ചെൽസിയെ വീഴ്ത്തി ആഴ്സണൽ കാരബാവോ കപ്പ് ഫൈനലിൽ

ചെൽസിയെ മറികടന്ന് ആഴ്സണൽ കാരബാവോ കപ്പിന്റെ ഫൈനലിൽ കടന്നു. ലീഡ് നേടിയിയിട്ടും രണ്ടു ഗോളുകൾ വഴങ്ങിയതാണ് ചെൽസിക്ക് തിരിച്ചടിയായത്.   ഫൈനലിൽ ആഴ്സണൽ വെംബ്ലിയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.

ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ചെൽസി ഗോൾ നേടി ആഴ്സണലിനെ ഞെട്ടിച്ചു. 7 ആം മിനുട്ടിൽ പെഡ്രോയുടെ പാസ്സിൽ ഹസാർഡാണ് ഗോൾ നേടിയത്. പക്ഷെ ഏറെ വൈകാതെ ആഴ്സണൽ സമനില ഗോൾ കണ്ടെത്തി. 12 ആം മിനുട്ടിൽ നാച്ചോ മോൻറിയാലിന്റെ ഷോട്ട് ചെൽസി ഡിഫെണ്ടർ ടോണി റൂഡിഗറിന്റെ തലയിൽ തട്ടി സെൽഫ് ഗോളാവുകയായിരുന്നു. ഇതിനിടെ വില്ലിയൻ പരിക്കേറ്റ് പുറത്തായത് ചെൽസിക്ക് കനത്ത തിരിച്ചടിയായി. പകരക്കാരനായി റോസ് ബാർക്ലി ഇറങ്ങിയെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനായില്ല.

രണ്ടാം പകുതിയിൽ തീർത്തും വിത്യസ്തമായ ആഴ്സണലിനെയാണ് കണ്ടത്. ചെൽസിയാവട്ടെ ആക്രമണത്തിലെ മൂർച്ച നഷ്ടപ്പെട്ട് പതറുകയും ചെയ്തു. 60 ആം മിനുട്ടിൽ ചാക്കയുടെ ഗോളിൽ ആഴ്സണൽ ലീഡ് നേടി. ഇത്തവണ ലകസറ്റിന്റെ പാസ്സ് തടുക്കാൻ ശ്രമിച്ച റൂഡിഗറിന്റെ കാലിൽ തട്ടിയ പന്ത് ചാക്ക ഗോളിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഗോൾ വഴങ്ങിയിട്ടും കാര്യമായി ചെൽസി ആക്രമണം നടത്താതായതോടെ ആഴ്സണലിന് കാര്യങ്ങൾ എളുപ്പമായി. കോണ്ടേ ബാത്ശുവായിയെ ഇറക്കിയെങ്കിലും അതും ഫലം കാണാതായതോടെ വെങ്ങറും സംഘവും വെംബ്ലിയിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version