ഹൂനസ് യുഗം അവസാനിച്ചു, ബയേൺ മ്യൂണിക്കിന് പുതിയ പ്രസിഡന്റ്

- Advertisement -

ബവേറിയയിൽ ഉലി ഹൂനസ് യുഗത്തിന് അവസാനം. 49 വർഷത്തിന് ശേഷം ബയേൺ മ്യൂണിക്കിനോട് വിടവാങ്ങി ഉലി ഹൂനസ്. ബയേൺ പ്രസിഡന്റ് ഊലി ഹൂനസ് സ്ഥാനമൊഴിഞ്ഞു. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇല്ലെന്ന് മുൻപ് തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഹൂനസിന് പകരക്കാരനായി മുൻ അഡിഡാസ് മേധാവിയായ ഹെർബർട്ട് ഹെയ്നർ ചുമതലയേറ്റെടുത്തു. ബയേൺ ബോർഡും ഹെയ്നറിനെ തിരഞ്ഞെടുത്തിരുന്നു. ബയേണിനെ യൂറോപ്പിലെ വമ്പൻ ശക്തികളായി വളർത്തിക്കൊണ്ടുവന്നതിൽ ഹോനസിന്റെ പങ്ക് വലുതാണ്.

1970ലാണ് കളിക്കാരനായി ഹൂനസ് ബയേണിലെത്തുന്നത്‌. 9 വർഷത്തോളം ബയേണിന്റെ താരമായിരുന്ന ഹൂനസ് ലോകകപ്പ് ഉയർത്തിയ ജർമ്മൻ ടീമിലും അംഗമായിരുന്നു. ബയേണിന് വേണ്ടി 329 മത്സരങ്ങൾ കളിച്ച ഹൂനസ് 108 ഗോളുകൾ നേടിയിട്ടുണ്ട്. മൂന്ന് ബുണ്ടസ് ലീഗ കിരീടങ്ങളും ഒരു ജർമ്മൻ കപ്പും തുടർച്ചയായ മൂന്ന് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പും ബയേണിനൊപ്പം ഉലി ഹൂനസ് നേടിയിട്ടുണ്ട്. പരിക്ക് കാരണം 1979 ൽ 27ആം വയസിൽ കരിയർ അവസാനിപ്പിച്ച ഹൂനസ് ബുണ്ടസ് ലീഗയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ മാനേജറായി ബയേണിലെത്തി.

കടത്തിലായിരുന്ന മ്യൂണിക്ക് ക്ലബ്ബിനെ യൂറോപ്യൻ എലൈറ്റായി വളർത്തിക്കൊണ്ട് വന്നത് ഹൂനസിന്റെ പരിശ്രമ ഫലമാണ്. പിന്നീട് ബെക്കൻബോവറിന് ശേഷം ബയേണിന്റെ പ്രസിഡന്റായും ഹൂനസ് ചുമതലയേറ്റു. ബയേണിന്റെ സ്വന്തം അലയൻസ് അറീനയെന്ന ലോകോത്തര സ്റ്റേഡിയത്തിന് പിന്നിലെയും ചാലക ശക്തി ഉലി ഹൂനസാണ്.

Advertisement