ഷൂട്ട്ഔട്ടിൽ ചെൽസി വീണു, കാരബാവോ കപ്പ് സിറ്റിക്ക്

കാരബാവോ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്. ചെൽസിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-3 ന് മറികടന്നാണ് സിറ്റി കിരീടം നില നിർത്തിയത്. നിശ്ചിത സമയത്തും, എക്സ്ട്രാ ടൈമിലും കളി ഗോൾ രഹിത സമനില ആയതോടെയാണ് കളി പെനാൽറ്റിയിലേക്ക് നീണ്ടത്. സിറ്റിക്ക് അനായാസ ജയം പ്രതീക്ഷിച്ച മത്സരത്തിൽ ചെൽസി പൊരുതി നോക്കിയെങ്കിലും ഭാഗ്യം അവരെ തുണച്ചില്ല.

ആദ്യ ഇലവനിൽ ഏതാനും മാറ്റങ്ങളുമായാണ് സാരി ചെൽസിയെ ഇറക്കിയത്. അലോൻസോക്ക് പകരം എമേഴ്സൻ ഇറങ്ങിയപ്പോൾ പെഡ്രോ, വില്ലിയൻ എന്നിവർക്കൊപ്പം ഹസാർഡാണ് ഫാൾസ് 9 റോളിൽ കളിച്ചത്. ഹിഗ്വയ്ൻ ബെഞ്ചിലായി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ചെൽസി മികച്ച പ്രതിരോധം തീർത്തപ്പോൾ ആദ്യ പകുതിയിൽ ഒരു ഷോട്ട് നേടാൻ മാത്രമാണ് അവർക്കായത്.

രണ്ടാം പകുതിയിൽ ചെൽസി കൂടുതൽ ആക്രമണത്തിന് മുതിർന്നതോടെ മത്സരം ആവേശകരമായി. അഗ്യൂറോ പന്ത് ഒരു തവണ ചെൽസി വലയിൽ എത്തിച്ചെങ്കിലും VAR ഗോൾ ഓഫ്‌ സൈഡ് വിളിച്ചു. പിന്നീട് ഹസാർഡ് ഒരുക്കിയ 2 മികച്ച അവസരങ്ങൾ കാന്റെയും പെഡ്രോയും തുലച്ചത് ചെൽസിക്ക് നിരാശയായി. കളി തീരാൻ ഏതാനും മിനുട്ടുകൾ ശേഷിക്കെ വില്ലിയന്റെ ഫ്രീകിക്ക് എഡേഴ്സൻ തടുത്തതും നോർമൽ സമയത്തിൽ നിർണായകമായി.

മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയതോടെ പരിക്കേറ്റ ഫെർണാണ്ടിഞ്ഞൊക് പകരക്കാരനായി ഡാനിലോയെ സിറ്റി കളത്തിൽ ഇറക്കി. ചെൽസി ഏതാനും മിനുട്ടുകൾ വില്ലിയനെ കളിപ്പിച്ചെങ്കിലും പിന്നീട് ഹിഗ്വെയ്നെ ഇറക്കി. നേരത്തെ ഓഡോയി, ലോഫ്‌റ്റസ് ചീക്ക് എന്നിവരെയും കളത്തിൽ ചെൽസി ഇറക്കിയിരുന്നു. പക്ഷെ എക്സ്ട്രാ ടൈമിൽ ആദ്യ പകുതിയിലും ഇരുവർക്കും ഗോൾ നേടാനായില്ല. അവസാന 15 മിനുറ്റിലും കളി പെനാൽറ്റിയിലേക്ക് നീങ്ങും എന്നുറപ്പായതോടെ സാരി പരിക്കുള്ള കെപ്പയെ മാറ്റി കാബലേറോയെ ഇറക്കാൻ ശ്രമിച്ചെങ്കിലും കെപ്പ പിൻവാങ്ങാൻ തയ്യാറാവാതിരുന്നത് സാരിയെ അലോസരപ്പെടുത്തിയിരുന്നു. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ചെൽസിയുടെ ജോർജിഞൊ, ഡേവിഡ് ലൂയിസ് എന്നിവർ പെനാൽറ്റി നഷ്ടപ്പെടുത്തിയതോടെ സിറ്റിക്ക് ജയം സ്വന്തമായി. സിറ്റിയുടെ സാനെയുടെ ഷോട്ട് കെപ്പ തടുത്തെങ്കിലും ഫലമുണ്ടായില്ല.

