“ഹാളണ്ട് അടുത്ത വർഷവും ഡോർട്മുണ്ടിന് വേണ്ടി കളിക്കും”

ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർ താരം ഏർലിങ് ഹാളണ്ട് അടുത്ത വർഷവും ക്ലബിന് വേണ്ടി തന്നെ കളിക്കുമെന്ന് വ്യക്തമാക്കി ഡോർട്മുണ്ട്. ഹാളണ്ട് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടില്ലെന്നും ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ് ഡയറക്ടർ മൈക്കിൾ സോർക് വ്യക്തമാക്കി. അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത ബൊറൂസിയ ഡോർട്മുണ്ട് ഉറപ്പിച്ചതിന് പിന്നാലെയാണ് താരം ടീമിനൊപ്പം അടുത്ത സീസണിലും ഉണ്ടാവുമെന്ന് ബൊറൂസിയ ഡോർട്മുണ്ട് വ്യക്തമാക്കിയത്.

സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഹാളണ്ടിനെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ രംഗത്തെത്തിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി, ബാഴ്‌സലോണ, റയൽ മാഡ്രിഡ്, ചെൽസി എന്നീ ടീമുകളാണ് താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നത്. ഈ സീസണിൽ കളിച്ച 40 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും 12 അസിസ്റ്റുകളും നേടി ഹാളണ്ട് മികച്ച ഫോമിലാണ്.