സണ്‍റൈസേഴ്സിനെ തകര്‍ത്തത് കീമോ പോളിന്റെ സ്പെല്‍, ഒപ്പം ചേര്‍ന്ന് റബാഡയും ക്രിസ് മോറിസും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓപ്പണിംഗ് വിക്കറ്റില്‍ 72 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ-ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് പുറത്തായ ശേഷം വീണ്ടും തകരുന്ന പതിവ് കാഴ്ചയുമായി സണ്‍റൈസേഴ്സിന്റെ മധ്യനിര. 9.4 ഓവറില്‍ 72/0 എന്ന ശക്തമായ നിലയില്‍ നിന്ന് 44 റണ്‍സ് കൂടി നേടി 18.5 ഓവറില്‍ 116 റണ്‍സിനു സണ്‍റൈസേഴ്സ് ഓള്‍ഔട്ട് ആയപ്പോള്‍ 39 റണ്‍സിന്റെ ജയമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഡല്‍ഹി ഉയര്‍ന്നു. കീമോ പോള്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ കാഗിസോ റബാഡയും ക്രിസ് മോറിസും ചേര്‍ന്ന് നേടുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 9.5 ഓവറില്‍ നിന്ന് 72 റണ്‍സ് നേടിയ ശേഷം ജോണി ബൈര്‍സ്റ്റോയെ(41) കീമോ പോള്‍ പുറത്താക്കുകയായിരുന്നു. കെയിന്‍ വില്യംസണെ(3) വേഗത്തില്‍ നഷ്ടമായ ശേഷം റിക്കി ഭുയിയുമായി(7) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 23 റണ്‍സ് ചേര്‍ത്തുവെങ്കിലും ഭുയിയെ നഷ്ടമായപ്പോള്‍ സണ്‍റൈസേഴ്സ് 15.2 ഓവറില്‍ 101/3 എന്ന നിലയിലായിരുന്നു. അനായാസം ജയിക്കുമെന്ന നിലയില്‍ നിന്ന് പൊടുന്നനെ നാലോവറില്‍ ജയിക്കുവാന്‍ 52 റണ്‍സെന്ന നിലയിലായി. കീമോ പോള്‍ തന്റെ നാലോവില്‍ 17 റണ്‍സിനാണ് മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയത്.

സണ്‍റൈസേഴ്സിന്റെ പ്രതീക്ഷയായ ഡേവിഡ് വാര്‍ണറെ അടുത്ത ഓവറില്‍ കാഗിസോ റബാഡ പുറത്താക്കിയതോടെ മറ്റൊരു തകര്‍ച്ച കൂടി ഹൈദ്രാബാദിലെ സ്റ്റേഡിയത്തിലെത്തിയ സണ്‍ൈസേഴ്സ് ആരാധകര്‍ സാക്ഷ്യം വഹിച്ചു. 51 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ഓവറിലെ അടുത്ത പന്തില്‍ ശങ്കറിനെയും റബാഡ പുറത്താക്കിയതോടെ സണ്‍റൈസേഴ്സിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

അടുത്ത ഓവറില്‍ ദീപക് ഹൂഡയെയും റഷീദ് ഖാനെയും പുറത്താക്കി ക്രിസ് മോറിസ് അഭിഷേക് ശര്‍മ്മയെ പുറത്താക്കി ഓവറിലെ മൂന്നാം വിക്കറ്റ് നേടി. റബാഡ തന്റെ അവസാന ഓവറില്‍ ശേഷിക്കുന്ന സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്മാരെക്കുടി പുറത്താക്കിയപ്പോള്‍ ഡല്‍ഹി 39 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

കാഗിസോ റബാഡ 3.5 ഓവറില്‍ 22 റണ്‍സിനു 4 വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് മോറിസ് 3 ഓവറില്‍ 22 റണ്‍സിനു 3 വിക്കറ്റ് വീഴ്ത്തി. അതേ സമയം ടോപ് ഓര്‍ഡറിലെ മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തിയ കീമോ പോള്‍ തന്റെ മൂന്നോവറില്‍ 17 റണ്‍സ് മാത്രമാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടിയില്ലെങ്കിലും അമിത് മിശ്രയും ഇഷാന്ത് ശര്‍മ്മയും മികച്ച ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ഇഷാന്ത് 3 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയപ്പോള്‍ അമിത് മിശ്ര തന്റെ മൂന്നോവറില്‍ 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്.