സീസണിലെ ആദ്യ കിരീടം തേടി ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും

ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ആദ്യ ഫൈനലിൽ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. ലീഗ് കപ്പ് ഫൈനലിൽ ജയിച്ച് സീസണിലെ ആദ്യ കിരീടം സ്വന്തമാക്കാനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ദിവസങ്ങൾക്ക് മുൻപ് മാഞ്ചസ്റ്റർ സിറ്റിയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് ചെൽസി വീണ്ടും സിറ്റിയെ നേരിടാനിറങ്ങുന്നത്. ഇരു ടീമുകളും ഇതുവരെ അഞ്ചു തവണ ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

ലീഗ് കപ്പിൽ കഴിഞ്ഞ തവണ കിരീടം നേടിയത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു. അതെ സമയം ഇന്നത്തെ ഫൈനൽ ചെൽസിക്കും പരിശീലകൻ സാരിക്കും ജീവൻ മരണ പോരാട്ടമാണ്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കനത്ത തോൽവിക്ക് ശേഷം സാരിയുടെ സ്ഥാനം തെറിക്കുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം എഫ്.എ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനോടും തോറ്റതോടെ ചെൽസി ആരാധകർ സാരിക്കെതിരെ തിരിഞ്ഞിരുന്നു.

മാഞ്ചസ്റ്റർ സിറ്റി നിരയിൽ ജോൺ സ്റ്റോൺസ്, മെന്റി, ഗബ്രിയേൽ ജെസൂസ് എന്നിവർ എല്ലാം പരിക്കിന്റെ പിടിയിലാണ്. അതെ സമയം ചെൽസി നിരയിൽ ഗോൾ കീപ്പർ കെപയും പരിക്ക് മൂലം ഇന്ന് ഇറങ്ങിയേക്കില്ല. പെഡ്രോയും സാപ്പകോസ്റ്റയും അസുഖം കാരണം ഇന്നത്തെ മത്സരത്തിന് ഇറങ്ങുമോ എന്നും ഉറപ്പില്ല.

 

സ്പർസ് വീണ്ടും പടിക്കൽ കലമുടച്ചു, ചെൽസി കാരബാവോ കപ്പ് ഫൈനലിൽ

കാരബാവോ കപ്പ് സെമി ഫൈനലിൽ സ്പർസിനെ മറികടന്ന് ചെൽസി ഫൈനലിൽ. സ്പർസ് ഒരു ഗോളിന് ജയിച്ച ആദ്യ പാദത്തിന് ശേഷം ഇന്ന് സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസി 2-1 ന് ജയിക്കുകയായിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി 2-2 ആയതോടെ പെനാൽറ്റി ആവശ്യമായി വന്നു. പക്ഷെ 4-2 ന് ചെൽസി പെനാൽറ്റി ഷൂട്ട് ഔട്ടിലും മുന്നിട്ട് നിന്ന് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിക്ക് എതിരാളികൾ.

പ്രീമിയർ ലീഗിൽ ആഴ്സണലിനോട് തോറ്റ ടീമിൽ നിന്ന് വില്ലിയൻ, അലോൻസോ എന്നിവരെ പുറത്തിരുത്തിയാണ് സാരി ചെൽസിയെ ഇറക്കിയത്. ഇരുവർക്കും പകരം എമേഴ്സൺ, പെഡ്രോ എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. കെയ്‌നും, സോണും , അലിയും ഇല്ലാത്ത സ്പർസ് ആക്രമണ നിര മത്സരത്തിന്റെ തുടക്കം മുതൽ തന്നെ താളം കണ്ടെത്താൻ ഏറെ വിഷമിച്ചപ്പോൾ ഹസാർഡ് തുടക്കം മുതൽ ഫോമിലായിരുന്നു.

