുതിയിൽ മാറ്റയുടെ ഒരു ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. ഇത് കൂടാതെ സാഞ്ചോയ്ക്കും ലിംഗാർഡിനും മാർഷ്യലിനും എല്ലാം നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആയിരുന്നു.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രീൻവുഡിനെ കളത്തിൽ എത്തിച്ചു. ഗ്രീൻവുഡിന്റെ ആദ്യ ടച്ച് തന്നെ മനോഹരമായ അവസരത്തിലേക്ക് വഴി തെളിച്ചു. എങ്കിലും ടീനേജ് താരത്തിന്റെ ഷോട്ട് തടയാൻ അരിയോളക്ക് ആയി. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൂണോ ഫെർണാണ്ടസിനെയും യുവതാരം എലാംഗയെയും രംഗത്ത് ഇറക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് ആഞ്ഞു ശ്രമിച്ചു എങ്കിലും വെസ്റ്റ് ഹാം ഡിഫൻസിനെ കീഴ്പ്പെടുത്താൻ ആയില്ല. ഇതിനിടയിൽ മൂന്ന് തുറന്ന അവസരങ്ങൾ വെസ്റ്റ് ഹാമിന് കിട്ടി എങ്കിലും മൂന്നും ലക്ഷ്യം കണ്ടില്ല. യാർമലെങ്കോയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ബാക്ക് രണ്ട് അവസരങ്ങൾ ഹെൻഡേഴ്സൺ സേവ് ചെയ്യുകയും ചെയ്തു.

ഈ അവസരങ്ങൾ നഷ്ടപ്പെടുത്തിയതിന് വെസ്റ്റ് ഹാം വലിയ കൊടുക്കേണ്ടി വന്നില്ല. അവർ ലീഗ് കപ്പിൽ മുന്നോട്ടേക്ക് പോയി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടത്തിൽ നിന്ന് കൂടെ അകലുകയും ചെയ്തു.

Previous articleയുവന്റസിന് ലീഗിൽ അവസാനം ആദ്യ വിജയം
Next articleകെപ ഹീറോ, പെനാൽറ്റി ഷൂട്ട്ഔട്ടിൽ ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് ചെൽസി