ആറു മാസത്തോളം നീണ്ട കാൻസർ ചികിത്സക്ക് ശേഷം ഐവറി കോസ്റ്റ് താരം സെബാസ്റ്റ്യൻ ഹാളർ വീണ്ടും കളത്തിൽ ഇറങ്ങി. ലീഗ് പുനരാരംഭിക്കുന്നതിന് മുന്നേടിയായുള്ള ബേറുസിയ ഡോർട്മുണ്ടിന്റെ പരിശീലന മത്സരത്തിലാണ് താരം വലിയൊരു ഇടവേളക്ക് ശേഷം വീണ്ടും ബൂട്ടണിഞ്ഞത്. മത്സരത്തിൽ രണ്ടാം ഡിവിഷൻ ക്ലബ്ബ് ആയ ഫോർച്ചുന ഡുസെൽഡോഫിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഡോർട്മുണ്ട് തകർത്തു.
എഴുപതിമൂന്നാം മിനിറ്റിൽ പകരക്കാരനായാണ് സ്‌ട്രൈക്കർ കളത്തിൽ എത്തിയത്. ആറു മാസത്തിൽ ആദ്യമായി ഡോർട്മുണ്ട് ജേഴ്‌സി അണിയാൻ സാധിച്ചതിൽ താൻ സന്തോഷവാനാണെന്ന് മത്സര ശേഷം ഹാളർ പറഞ്ഞു. “പിച്ചിലേക്കുള്ള മടങ്ങി വരവ് അവിസ്മരണീയമാണ്. ഹർഷാരവത്തോടെയാണ് തന്നെ സ്വീകരിച്ചത്. സഹതാരങ്ങൾ ആയും എതിർ ടീമിലെ താരങ്ങളുമായും സംസാരിച്ചു. ഏറ്റവും അടുത്ത മത്സരത്തിൽ ടീമിന് വേണ്ടി കളിച്ചു തുടങ്ങണം എന്നാണ് തന്റെ ആഗ്രഹം. സീസണിൽ മുഴുവൻ ഫിറ്റ് ആയി ഇരിക്കാനും കഴിയാവുന്നത്ര മത്സരങ്ങൾ കളിക്കാനും തന്നെ ആണ് ഇനിയുള്ള ശ്രമം. അടുത്ത പരിശീലന മത്സരത്തിൽ കൂടുതൽ സമയം ലഭിക്കും എന്നാണ് പ്രതീക്ഷ” ഹാളർ പറഞ്ഞു.
സീസണിന്റെ തുടക്കത്തിൽ അയാക്‌സിൽ നിന്നും എത്തിയ ഉടനെയാണ് ഹാളറിന്റെ ടെസ്റ്റിക്കുലാർ കാൻസർ തിരിച്ചറിയുന്നത്. പിന്നീട് ശസ്ത്രക്രിയയും കീമോതെറാപ്പിക്കും താരം വിധേയനായി. ശേഷം ഡോർമുണ്ടിൽ പരിശീലനം പുനരാരംഭിച്ച താരം തിങ്കളാഴ്ചയാണ് മറ്റ് താരങ്ങൾക്കൊപ്പം പരിശീലന ക്യാമ്പിലേക്കും എത്തിയത്. ട്രീറ്റ്മെന്റിന് ഇടയിലും ഫിറ്റ്നസ് നിലനിർത്താനുള്ള ശ്രമങ്ങൾ താരം നടത്തിയിരുന്നു. ഹാളറിന്റെ മടങ്ങി വരവ് രോമാഞ്ചം നൽകുന്ന നിമിഷമായിരുന്നു എന്ന് മർക്കോസ് റ്യൂസ് പ്രതികരിച്ചിരുന്നു. മാനസികമായി ഒരുപാട് കരുത്തു നേടിയ താരം എത്രയും പെട്ടെന്ന് മത്സരങ്ങളിൽ പങ്കെടുക്കുന്നത് കാണാൻ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.