മത്സരത്തിന്റെ 27 ആം മിനുട്ടിലാണ് ചെൽസി കാത്തിരുന്ന ഗോൾ പിറന്നത്. ഹസാർഡിന്റെ കോർണർ സ്പർസ് പ്രതിരോധം ക്ലിയർ ചെയ്‌തെങ്കിലും പന്ത് ലഭിച്ചത് ബോക്സിന് പുറത്ത് കാത്തുനിന്ന കാന്റെയുടെ കാലിലേക്ക്. താരത്തിന്റെ ബുള്ളറ്റ് വേഗതയുള്ള ഷോട്ട് സ്പർസ് കളിക്കാരുടെ ദേഹത്ത് തട്ടിയെങ്കിലും വലയിൽ തന്നെ പതിച്ചു. ഇതോടെ ആദ്യ പാദത്തിലെ ഒരു ഗോളിന്റെ പിൻതൂക്കം ചെൽസി 1- 1 ആക്കി. ഏറെ വൈകാതെ 38 ആം മിനുട്ടിൽ മനോഹരമായ ഒരു ചെൽസി നീക്കത്തിന് അവസാനം കുറിച്ച് ഹസാർഡ് പന്ത് സ്പർസ് വലയിലാക്കിയതോടെ ചെൽസി 2-1 ന് മുന്നിൽ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റോസിന്റെ ക്രോസ്സ് ഹെഡറിലൂടെ വലയിലാക്കി യോറന്റെ സ്പർസിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. പിന്നീട് ജിറൂദിലൂടെ ചെൽസിക്ക് ഏതാനും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും താരത്തിന് ഫിനിഷിങിൽ പിഴച്ചപ്പോൾ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ട് ഔട്ടിൽ എറിക് ഡയർ പന്ത് പുറത്തേക്ക് അടിച്ചപ്പോൾ മോറയുടെ ഷോട്ട് ചെൽസി ഗോളി കെപ്പ തടുത്ത് ഇടുകയും ചെയ്തു. ചെൽസിക്ക് വേണ്ടി കിക്കെടുത്ത വില്ലിയൻ, ജോർജിഞ്ഞോ, ആസ്പിലിക്വെറ്റ, ഡേവിഡ് ലൂയിസ് എന്നിവർ പിഴവ് കൂടാതെ പന്ത് വലയിലാകുകയും ചെയ്തതോടെ സ്പർസിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു.

ഗോൾ മഴയിൽ റെക്കോർഡിട്ട് മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

ഇംഗ്ലീഷ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സെമി ഫൈനൽ മത്സരത്തിൽ 9 ഗോളുകൾ നേടി റെക്കോർഡിട്ട് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ കാരബാവോ കപ്പ് സെമി ഫൈനലിൽ സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിലാണ് ലീഗ് വൺ സൈഡ് ബാർട്ടൻ ആൽബിയനെ ഏകപക്ഷീയമായ 9 ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചത്. മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ഗോളടി തുടങ്ങിയ സിറ്റി പിന്നെ മത്സരത്തിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി നാല് ഗോൾ നേടിയ ഗബ്രിയേൽ ജെസൂസ് താരമായപ്പോൾ മത്സരത്തിൽ ബാർട്ടൻ ആൽബിയന് മറുപടി ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ നാലും രണ്ടാം പകുതിയിൽ അഞ്ചു ഗോളുകളുമാണ് സിറ്റി അടിച്ചു കൂട്ടിയത്. ജെസൂസിനെ കൂടാതെ കെവിൻ ഡി ബ്രൂയ്ൻ, സിൻചെങ്കോ, ഫിൽ ഫോഡൻ, കെയ്ൽ വാക്കർ, റിയാദ് മഹറാസ് എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. ഇതിൽ സിൻചെങ്കോയുടെ ഗോൾ മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ താരത്തിന്റെ ആദ്യ ഗോളായിരുന്നു.

