മാഞ്ചസ്റ്റർ സിറ്റി കാരബാവോ കപ്പ് ഫൈനലിൽ

ബ്രിസ്റ്റൽ സിറ്റിയെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി കാരബാവോ കപ്പിന്റെ ഫൈനലിൽ കടന്നു. ബ്രിസ്റ്റലിനെ അവരുടെ മൈതാനത്ത് 2-3 ന് ആണ് സിറ്റി തോൽപിച്ചത്. ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ 5 ഗോളുകൾക്ക് ജയിച്ച സിറ്റി പെപ് ഗാർഡിയോള പരിശീലകനായ ശേഷം ആദ്യമായാണ് ഒരു കപ്പ് ഫൈനലിൽ കളിക്കുന്നത്. ഇന്നത്തെ ആഴ്സണൽ- ചെൽസി മത്സരത്തിലെ വിജയികളെയാണ് സിറ്റി ഫൈനലിൽ നേരിടുക.

43 ആം മിനുട്ടിൽ അൽപം ഭാഗ്യത്തിന്റെ അകമ്പടിയോടെ സാനെയുടെ ഗോളിലാണ് സിറ്റി ലീഡ് നേടിയത്. രണ്ടാം പകുതിയിൽ അഗ്യൂറോയുടെ ഗോളിൽ സിറ്റി ലീഡ് രണ്ടാക്കി. കെവിൻ ഡു ബ്രെയ്‌നയുടെ പാസ്സിൽ നിന്നാണ് സെർജിയോ അഗ്യൂറോ ഗോൾ കണ്ടെത്തിയത്. മർലിൻ പാക് ബ്രിസ്റ്റലിന് വേണ്ടി ഒരു ഗോൾ ഹെഡറിലൂടെ മടക്കിയതോടെ സ്റ്റേഡിയം ഉണർന്നു. മത്സരം അവസാനിക്കാനിരിക്കെ ബ്രിസ്റ്റൽ വീണ്ടും അഡ്രിയാൻ ഫ്ലിൻറ് ഗോൾ നേടി മത്സരം സമനിലയിലാക്കി. അപ്പോഴും ആദ്യ പാദത്തിലെ രണ്ടു ഗോളിന്റെ പിൻബലത്തിൽ സിറ്റി ഫൈനൽ ഉറപ്പിച്ചിരുന്നെങ്കിലും മറ്റൊരു കൗണ്ടർ അറ്റാക്കിലൂടെ സിറ്റി മത്സരം സ്വന്തമാകുകയായിരുന്നു. കെവിൻ ഡു ബ്രെയ്‌നയാണ് ഇത്തവണ ഗോൾ നേടിയത്. തോറ്റെങ്കിലും പ്രമുഖരെ മറികടന്ന് സെമി ഫൈനൽ വരെ കളിച്ച ബ്രിസ്റ്റൽ തല ഉയർത്തി തന്നെയാണ് ടൂർണമെന്റിൽ നിന്ന് വിട വാങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version