ഇരട്ട ഗോളുകളുമായി കിങ്സ്ലി കോമൻ, ബയേൺ വീണ്ടും ബുണ്ടസ് ലീഗയുടെ തലപ്പത്ത്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. ജർമ്മനിയിലെ കിരീടപ്പോരാട്ടം കനക്കുന്നു. ഫോർച്യൂണയെയാണ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഇന്ന് ബയേൺമ്യൂണിക്ക് പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ കിങ്സ്ലി കോമൻ നേടിയപ്പോൾ സെർജി ഗ്നാബ്രിയും ഗോരേസ്കയും ഓരോ ഗോൾ വീതം നേടി. ലുക്ക്ബക്കിയോ ആണ് ഫോർച്യൂണയുടെ ആശ്വാസ ഗോൾ നേടിയത്.

ഇന്നത്തെ ജയം ബുണ്ടസ് ലീഗയിൽ പോയന്റ് നിലയിൽ ബയേണിനെ മുന്നിലെത്തിച്ചു. ഇന്നലെ ജേഡൻ സാഞ്ചോയുടെ ഇരട്ട ഗോളിലാണ് മെയിൻസിനെ ബൊറൂസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ഇന്നലെ രണ്ടു പോയന്റ് ലീഡ് നേടിയ ഡോർട്ട്മുണ്ടിനെ മറികടക്കാൻ ഇന്നത്തെ ജയത്തോടെ ബയേണിന് സാധിച്ചു. ജർമ്മനിയിൽ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.