ഇംഗ്ലണ്ടിൽ ‘വാർ’ വിവാദം

കാരബാവോ കപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിച്ചതിനെ ചെല്ലി വിവാദം. ‘വാർ’ വഴി ലഭിച്ച പെനാൽറ്റിയിൽ ചെൽസിക്കെതിരെ ടോട്ടൻഹാം വിജയിച്ചിരുന്നു. ഇതിനെ തുടർന്ന് വാറിനെതിരെ വിമർശനവുമായി ചെൽസി പരിശീലകൻ രംഗത്തെത്തി. മത്സരത്തിൽ ലൈൻ റഫറി ആദ്യം ഓഫ്‌സൈഡ് വിളിക്കുകയും തുടർന്ന് ചെൽസി ഗോൾ കീപ്പർ കെപ അരിസബലാഗ  ഹാരി കെയ്‌നിനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്യുകയുമായിരുന്നു. തുടർന്ന് വീഡിയോ അസിസ്റ്റന്റ് റഫറി വീഡിയോ പരിശോധിക്കുകയും അത് ഓഫ്‌സൈഡ് അല്ല എന്ന് തീരുമാനിക്കുകയും ടോട്ടൻഹാമിന്‌ അനുകൂലമായി പെനാൽറ്റി അനുവദിക്കുകയും ചെയ്യുകയായിരുന്നു.

Photo: SkySports

തുടർന്നാണ് ചെൽസി പരിശീലകൻ വാറിനെതിരെ രംഗത്തെത്തിയത്. ഹാരി കെയ്ൻ ഓഫ് സൈഡ് ആയിരുന്നെന്നും അത് സ്ഥാപിക്കുന്ന ചിത്രവുമായാണ് ചെൽസി പരിശീലകൻ പത്രക്കാരെ കാണാൻ എത്തിയത്. ചെൽസി ക്ലബ്ബിന്റെ വീഡിയോ ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് സാരി മാധ്യമങ്ങൾക്ക് മുൻപിൽ കാണിച്ചത്. ഇംഗ്ലീഷ് റഫറിമാർ ഇപ്പോഴും ‘വാർ’ ഉപയോഗിക്കാൻ പര്യാപ്തരല്ലെന്നും സാരി പറഞ്ഞു.  ലൈൻ റഫറി ഓഫ്‌സൈഡ് വിളിച്ചതിന് ശേഷം കളി തുടർന്നതിനെയും സാരി വിമർശിച്ചു. ലൈൻ റഫറി ഓഫ്‌സൈഡ് വിളിക്കുന്ന പക്ഷം പ്രധിരോധത്തിലെ കളിക്കാർ മത്സരം നിർത്തുമെന്നും അത് നല്ലതല്ലെന്നും സാരി പറഞ്ഞു.

ടോട്ടൻഹാം പരിശീലകനായ പോച്ചെറ്റീനോയും വാറിനെതിരെ രംഗത്തെത്തിയുണ്ട്. എങ്ങനെയാണു വാർ നിയമങ്ങൾ ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ലെന്നും ടോട്ടൻഹാം പരിശീലകൻ പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളിൽ ‘വാർ’ കൂടുതൽ പുരോഗതി കൈവരിക്കുമെന്നാണ് താൻ കരുതുന്നതെന്നും പോച്ചെറ്റീനോ പറഞ്ഞു.

‘വാർ’ രക്ഷകനായി, ആദ്യ പാദത്തിൽ ചെൽസിയെ തോൽപ്പിച്ച് ടോട്ടൻഹാം

വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ടോട്ടൻഹാമിന്റെ രക്ഷക്കെത്തിയപ്പോൾ കാരബാവോ കപ്പിന്റെ ആദ്യ സെമി ഫൈനലിൽ ടോട്ടൻഹാമിന്‌ ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ടോട്ടൻഹാമിന്റെ വിജയം. രണ്ടു പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലിൽ ടോട്ടൻഹാമിന്‌ ഇതോടെ നേരിയ മുൻ‌തൂക്കം ലഭിച്ചു.

ആദ്യ പകുതിയുടെ 26 മിനുട്ടിലാണ് മത്സരത്തിലെ നിർണായക ഗോൾ പിറന്നത്. പെനാൽറ്റിയിലൂടെ ഹാരി കെയ്ൻ ആണ് ടോട്ടൻഹാമിന്റെ ഗോൾ നേടിയത്. ചെൽസി ഗോൾ കീപ്പർ കെപ അരിസബാലഗ ഹാരി കെയ്‌നിനെ ഫൗൾ ചെയ്തതിനു അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഹാരി കെയ്ൻ ടോട്ടൻഹാമിന്‌ ലീഡ് നേടി കൊടുത്തത്.

