ബുണ്ടസ് ലീഗയിൽ ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ജൂലിയൻ നൈഗൽസ്മാന്റെ ഹോഫൻഹെയിമിനെ നേരിടും. മൂന്നാം മാച്ച് ഡേയിൽ ബയേണിന് സീസണിലെ ആദ്യ പരാജയം സമ്മാനിച്ചത് നൈഗൽസ്മാന്റെ തന്ത്രങ്ങളും ഹോഫൻഹെയിമിന്റെ തകർപ്പൻ പ്രകടനവുമാണ്. അന്ന് ഹോഫൻഹെയിമിനോട് പരാജയപ്പെട്ട ആൻസലോട്ടിയുടെ ബയേൺ ആറാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയിരുന്നു. എന്നാൽ ഇരുപതാം മാച്ച് ഡേയിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. നിലവിൽ 47 പോയിന്റുമായി ബയേൺ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 27 പോയിന്റുമായി ഹോഫൻഹെയിം ഒൻപതാം സ്ഥാനത്താണ്. യപ്പ് ഹൈങ്കിസ് തിരിച്ചു വന്നതിനു ശേഷം ശക്തമായി നിലകൊള്ളുന്ന ബയേൺ ബുണ്ടസ് ലീഗ കിരീടത്തിനോടടുത്ത് കൊണ്ടിരിക്കുകയാണ്.
അപാര ഫോമിലുള്ള ബയേൺ മ്യൂണിക്കിനെ തളയ്ക്കുക എന്നത് ഹോഫൻഹെയിമിനെ സംബന്ധിച്ചടുത്തോളം ശ്രമകരമാണ്. മുള്ളറും ലെവൻഡോസ്‌കിയും റോഡ്രിഗസും തകർപ്പൻ ഫോമിലാണ്. കോമനും റിബറിയും റോബനും ബയേണിന്റെ അക്രമണനിരയുടെ കുന്തമുനകളായി തുടരുന്നു. നിക്‌ളാസ് സുലെയും സെബാസ്റ്റിയൻ റൂഡിയും ഹോഫൻഹെയിമിനെ വിട്ട് ബയേണിലേക്ക് പോയതിൽ പിന്നെ ഹോഫൻഹെയിമിന് കഴിഞ്ഞ സീസണിലെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. അവർക്ക് പിന്നാലെ സാൻഡ്രോ വാഗ്നറും ബയേണിലേക്ക് എത്തി. റൈറ്റ് ബാക്ക് ജെറെമി ടോലിജൻ ഡോർട്ട്മുണ്ടിലേക്കും കൂടുമാറി. യൂറോപ്പ്യൻ ചാംപ്യൻഷിപ്പുകളിൽ പകച്ചു നിന്ന ഇനിയൊരു തിരിച്ചു വരവ് സാധ്യമാകുമോ എന്ന് കാത്തിരുന്നു കാണാം. ഈ സീസൺ അവസാനത്തോടെ ക്ലബ്ബിനോട് വിടപറയുന്ന യപ്പ് ഹൈങ്കിസിനു റീപ്ലെയിസ്മെന്റായി ജൂലിയൻ നൈഗൽസ്‌മാനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിലെ തിരിച്ചടി അദ്ദേഹത്തിന് വിനയായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial