ഒരു വർഷത്തെ ഇടവേള കഴിഞ്ഞെത്തിയ ഡാർബിയിൽ ഷാൽക്കയെ വീഴ്ത്തി ഡോർട്ട്മുണ്ട്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഒരു വർഷത്തെ ഇടവേള കഴിഞ്ഞെത്തിയ റൈവിയർ ഡാർബിയിൽ എതിരില്ലാത്ത ഒരു ഗോളിന് ഷാൽക്കയെ വീഴ്ത്തി ബൊറൂസിയ ഡോർട്ട്മുണ്ട്. കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗിൽ നിന്നു ഷാൽക്ക തരം താഴ്ത്തപ്പെട്ടതോടെയാണ് ഒരു വർഷത്തെ ഇടവേള ഡാർബിയിൽ ഉണ്ടായത്. ഡോർട്ട്മുണ്ട് ആധിപത്യം കണ്ട മത്സരത്തിൽ ഒരു ഷോട്ട് പോലും ഷാൽക്ക ലക്ഷ്യത്തിലേക്ക് ഉതിർത്തില്ല. കളി തുടങ്ങി അരമണിക്കൂർ ആയപ്പോൾ തന്നെ ക്യാപ്റ്റൻ മാർകോ റൂയിസിനെ പരിക്കേറ്റു നഷ്ടമായത് ഡോർട്ട്മുണ്ടിന് വലിയ തിരിച്ചടിയായി.

രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ യൂസഫ മൗകോക 79 മത്തെ മിനിറ്റിൽ ഡോർട്ട്മുണ്ടിന് ജയം സമ്മാനിക്കുക ആയിരുന്നു. മാരിയസ് വോൾഫിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ആണ് 17 കാരനായ മൗകോക ഗോൾ നേടിയത്. റൈവർ ഡാർബിയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും മൗകോക ഇതോടെ മാറി. രണ്ടു വർഷം മുമ്പ് തനിക്ക് നേരെ വംശീയ അധിക്ഷേപങ്ങൾ ചൊരിഞ്ഞ ഷാൽക്ക ആരാധകരോട് താരത്തിന്റെ പ്രതികാരം കൂടിയായി ഇത്. ജയത്തോടെ നിലവിൽ ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ട് ആണ് ഒന്നാമത്. ഷാൽക്ക ആവട്ടെ പതിനാലാം സ്ഥാനത്ത് ആണ്.