ഫൗൾ ചെയ്യുന്നതിന് തൊട്ട് മുൻപ് കെയ്‌നിന്റെ മുന്നേറ്റം റഫറി ഓഫ്‌സൈഡ് വിളിച്ചിരുന്നു. എന്നാൽ ഓഫ് സൈഡ് തീരുമാനത്തിൽ വാറിന്റെ സഹായം തേടിയ റഫറി അത് ഓഫ് സൈഡ് അല്ല എന്ന് വിധിക്കുകയും തുടർന്ന് നടന്ന ഫൗളിന് പെനാൽറ്റി അനുവദിക്കുകയുമായിരുന്നു.

ഗോൾ വഴങ്ങിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച ചെൽസി ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഗോളിന് അടുത്ത് എത്തിയെങ്കിലും കാന്റെയുടെയും ഹഡ്സൺ ഒഡോയിയുടെയും ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചത് ചെൽസിക്ക് വിനയായി. രണ്ടാം പകുതിയിലും ചെൽസിയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത് എങ്കിലും സമനില നേടാനുള്ള ഗോൾ നേടാൻ ചെൽസിക്കായില്ല.

കാരബാവോ കപ്പിന്റെ രണ്ടാം പാദ മത്സരം ജനുവരി 24ന് ചെൽസിയുടെ ഗ്രൗണ്ടായ സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ വെച്ച് നടക്കും.

കാരബാവോ കപ്പ് ഫൈനലിൽ ടോട്ടൻഹാം – ചെൽസി പോരാട്ടം

കാരബാവോ കപ്പ് സെമി ഫൈനലിൽ ഇന്ന് ലണ്ടൻ ഡെർബി. ആദ്യ പാദ സെമിയിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ടോട്ടൻഹാം വെംബ്ലിയിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തുള്ള ചെൽസിയെ നേരിടും.

നേരത്തെ പ്രീമിയർ ലീഗിൽ വെംബ്ലിയിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ടോട്ടൻഹാം 3-1ന് ചെൽസിയെ തോൽപ്പിച്ചിരുന്നു. 18 മത്സരങ്ങൾ നീണ്ട ചെൽസിയുടെ അപരാജിത കുതിപ്പാണ് അന്ന് ടോട്ടൻഹാം അവസാനിപ്പിച്ചത്. ആദ്യ 16 മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോൾ നേടി ടോട്ടൻഹാം അന്ന് മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നു.  അതിനു പകരം ചോദിക്കാനുറച്ച് തന്നെയാവും ചെൽസി ഇന്നിറങ്ങുക.

ടോട്ടൻഹാം നിരയിൽ എഫ്.എ കപ്പ് മത്സരത്തിനിടെ പരിക്കേറ്റ ലൂക്കാസ് മൗറക്ക് ഇന്നത്തെ മത്സരം നഷ്ട്ടമാകും. അസുഖം മാറി എറിക് ലാമേലയും ടോട്ടൻഹാം നിരയിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.  ചെൽസി നിരയിൽ കഴിഞ്ഞ മത്സരങ്ങളിൽ പരിക്കിന്റെ പിടിയിലായിരുന്ന പെഡ്രോ, വില്യൻ, ജിറൂദ് എന്നിവർ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മത്സരത്തിൽ അസുഖം മൂലം പുറത്തിരുന്ന മാറ്റിയോ കോവചിച്ചും ടീമിൽ തിരിച്ചെത്തിയേക്കും.

ആഴ്സണലിനെ തകർത്ത് ടോട്ടെൻഹാം ലീഗ് കപ്പ് സെമിയിൽ

കറബാവോ കപ്പിൽ സ്പർസിന് വമ്പൻ ജയം. എമിറേറ്റ്സിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആഴ്സണലിനെ ടോട്ടെൻഹാം ഹോട്ട്സ്പർസ് പരാജയപ്പെടുത്തി. ഡെല്ലെ അലിയും സണുമാണ് സ്പർസിന് വേണ്ടി ഗോളടിച്ചത്.

