ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവിക്ക് ശേഷം കരച്ചിൽ അടക്കാൻ ആയില്ലെന്നു പോച്ചറ്റീന്യോ

- Advertisement -

കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനോട് ഏറ്റ തോൽവിക്ക് ശേഷം തനിക്ക് കരച്ചിൽ അടക്കാൻ ആയില്ലെന്നു മുൻ ടോട്ടൻഹാം ഹോട്‌സ്പർ പരിശീലകൻ മൗറീസിയോ പോച്ചറ്റീന്യോ. സ്‌പെഴ്സിനെ സ്വപ്നകുത്തിപ്പിലൂടെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച അർജന്റീനൻ പരിശീലകൻ മാഡ്രിഡിൽ നടന്ന ഫൈനലിൽ സലാഹിന്റെ പെനാൽട്ടി ഗോളിനും ഒറീഗിയുടെ ഗോളിനും പരാജയം വഴങ്ങുക ആയിരുന്നു. അയാക്സിനെ അവിശ്വസനീയമായ വിധം തിരിച്ചു വന്നു തോൽപ്പിച്ച സെമിഫൈനലിനു ശേഷം ആയിരുന്നു ലണ്ടൻ ടീമിന്റെ ഫൈനലിലെ പരാജയം. തുടർന്ന് കിരീടാനേട്ടങ്ങൾ ഇല്ലാതെ പുതിയ സീസണിനു പകുതിക്ക് വച്ച് പോച്ചറ്റീന്യോയുടെ പരിശീലന ജോലിയും നഷ്ടമായിരുന്നു.

ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അർജന്റീനൻ പരിശീലകൻ മനസ്സ് തുറന്നത്. ഫൈനലിൽ ആദ്യ നിമിഷങ്ങളിൽ ലിവർപൂൾ നേടിയ ഗോൾ ആണ് കളിയുടെ ഫലം നിർണയിച്ചത് എന്നു വ്യക്തമാക്കി പോച്ചറ്റീന്യോ. തനിക്ക് പകരം ടോട്ടൻഹാം പരിശീലകൻ ആയി ഹോസെ മൗറീന്യോ വന്നതിൽ തനിക്ക് സന്തോഷം മാത്രമാണ് ഉള്ളത് എന്നു പറഞ്ഞ പോച്ചറ്റീന്യോ മൗറീന്യോക്ക് മികച്ച ഒരു ടീമിനെ ആണ് താൻ അവശേഷിപ്പിച്ച് പോയത് എന്നും പറഞ്ഞു. കൂടാതെ ഒരിക്കൽ ടോട്ടൻഹാമിൽ മടങ്ങി പോവണം എന്ന ആഗ്രഹം പറഞ്ഞ അർജന്റീനൻ പരിശീലകൻ രണ്ടാം വരവിൽ തനിക്ക് സാധിക്കാതെ പോയ ടോട്ടൻഹാമിനു ആയി കിരീടങ്ങൾ നേടുക എന്ന സ്വപ്നം അവശേഷിക്കുന്നത് ആയും വ്യക്തമാക്കി.

സ്‌പെയിനിൽ വച്ച് തുടങ്ങിയ മൗറീന്യോയും ആയുള്ള സൗഹൃദവും അഭിമുഖത്തിൽ ഓർത്ത് എടുത്ത പോച്ചറ്റീന്യോ താൻ പലപ്പോഴും റയൽ മാഡ്രിഡിൽ മൗറീന്യോക്ക് പകരക്കാരൻ ആവും എന്നാണ് പ്രതീക്ഷിച്ചത് എന്നാൽ തനിക്ക് പകരക്കാരൻ ആയി ടോട്ടൻഹാമിൽ മൗറീന്യോ എത്തും എന്നു പ്രതീക്ഷിച്ചില്ല എന്നും വ്യക്തമാക്കി. മുൻ ആഴ്സണൽ പരിശീലകൻ ഉനയ് എമറെയും ആയുള്ള ബന്ധവും പോച്ചറ്റീന്യോ അഭിമുഖത്തിൽ ഓർത്ത് എടുത്തു. നിലവിൽ ടോട്ടൻഹാം വിട്ട ശേഷം വിശ്രമജീവിതത്തിൽ ആണ് പോച്ചറ്റീന്യോ ഇപ്പോൾ. ഉടൻ ഫുട്ബോളിലേക്ക് പോച്ചറ്റീന്യോയുടെ തിരിച്ചു വരവ് ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സൗദി പുതിയ ഉടമകൾ ന്യൂകാസ്റ്റിൽ യുണൈറ്റഡിൽ എത്തിയ ശേഷം പോച്ചറ്റീന്യോ ന്യൂകാസ്റ്റിൽ പരിശീലകൻ ആയേക്കും എന്ന വാർത്ത പലപ്പോഴും വന്നിരുന്നു.

Advertisement