തുടർച്ചയായ 22 മത്സരങ്ങൾ ജയിച്ച് വന്ന ആഴ്സണലിന്റെ തുടർച്ചയായ രണ്ടാം പരാജയമാണിത്. ഈ വിജയത്തോടുകൂടി ലീഗ് കപ്പിന്റെ സെമിയിൽ കടന്നു സ്പർസ്. 2014-15 സീസണിന് ശേഷം ആദ്യമായാണ് ടോട്ടെൻഹാം ലീഗ് കപ്പ് സെമിയിൽ കടക്കുന്നത്. നോർത്ത് ലണ്ട‌ൻ ഡെർബിയിലേറ്റ 4-2 പരാജയത്തിന് പൊചെറ്റിനോയുടേയും സംഘത്തിന്റെയും മധുരകരമായ പ്രതികാരമാണിത്.

ഇരുപതാം മിനുറ്റിൽ സണിലൂടെ ആദ്യ ഗോൾ സ്പര നേടി. ഹാരി കെയിന് ഇറങ്ങി മിനുറ്റുകൾക്കുള്ളിൽ ഡെല്ലെ അലിയുടെ ഗോളിന് വഴിയൊരുക്കി. മെസ്യൂട്ട് ഓസിലിനെ പുറത്തിരുത്തിയെ ആഴ്സണൽ പരിശീലകൻ ഉനായ് എമ്രെയുടെ തീരുമാനം ഏറെ വിമർശനങ്ങളാണ് ആരാധകരിൽ നിന്നും ഉയർന്നത്.

വീണ്ടും രക്ഷകനായി ഹസാർഡ്, ചെൽസി സെമിയിൽ

ഈഡൻ ഹസാർസ് നേടിയ ഏക ഗോളിന് ബോൺമൗത്തിനെ മറികടന്ന് ചെൽസി കാരബാവോ കപ്പിന്റെ സെമി ഫൈനലിൽ കടന്നു. ഏതാനും മാറ്റങ്ങളുമായി ഇറങ്ങിയ ചെൽസി ഗോൾ കണ്ടെത്താൻ വിഷമിച്ചിരിക്കെ പകരക്കാരനായി ഇറങ്ങിയാണ് ഹസാർഡ് ചെൽസിയുടെ ജയം ഉറപ്പിച്ചത്. ടോട്ടൻഹാമാണ് ചെൽസിക്ക് സെമിയിൽ എതിരാളികൾ.

ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയെങ്കിലും ചെൽസിക്ക് ഗോൾ കണ്ടെത്തനായിരുന്നില്ല. വില്ലിയനിലൂടെ ലഭിച്ച അവസരങ്ങൾ പക്ഷെ താരം പാഴാക്കിയതോടെ രണ്ടാം പകുതി പത്ത് മിനുട്ട് പിന്നിട്ടപ്പോൾ താരത്തെ പിൻവലിച്ച സാരി പെഡ്രോയേയും ഏറെ വൈകാതെ ബാർക്ലിയെ പിൻവലിച്ചു ഹസാർഡിനെയും കളത്തിൽ ഇറക്കുകയായിരുന്നു. 84 ആം മിനുട്ടിൽ എമേഴ്സന്റെ പാസ്സിൽ നിന്നാണ് ഹസാർഡിന്റെ ഗോൾ പിറന്നത്.

ലെസ്റ്ററിനെ മറികടന്ന് സിറ്റി കാരബാവോ കപ്പ് സെമി ഫൈനലിൽ

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ലെസ്റ്റർ സിറ്റിയെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി കാരബാവോ കപ്പ് സെമി ഫൈനലിൽ കടന്നു. നിശ്ചിത സമയത്ത്‌ 1-1 ന് പിരിഞ്ഞതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് നീണ്ടത്. ഇതിൽ 3-1 ന് ജയിച്ചതോടെയാണ് സിറ്റി സെമി ഉറപ്പാക്കിയത്. യുവ ഗോൾ കീപ്പർ മുറിച്ചിന്റെ മികച്ച പ്രകടനമാണ്‌ സിറ്റിക്ക് ജയം ഉറപ്പാക്കിയത്.

കെവിൻ ഡു ബ്രെയ്‌നയുടെ ഗോളിൽ ആദ്യ പകുതിയിൽ സിറ്റി ലീഡ് നേടുകയായിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ ആൾബ്രൈറ്റൻ ലെസ്റ്ററിന്റെ സമനില ഗോൾ നേടി. ഷൂട്ട് ഔട്ടിൽ ഫ്യൂച്സ്‌, മാഡിസൻ, സോയുഞ്ചു എന്നിവരുടെ പെനാൽറ്റികൾ ലെസ്റ്റർ നഷ്ടപ്പെടുത്തി. ഗുണ്ടോഗൻ, ജിസൂസ്, സിഞ്ചെക്കോ എന്നിവർ സിറ്റിക്കായി ലക്ഷ്യം കണ്ടപ്പോൾ സ്റ്റർലിങ്ങിന്റെ പെനാൽറ്റി താരം നഷ്ടപ്പെടുത്തി.

ബ്രാഹിം ഡയസിന് ഇരട്ട ഗോൾ, ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റി മുന്നോട്ട്

ഇംഗ്ലീഷ് ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ. ഇന്ന് നടന്ന മത്സരത്തിൽ ഫുൾഹാമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിലേക്ക് കടന്നത്. യുവതാരം ബ്രാഹിം ഡയസിന്റെ ഇരട്ട ഗോളുകളാണ് കളി സിറ്റിക്ക് എളുപ്പമാക്കിയത്. പ്രമുഖരിൽ പലരും ഇല്ലാതെയാണ് സിറ്റി ഇന്ന് ഇറങ്ങിയത്.

18ആം മിനുട്ടിൽ ആയിരു‌ന്നു 19കാരനായ ഡയസിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ രണ്ടാം ഗോളും നേടി സിറ്റിയുടെ ക്വാർട്ടർ പ്രവേശനം ഡയസ് ഉറപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ അഞ്ചം ക്ലീൻഷീറ്റായിരുന്നു ഇത്. എതിഹാദ് സ്റ്റേഡിയത്തിൽ അവസാന അഞ്ചു തവണ സന്ദർശിട്ടും ഒരു ഗോൾ നേടാൻ ഫുൾഹാമിനായിട്ടില്ല.

കാരബാവോ കപ്പ് : ആഴ്സണലിനും സ്പർസിനും ജയം

കാരബാവോ കപ്പിൽ ആഴ്സണലിനും ടോട്ടൻഹാമിനും ജയം. ആഴ്സണൽ 2-1 ന് ബ്ലാക്പൂളിനെ മറികടന്നപ്പോൾ സ്പർസ് 3-1 നാണ് വെസ്റ്റ് ഹാമിനെ തോൽപിച്ചത്. ഇതേ സമയം ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത ഒരു ഗോളിന് മിഡിൽസ്ബറോയോട് തോറ്റ് പുറത്തായി.

ഇരു ടീമുകളും ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ കഷ്ടപ്പെട്ടാണ് ആഴ്സണൽ ജയിച്ചു കയറിയത്. സ്റ്റെഫാൻ ലേയ്ച്ചസ്റ്റൈനറിന്റെ ഗോളിൽ മുന്നിൽ എത്തിയ ആഴ്സണൽ രണ്ടാം പകുതിയിൽ സ്മിത്ത് റോയുടെ ഗോളിൽ ലീഡ് ഉയർത്തി. പക്ഷെ മത്സരം 25 മിനിറ്റോളം ബാക്കി നിൽക്കേ ബ്ളാക്പൂൾ ഗോൾ മടക്കിയത് ആഴ്സണലിന് ആശങ്ക സമ്മാനിച്ചെങ്കിലും രണ്ടാം ഗോൾ നേടാൻ ബ്ലാക്ക്‌പൂളിനായില്ല.

ഹ്യുങ് മിൻ സോണിന്റെ മികച്ച ഫോമാണ് സ്പർസിന് വെസ്റ്റ്ഹാമിനെതിരെ ജയം സമ്മാനിച്ചത്. സോൺ രണ്ട് ഗോളുകൾ നേടിയ മത്സരത്തിൽ സ്പർസിനായി യോറന്റെ ഒരു ഗോളും നേടി. ലൂക്കസ് പെരസാണ് ഹാമേഴ്സിന്റെ ഏക ഗോൾ നേടിയത്.

Exit mobile version